ADVERTISEMENT

ചില ചലച്ചിത്ര പ്രതിഭകളുടെ ചരിത്രം അങ്ങിനെയാണ്. ചിലത് പിന്നീട് എഴുതപ്പെടും. ചിലത് അസ്തമയം പോലെ പതുക്കെ പതുക്കെ ആരുമറിയാതെ അനന്തവിഹായസ്സിൽ പാറിപ്പറന്നങ്ങനെ നടക്കും. ഇങ്ങനെ ഒരാമുഖവാക്കുക്കൾ പറയാൻ എനിക്ക് പ്രചോദനമായാത് ഇന്ന് നമ്മുടെയെല്ലാം പ്രിയപ്പെട്ട നടനായ സായികുമാറിന്റെ അറുപതാം പിറന്നാളാണെന്നറിഞ്ഞപ്പോഴാണ്.  ആദ്യകാലം മുതലേ നമ്മുടെ അതുല്യനടന്മാരായ സത്യനും കൊട്ടാരക്കര ശ്രീധരൻ നായര്‍ക്കും അവരുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായി നാഷ്നൽ ലെവലിലുള്ള അവാർഡുകളോ പുരസ്കാരങ്ങളോ ഒന്നും കിട്ടിയിട്ടില്ലെന്നുള്ള അഭിപ്രായമാണ് ഭൂരിഭാഗം സിനിമാപ്രേമികൾക്കുമുള്ളത്. 

 

മലയാളത്തിലെ അതുല്യനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അച്ഛന്റെ മകനും നടനുമായ സായികുമാറിന് ഈ അറുപതാം പിറന്നാൾ ദിനത്തിൽ എന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുകയാണ്.  മലയാള സിനിമയിൽ വളരെയധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞ സായികുമാറിനെ തേടി ഒരു നാഷ്നൽ അവാർഡോ മികച്ച നടനുള്ള സംസ്ഥാന അവാർഡോ ഒന്നും എത്തിയിട്ടില്ലെന്ന് കേട്ടപ്പോൾ അര്ഹതയില്ലാത്തവരുടെ അരങ്ങു വാഴ്ചയിലാണ് നമ്മുടെ സർക്കാരും ബുദ്ധിജീവികളുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

 

‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രത്തിലൂടെ ബാലനടനായെത്തി തന്റെ അനിതരസാധാരണമായ അഭിനയശൈലിയിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞ അപൂർവം നടന്മാരിൽ പ്രഥമഗണനീയനാണ് സായികുമാർ. ഈ കാലയളവിനിടയിൽ സായി കുമാർ കയ്യാളിയ ഒത്തിരി ഒത്തിരി കഥാപാത്രങ്ങളുണ്ട് എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങൾ.  നായകൻ, വില്ലൻ, ഗുണ്ട തുടങ്ങി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ അച്ഛൻ  കഥാപാത്രങ്ങൾ വരെ ചെയ്തിട്ടുള്ള മലയാളത്തിലെ ഒരേ ഒരു ഓൾറൗണ്ടർ ആർടിസ്റ്റാണ് സായികുമാർ.

saikumar-2

 

ആദ്യകാലത്ത് ഇത് ഒരു ജീവിതം, പുറപ്പാട് തുടങ്ങിയ ചിത്രങ്ങളിലൊക്കെ സായിയെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും സിദ്ദീഖ്–ലാലിന്റെ റാംജിറാവുവിലൂടെയാണ് സായികുമാറിനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.  കൊള്ളാം, പുതിയ ഒരു ഭാവ പ്രകാശമുള്ള നടൻ.  മലയാള സിനിമയുടെ വാഗ്ദാനമായിരിക്കും ഈ പുതുമുഖ യുവത്വം. റാംജി റാവുവിനു ശേഷം ഞാൻ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സൺഡെ സെവൻ പി. എം.’ എന്ന സിനിമയിലാണ് സായികുമാർ ആദ്യമായി നായകനായി അഭിനയിക്കുന്നത്.  ഇതിൽ സിൽക്ക് സ്മിതയായിരുന്നു സായിയുടെ നായികയായി അഭിനയിക്കുന്നത്. നായകന് അത്ര പ്രാധാന്യമുള്ള വേഷമല്ലായിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു സ്ത്രീപക്ഷ സിനിമയായിരുന്നത്.  അതുകൊണ്ടായിരിക്കാം സായികുമാറിനെ നായകത്വം അത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. മാത്രമല്ല  ചിത്രം വലിയ വിജയം നേടിയതുമില്ല. 

