ADVERTISEMENT

സ്വാഭാവികമായ അഭിനയംകൊണ്ട് ശങ്കരാടിച്ചേട്ടനും പെരുമാറ്റരീതിയിലുള്ള അഭിനയംകൊണ്ട് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടനും കിറുകൃത്യമായ നാടകീയത ലയിപ്പിച്ച അഭിനയംകൊണ്ട് പി.ജെ.ആന്റണിച്ചേട്ടനും മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞു പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ, ആദരം പിടിച്ചുവാങ്ങിയ പ്രഗല്ഭരായ ചില നടന്മാർ ഉദയം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു, ഗോപി, തിലകൻ എന്നിവർ.

 

മമ്മൂട്ടിയെയും മോഹൻലാലിനെയും ഒഴിവാക്കി പലപ്പോഴായി പലരും എന്നോടു ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്: ഗോപി, വേണു, തിലകൻ എന്നിവരിൽ ആരാണ് മികച്ച നടൻ? ഒരുപാടു വിശകലനവും പഠനങ്ങളും ആവശ്യമുള്ള വിഷയമായതുകൊണ്ട് ആ ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമായിരുന്നു.

 

പ്രശസ്ത കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് അടുത്തകാലത്ത് ഫോണിൽ എന്നെ വിളിച്ചപ്പോൾ സന്ദർഭവശാൽ സംഭാഷണം ഈ മൂന്നുപേരിലേക്കും വന്നു. ഓരോരുത്തരുടെയും മികവ് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു ഞാനറിയാതെ ഒരു നാമം എന്റെ നാവിൽനിന്നു പുറത്തേക്കു വീണു: ഇന്നസന്റ്. ഒട്ടും അറയ്ക്കാതെ, അറുത്തുമുറിച്ച് ഞാനങ്ങു പറഞ്ഞുപോയി, വേണുവിന്റെയും ഗോപിയുടെയും തിലകന്റെയും ഒപ്പം നിർത്തേണ്ട, ചില നേരങ്ങളിൽ അവർക്കു തൊട്ടുമുകളിൽ എവിടെയെങ്കിലും നിർ‍ത്തേണ്ട ഒരു അപാരനടനാണ് ഇന്നസന്റെന്ന്.

 

അനിയത്തിപ്രാവും മണിച്ചിത്രത്താഴും ഗോഡ്ഫാദറും കാബൂളിവാലയും ദേവാസുരവുമൊക്കെ പറഞ്ഞു ഞാനങ്ങു വാചാലനായി. അപ്പോൾ, ഹൃദയത്തിൽ തട്ടുന്ന ഭാഷകൊണ്ട് ചുള്ളിക്കാട് എന്നെക്കാൾ വാചാലനായി. വികാരവായ്പോടെ അദ്ദേഹം പറഞ്ഞു: ‘‘ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രം കണ്ടുനോക്ക്. ഇന്നസന്റിനെ ഏതു ലെവലിലാണ് നിർത്തേണ്ടതെന്നു നമുക്കു നല്ല ബോധ്യം വരും’’.

 

വേണുവും തിലകനും ഗോപിയുമൊക്കെ നാടകവേദിയിലെ അനുഭവസമ്പത്തുമായി വന്നവരാണ്. തീപ്പെട്ടിക്കമ്പനികൾ പോലുള്ള കമ്പനികളിൽ തുടങ്ങി, സിനിമ നിർമാണരംഗത്തു വരെയെത്തിയ അനുഭവസമ്പത്ത് മാത്രമാണ് ഇന്നസന്റിനുണ്ടായിരുന്നത്. എന്നിട്ടും എന്തൊക്കെ വൈവിധ്യങ്ങളാണ് അഭിനേതാവെന്ന നിലയിൽ അദ്ദേഹം സിനിമയിൽ കാട്ടിക്കൂട്ടിയത്!

 

ക്ലാസിക്കായി മാറിയ ഷെയ്ക്സ്പീരിയൻ നാടകങ്ങളിലെ ചില അഭിനേതാക്കൾ നാടകം തീർന്നു കർട്ടൻ വീണാലും പിന്നെയും രണ്ടുമൂന്നു ദിവസം എടുക്കുമായിരുന്നു ആ കഥാപാത്രത്തിൽനിന്നു മോചിതരാകാനെന്നു കോളജി‍ൽ പഠിക്കുമ്പോൾ അധ്യാപകർ പറഞ്ഞുകേട്ടിട്ടുണ്ട്.

 

അനിയത്തിപ്രാവിലെ അരയൻ ചെല്ലപ്പൻ എന്ന കഥാപാത്രം. അഭയം തേടിയെത്തിയ കമിതാക്കൾ വേർപിരിയാൻ തീരുമാനിക്കുന്നു. അവരെ കണക്കറ്റു ശകാരിച്ച ശേഷം, നിങ്ങളുടെ തീരുമാനം അസ്സലായി കുട്ടികളേ എന്നു പറയുന്ന രംഗമുണ്ട്. അതു ഷൂട്ട് ചെയ്ത് ഉച്ചകഴിഞ്ഞപ്പോൾ ഇന്നസന്റിന്റെ വർക്ക് കഴിഞ്ഞു. ഇന്നിനി വർക്കില്ല, വീട്ടിൽ പൊയ്ക്കോളൂ എന്നുപറഞ്ഞ് ഞാൻ മറ്റുള്ളവരുടെ ഷോട്ട് എടുക്കാൻ തുടങ്ങി.

