ADVERTISEMENT

ഇന്നസന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള ഇന്നസന്റ് എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ....

 

ആരോമലിന്റെ അക്ഷര ഗുരു

aromal-innocent

 

innocent-aromal-4

എന്റെ മൂത്ത മകൻ ചന്തുവിനെ എഴുത്തിനിരുത്തിയതു മഹാരാജാസ് കോളജ് പ്രിൻസിപ്പലായിരുന്ന ഭരതൻ മാഷായിരുന്നു. 4 എം എയും നിയമബിരുദവുമുള്ള മാഷിനേ ക്കാൾ അനുയോജ്യനായ മറ്റൊരാൾ ഹരിശ്രീ കുറിക്കാൻ ഞങ്ങൾ പറവൂരുകാർക്കില്ലായിരുന്നു. രണ്ടാമത്തെ മകൻ ആരോമലിനെ എഴുത്തിനിരുത്താനുള്ള സമയം വന്നപ്പോൾ ഞാൻ ഇന്നസന്റ് ചേട്ടനെ വിളിച്ചു വിദ്യാരംഭത്തിന് ഞാനും സുനിതയും കൊച്ചുമായി വരുമെന്ന് അറിയിച്ചു ചേട്ടന് ആ വിളിയൊരു വേവലാതിയായി.

 

'നീ എന്ത് പരിപാടിയാണ് കാണിക്കുന്നത് എട്ടാം ക്ലാസ് വരെ പഠിച്ച ഞാനാണോ ഹരിശ്രീ കുറിക്കേണ്ടത് എന്നായി ചേട്ടൻ. ഞാൻ വിട്ടില്ല. വിദ്യാരംഭത്തിന്റെ തലേന്ന് ഇന്നസന്റ് ചേട്ടൻ വീണ്ടും വിളിച്ചു. “എടാ ഞാൻ ഹരിശ്രീ എഴുതി പഠിക്കുകയാണ്. അവനെ എഴുതിക്കുമ്പോൾ അക്ഷരമെങ്കിലും തെറ്റരുതല്ലോ എന്നും പറഞ്ഞു. ഞങ്ങൾ കൃത്യമായി വീട്ടിലെത്തി ആരോമലിനെ ഹരിശ്രീ എഴുതിച്ചു. ആ ചിത്രങ്ങൾ ഞങ്ങൾ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. അവിടെക്കഴിഞ്ഞില്ല കാര്യങ്ങൾ ആരോമലിന്റെ പഠിത്തകാര്യങ്ങൾ ഇന്ന് ചേട്ടൻ ജാഗ്രതയോടെ തിരക്കും. താൻ എഴുത്തിനിരുത്തിയെന്നതു കൊണ്ട് ആരോമൽ പഠിക്കാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക

 

എത്ര തിരക്കുണ്ടെങ്കിലും എന്നെ ഒരാഴ്ച രണ്ടു തവണ ചേട്ടൻ വിളിക്കുമായിരുന്നു. എന്റെ ഫോണ്‍ അദ്ദേഹം ഒരിക്കലും എടുക്കാതിരുന്നിട്ടുമില്ല. കുറച്ച് ചെമ്മീനും കരിമീനുമായി നമുക്ക് ശ്രീനിച്ചേട്ടനെയും ഇന്നസന്റ് ചേട്ടനെയും കാണാൻ പോകണമെന്ന് അടുത്തിടെ സുനിതയോട് പറഞ്ഞു. ഞങ്ങൾ വരുമെന്നു പറയാൻ ഇന്നസന്റ് ചേട്ടനെ വിളിച്ചെങ്കിലും കിട്ടിയില്ല. ജീവിതത്തിൽ ആദരവോടെയും അത്ഭുതത്തോടെയും അടുത്തറിഞ്ഞ ഇന്നസന്റ് ചേട്ടന് പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com