 

തൊടുപുഴയിൽ വച്ചായിരുന്നു സൺഡേ സെവൻ പി.എമ്മിന്റെ ഷൂട്ടിങ്. അവിടെ വച്ചാണ് ഞാൻ സായികുമാറിനെ ആദ്യമായി കാണുന്നത്. സിൽക്ക് സ്മിതയുമായുള്ള ഒരു സീൻ എടുക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. തെന്നിന്ത്യയിലാകെ അന്ന് സിൽക്ക് സ്മിത തരംഗം അലയടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഷൂട്ടിങ് കാണാൻ സ്മിതയുടെ ആരാധകർ  തലക്കിടിച്ചു നിൽക്കുകയാണ്. തമിഴ്നാട്ടിൽ സ്മിത കടിച്ച ആപ്പിൾ ഒരാരാധകൻ വലിയ വില കൊടുത്തു വാങ്ങിയതറിഞ്ഞ് അവിടെ കൂടിയിരിക്കുന്ന പലരും ഓരോന്ന് വിളിച്ചു പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ ചെല്ലുന്നത്. ചില കോളജ് സ്റ്റുഡന്റ്സ് കൈയിൽ ഓരോ ആപ്പിളും പിടിച്ചു കൊണ്ട് സ്മിത ചേച്ചി ഈ ആപ്പിൾ ഒന്നു കടിച്ചിട്ടു തരാമോ? എന്നു വിളിച്ചു ചോദിക്കുകയും ആർപ്പു വിളിയും കയ്യടിയുമൊക്കെയായി നിൽക്കുകയാണ്.  ആകെ ഒരു പള്ളിപ്പെരുന്നാളിന്റെ അന്തരീക്ഷം പോലെയാണ് എനിക്കു തോന്നിയത്. 

 

ഞാൻ ചെല്ലുമ്പോൾ ഷാജി കൈലാസ് അടുത്ത് എടുക്കാൻ പോകുന്ന സീനിനെക്കുറിച്ചു സായിയോട് എന്തോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്യാമറകൊണ്ടു അത്ഭുതം വിരിയിക്കുന്ന സന്തോഷ് ശിവൻ സായിയുടെ അടുത്ത് നിൽക്കുന്നുണ്ട്. എന്നെ കണ്ട് ഷാജി കൈലാസ് നിറചിരിയോടെ സായികുമാറിനോടു പറഞ്ഞതിങ്ങനെയാണ്. 

 

"കലൂർഡെന്നിസിനെ അറിയില്ലേ?  സ്ത്രീകളെ കരയിപ്പിക്കുന്ന തിരക്കഥാകൃത്താണ് ഡെന്നിച്ചൻ. " 

 

അതുകേട്ട് സായികുമാർ പറഞ്ഞു.

 

"പിന്നെ അറിയില്ലേ? നേരിൽ കാണുന്നത് ഇപ്പോഴാ.  ജോഷി–മമ്മൂട്ടി– കലൂർഡെന്നിസ് ടീം ഫെയ്മസ്സല്ലേ?  കോളജിൽ പഠിക്കുമ്പോൾ അവരെ എറണാകുളം ബെൽറ്റെന്നാണ് ഞങ്ങളൊക്കെ വിളിച്ചിരുന്നത്. "

 

സായിയുടെ പ്രശംസാ വചനങ്ങൾ കേട്ട് ഞാൻ ചെറിയ ചമ്മലോടെ ചിരിച്ചുകൊണ്ട് സായിക്ക് കൈകൊടുത്തു.  ആ ഹസ്തദാനം കുറേ നാളത്തേക്ക് കലവറയില്ലാത്ത സ്നേഹകരങ്ങളായ് മാറുകയും ചെയ്തു. 