 

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ കണ്ടു, അരയൻ ചെല്ലപ്പന്റെ നീല ഷർട്ടിട്ട്, മേക്കപ്പ് അഴിക്കാതെ ഇന്നസന്റ് അവിടെയൊക്കെ കറങ്ങി നടക്കുന്നു. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇന്നസന്റ് അതേ ചുറ്റിക്കറങ്ങൽ. ഞാൻ വിളിച്ചു കാര്യം തിരക്കി. ഇന്നസന്റ് പറഞ്ഞു, ആ അരയൻ ചെല്ലപ്പൻ എന്നെ വിട്ടുപോകുന്നില്ല. അയാളുടെ വേഷവും എന്നെ വിട്ടുപോകുന്നില്ല. ആകാശത്തേക്കു നോക്കി ഞാൻ കണ്ണടച്ചു. മനസ്സ് ഉരുവിട്ടുകൊണ്ടേയിരുന്നു, ഇതാണ് നടൻ, ഇതാണ് നടൻ.

 

അപ്പച്ചനെയും ഔസേപ്പച്ചനെയും കൂട്ടി ഞാൻ നിർമിച്ച റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമായിരുന്നു ഇന്നസന്റിന്റെ കരിയറിലെ ബ്രേക്ക്. അതിനു മുൻപും ഇന്നസന്റിനെക്കുറിച്ച് അറിഞ്ഞിരുന്നു. ഡബ്ബിങ് തിയറ്ററിൽ അദ്ദേഹം ഒരുപാട് സമയമെടുത്ത് മനുഷ്യരെ മിനക്കെടുത്തുമെന്ന കുറ്റംപറച്ചിലും കേട്ടിരുന്നു. സംഭാഷണം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊടുക്കുന്ന രീതി (പ്രോംപ്റ്റിങ്) എന്റെ സെറ്റുകളിൽ ഇല്ലായിരുന്നു. എന്റെ ശിഷ്യരായതുകൊണ്ട് സിദ്ദീഖും ലാലും റാംജിറാവുവിലും പ്രോംപ്റ്റിങ് അനുവദിച്ചില്ല. ഡയലോഗ് കാണാതെ പഠിച്ചുപറയാൻ ഇന്നസന്റ് നിർബന്ധിതനായി. പക്ഷേ, ഡബ്ബിങ്ങിനെത്തിയപ്പോൾ വളരെ വേഗത്തിൽ ചെയ്യാൻ തുടങ്ങി. അപ്പോഴാണ് കാര്യങ്ങൾ അദ്ദേഹത്തിനു പിടികിട്ടിയത്. അതുവരെ, പ്രോംപ്റ്റ് ചെയ്യുന്നയാളിന്റെ താളത്തിലാണ് ഇന്നസന്റ് സംഭാഷണം പറഞ്ഞുകൊണ്ടിരുന്നത്. റാംജിറാവുവിൽ സ്വന്തം താളത്തിൽ ഡയലോഗ് പറഞ്ഞതുകൊണ്ട് ഡബ്ബിങ് എളുപ്പമായി. ആ സിനിമയിലൂടെ ഇന്നസന്റ് അഭിനയത്തിന്റെ താളം കണ്ടെത്തിയെന്നു ചുരുക്കം. പിന്നെ ഉയർച്ചയല്ലാതെ താഴ്ച ഉണ്ടായിട്ടേയില്ല.

 

ഗോപിയെയും വേണുവിനെയും തിലകനെയും പോലുള്ള നാടകപരിചയം എനിക്കുമുണ്ട്. സിനിമകൾ കണ്ട പരിചയവും എടുത്ത പരിചയവുമുണ്ട്. അതുകൊണ്ട് എളിമയോടെ, ഞാൻ ഉറപ്പിച്ചു പറയുന്നു: മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ഇന്നസന്റിനെയും ചേർത്തേ പറ്റൂ.

 

റാംജിറാവ് സ്പീക്കിങ് എനിക്കു നൽകിയ ഏറ്റവും വലിയ സമ്പത്താണ് ഇന്നസന്റ് എന്ന സുഹൃത്ത്. ആ സുഹൃദ്ബന്ധം കോരിത്തരിപ്പോടെ എന്നിൽ എന്നും ഉണ്ടാവും. അവസാനമായി കാണാൻ പോകുമ്പോൾ മനസ്സിൽ വല്ലാത്ത ഭയമുണ്ടായിരുന്നു. നീണ്ടകാലത്തെ രോഗം ആ ആകാരത്തെ മാറ്റിയിരിക്കുമോ എന്ന്. കണ്ടപ്പോൾ ആശ്വാസം തോന്നി. വളരെ വളരെ ശാന്തമായി ഉറങ്ങുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്ത്, ജീവിതത്തെ ആസ്വദിച്ച്, ആനന്ദിച്ച ആ നല്ല മനുഷ്യനു കുറച്ചുകാലം ആശുപത്രിയിൽ കിടക്കേണ്ട വിധിയുണ്ടായല്ലോ എന്ന ദുഃഖം മാത്രം എന്റെ ഉള്ളിലിട്ടിട്ട് പ്രിയപ്പെട്ട ഇന്നച്ചൻ യാത്രയായി... വിട!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com