ADVERTISEMENT

മലയാളികളുടെ പ്രിയനടൻ ഇന്നസന്റിന് ആദരാഞ്ജലി അർപ്പിച്ച് കാവ്യ മാധവൻ. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ നഷ്ടം കാവ്യയുടെ മുഖത്തും പ്രകടമായിരുന്നു. സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യ മാധവനെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു.

 

ഞായറാഴ്ച രാത്രി പത്തരയോടെ വിടവാങ്ങിയ ഇന്നസെന്റിന്റെ ഭൗതീക ശരീരം ലേക്ഷോർ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.55ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ച് പൊതുദർശനത്തിനു വച്ചിരുന്നു.  വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തെക്കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.  ലേക്ഷോർ ആശുപത്രിയിലും പിന്നീട് സ്റ്റേഡിയത്തിലും പ്രിയപ്പെട്ട സഹപ്രവർത്തകനോടൊപ്പം ദുഃഖം ഘനീഭവിച്ച മുഖത്തോടെ മമ്മൂട്ടി ഒപ്പമുണ്ടായിരുന്നു. താരങ്ങളായ ദിലീപ്, സിദ്ദീഖ്, ഇടവേള ബാബു മധുപാൽ, സായികുമാർ, മുകേഷ്, ദുൽഖർ സൽമാൻ, നവ്യ നായർ, ബീന ആന്റണി തുടങ്ങി നിരവധിപേരാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിനെ അവസാനയാത്ര അയയ്ക്കാനെത്തിയത്. സുരേഷ്‌കുമാർ, മേനക സുരേഷ്, ബാദുഷ, ജോഷി, തുടങ്ങി സിനിമാരംഗത്തെ ഒട്ടുമിക്ക സഹപ്രവർത്തകരും എത്തിയിരുന്നു.  

 

പതിനൊന്നരയോടെ പിറന്നമണ്ണിലേക്ക് പുറപ്പെട്ട വിലാപയാത്ര ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലുമെല്ലാം തടിച്ചുകൂടിയ ആരാധകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രണ്ടരയോടെയാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ എത്തിയത്.  പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി മൃതദേഹം ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ വീട്ടിലെത്തിച്ചപ്പോഴേക്കും സമയം ആറ് കഴിഞ്ഞിരുന്നു. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പുണർന്ന് ഇന്നച്ചന്റെ പ്രിയപ്പെട്ട ആലീസ് തളർന്നുവീണു.  മകൻ സോണറ്റ്, മരുമകൾ രശ്മി, പേരക്കുട്ടികളായ അന്ന, ജൂനിയർ ഇന്നസന്റ് എന്നിവരുടെ ദുഃഖം ആരാലും ശമിപ്പിക്കാനായില്ല.  

 

ഒരു ജനതയെ മുഴുവൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അമരനായ പാർപ്പിടത്തിലെ ഗൃഹനാഥൻ അവസാനയാത്രയ്ക്ക് തയാറെടുത്ത് പ്രൗഢിയോടെ വീട്ടുമുറ്റത്ത് കിടക്കുകയാണ്. പത്തുമണിയോടെ ഇന്നസന്റിന്റെ ഭൗതിക ശരീരം 'പാർപ്പിടം'  വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് നാടിന്റെ പ്രിയതാരത്തിന് കേരളസമൂഹം അവസാന യാത്രയയപ്പ് നടത്തുക.  മണ്ണിലെ ആരാധകരെ മതിയാവോളം ചിരിപ്പിച്ച 'നിഷ്കളങ്കൻ' ഒടുവിൽ വിണ്ണിലെ താരങ്ങളെ ചിരിപ്പിക്കാൻ യാത്രയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com