 

റാംജിറാവുവിൽ ഇന്നസെന്റ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സായികുമാറിന്റെ പ്രകടനമാണ്. വളരെ മിതത്വത്തോടെയുള്ള സ്വാഭാവികമായ ഒരു അഭിനയ ശൈലിയായിരുന്നു സായിയുടേത്.  ചില മാനറിസങ്ങളും പ്രത്യേകതരത്തിലുള്ള ചിരിയും കൊണ്ട് പെട്ടെന്നു തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിക്കാൻ സായിക്കു കഴിഞ്ഞു. 

 

എനിക്ക് ഒരു കുഴപ്പമുണ്ട്. ഒരു നടനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അയാൾ തുടർച്ചയായി എന്റെ തിരക്കഥകളിൽ ഉണ്ടാകും. (ഉദാഹരണമായി മമ്മൂട്ടി, ലാലു അലക്സ്, രതീഷ് തുടങ്ങിയവർ.) 

 

സൺഡെ സെവൻ പി.എം. നു ശേഷം ഞാൻ തിരക്കഥ എഴുതിയ ‘തൂവൽസ്പർശ’ത്തിലും സായിയുടെ സാന്നിധ്യമുണ്ടായിരുന്നു. ജയറാം മുകേഷ്, സുരേഷ്ഗോപി ഇന്നസെന്റ് തുടങ്ങിയവരോടൊപ്പം സായിക്കും അതിൽ വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു. നർമത്തിൽ പൊതിഞ്ഞ ഒരു കുടുംബചിത്രമായിരുന്നു തൂവൽസ്പർശം.  ഉർവശിയും ഒരു കുഞ്ഞു കുട്ടിയുമായിരുന്നു അതിൽ പ്രധാന കഥാപാത്രങ്ങൾ. ആ ചിത്രം പ്രതീക്ഷിച്ചതിലും വമ്പൻ വിജയമാണ് ഞങ്ങൾക്കു നേടി തന്നത്.  പ്രധാന സെന്ററുകളിൽ നൂറിൽപരം ദിവസങ്ങളാണ് അത് പ്രദർശിപ്പിച്ചത്. 

 

പിന്നീട് സിദ്ദിഖ്–ലാലിന്റെ ‘ഇൻഹരിഹർ നഗർ’ കൂടി വന്നതോടെ യുവനടന്മാരിൽ ഏറ്റവും തിരക്കുള്ള താരമുഖമായി സായികുമാർ മാറുകയായിരുന്നു.  അതോടെ ഒത്തിരി നിർമാതാക്കളും സംവിധായകരുമെല്ലാം സായികുമാറിന്റെ ഡേറ്റിനു വേണ്ടി കാത്തുനിൽക്കുവാൻ തുടങ്ങി. 

 

പിന്നീട് ഒന്നു രണ്ടു വർഷങ്ങൾ സായികുമാറിന്റേതായിരുന്നു എന്നു പറയുന്നതാവും ഏറെ ഭംഗി. സായിയുടെ മാർക്കറ്റ് വാല്യു ഉയരാൻ തുടങ്ങിയപ്പോൾ പല സുഹൃത്തുക്കളും സേവകരും സായിയുടെ അടുത്ത് വന്നുകൂടാൻ തുടങ്ങി.  സായിയും അതിൽ അറിയാതെ വീണു പോയി. പിന്നെ പല ചിത്രങ്ങൾക്കും കൊടുത്തിട്ടുള്ള കോൾ ഷീറ്റ് തെറ്റാൻ തുടങ്ങിയപ്പോൾ സിനിമയിൽ സ്വാഭാവികമായി സംഭവിക്കുന്ന ‘താര അവഗണന’ സായിയെയും സാരമായി ബാധിച്ചു. പെട്ടെന്ന് സായിക്ക് പടങ്ങൾ കുറയാൻ തുടങ്ങി. എനിക്ക് സായിക്ക് സിനിമ കൊടുക്കാൻ താൽപര്യമുണ്ടെങ്കിലും നിർമാതാക്കളും സംവിധായകരുമൊക്കെ പുറംതിരിഞ്ഞു നിൽക്കുന്നതു കൊണ്ട് നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളു. സായി എത്രയോ നല്ല ഒരു നടനാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ.  കൂട്ടുകാരോടൊത്തുള്ള കമ്പനി കൂടലും ഉഴപ്പും അലസതയുമൊക്കെ കളഞ്ഞ് കൃത്യനിഷ്ഠയോടെ തന്റെ ജോലി നിർവഹിക്കാൻ തുടങ്ങിയാൽ സായി ഒരു വലിയ ഒരു നടനായി മാറുമെന്ന് എന്റെ മനസ്സു പറഞ്ഞു. 

 

ആ സമയത്താണ് പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യാൻ പോകുന്ന ഇരിക്കൂ എം.ഡി. അകത്തുണ്ട് എന്ന ചിത്രത്തിന്റെ ഡിസ്ക്കഷൻ നടക്കുന്നത്. അതിൽ സായിക്കു പറ്റിയ ഒരു വേഷമുണ്ടെന്ന് വിശ്വംഭരനോടു ഞാൻ പറഞ്ഞപ്പോൾ കക്ഷിക്കും താൽപര്യക്കുറവൊന്നുമുണ്ടായില്ല. വിശ്വംഭരൻ നിർമാതാവിനോടു സംസാരിക്കാൻ പറഞ്ഞു. നിർമാതാവും സായികുമാറുമായി സംസാരിച്ചപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ അവർ തമ്മിൽ ഒരു ധാരണയിലെത്തിച്ചേരാൻ കഴിഞ്ഞില്ല.  ഒരു ആർടിസ്റ്റിന്റെ മാർക്കറ്റിടിഞ്ഞാൽ പിന്നെ വളരെ തുച്ഛമായ പ്രതിഫലത്തിൽ അഭിനയിപ്പിക്കാനേ ഒട്ടുമിക്ക നിർമാതാക്കളും തയാറാവുകയുള്ളൂ. അങ്ങനെ പ്രതിഫലത്തിന്റെ കാര്യത്തിൽ സായിയെ ‘ഇരിക്കൂ എം.ഡി. അകത്തുണ്ട്’ എന്ന ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ വിശ്വംഭരനും ഞാനും നിർബന്ധിതരാവുകയായിരുന്നു.

 

സായികുമാർ ഇതറിഞ്ഞ് എന്നെ വിളിച്ചു. ഞാൻ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം സായിയെ പറഞ്ഞു മനസ്സിലാക്കി. പിറ്റേന്ന് വിശ്വംഭരനും ഞാനും എന്റെ അസിസ്റ്റന്റ് കുഞ്ഞുമോനും കൂടി ഇരിക്കൂ എംഡി അകത്തുണ്ട് എന്ന സിനിമയുടെ റിക്കാർഡിങ്ങിനു മദ്രാസിൽ പോകുന്ന വിവരം നേരത്തെ തന്നെ സായിക്കറിയാമായിരുന്നു. 

 

ഞങ്ങൾ മദ്രാസിനു പോകാനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്.  ട്രെയിൻ എത്താൻ അഞ്ചു മിനിറ്റുള്ളപ്പോൾ അതാ വരുന്നു സായികുമാർ.  ഞങ്ങൾ സായിയെ അവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല. ആലപ്പുഴയിൽ നിന്ന് ഞങ്ങളെ കാണാൻ വേണ്ടി മാത്രം കാറും പിടിച്ച് വന്നിരിക്കുകയാണ്. സായിയുടെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോൾ ഞാൻ ആകെ വല്ലാതായി.  ഞാൻ വിശ്വംഭരനെ ഒന്നു നോക്കി. 

 

അന്ന് സായി വിശ്വംഭരനോട് പറഞ്ഞ ആ വാചകം ഇന്നും എന്റെ ഓർമയിലുണ്ട്. 

 

‘‘പ്രതിഫലത്തിന്റെ കാര്യമൊന്നും എനിക്ക് പ്രശ്നമല്ല സാർ.  ‘ഇരിക്കൂ എം.ഡി. അകത്തുണ്ട്’ എന്ന സിനിമയിൽ ഞാനും അകത്തുണ്ടാകണം." 

 

ആ ഒറ്റ വാചകത്തിൽ കൂടുതലൊന്നും പിന്നെ സായിക്ക്  പറയേണ്ടി വന്നില്ല.  അങ്ങനെ നിർമാതാവ് പറഞ്ഞിരുന്ന പ്രതിഫലത്തിൽ സായികുമാർ ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. 

 

കൂട്ടുകാരും കമ്പനിയും രാത്രികാലങ്ങളിലുള്ള ലഹരി സേവയുമൊക്കെ സായി പെട്ടെന്ന് സ്റ്റോപ്പാക്കുകയും ജോലി കഴിഞ്ഞുള്ള സുഹൃത്ബന്ധങ്ങൾ മാത്രമായി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ സായിയുടെ കരിയർ വീണ്ടും തെളിഞ്ഞു.  പിന്നെ സായിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  എത്രയെത്ര മികച്ച പ്രൊജക്റ്റുകൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവരാണ് സായികുമാർ എന്ന യുവപ്രതിഭയുടെ മാറ്റുരച്ചു നോക്കാൻ തയാറായി വന്നത്. 

 

ഷാജി കൈലാസിന്റെ ആറാം തമ്പുരാൻ തുടങ്ങി നരസിംഹം, ഹിറ്റ്‌ലർ, നന്ദനം, ജനാധിപത്യം, ഛോട്ടാ മുംബൈ, കരുമാടിക്കുട്ടൻ, പ്രജാപതി, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ  പോത്താൻ വാവ, രാവണപ്രഭു, നരൻ, കുഞ്ഞിക്കൂനൻ, ഭരത് ചന്ദ്രൻ ഐ.പി.എസ്, രാജമാണിക്യം തുടങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിലെ തകർപ്പൻ പ്രകടനം കൊണ്ട് സായികുമാർ വീണ്ടും ആറാം തമ്പുരാനായി മാറുകയായിരുന്നു. 

 

ഇതിൽ കുഞ്ഞിക്കൂനനിലെ ഗുണ്ട അവിസ്മരണീയൊരു കഥാപാത്രമായിരുന്നു.  സൺഡേ സെവൻ പി.എം., തൂവൽസ്പർശം,  ഇരിക്കൂ എം.ഡി. അകത്തുണ്ട്, മാന്ത്രികച്ചെപ്പ്, കാസർകോഡ് കാദർഭായി, നീലക്കുറുക്കൻ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, ഡീസന്റ് പാർട്ടീസ് തുടങ്ങി എന്റെ പതിനഞ്ചോളം സിനിമയിൽ സായികുമാർ അഭിനയിച്ചു. 

 

നല്ലവനായും, വില്ലനായും, പ്രായമുള്ള അച്ഛൻ കഥാപാത്രങ്ങളുമൊക്കെയായി സായി തിരശ്ശീലയിലെത്തുമ്പോൾ ആ നടന്ന വൈഭവം കണ്ട് പ്രേക്ഷക മനസ്സുകൾ അത്ഭുതം കൂറി നിന്നിട്ടുണ്ട്. 

 

സായികുമാർ എന്ന നടന സ്വരൂപത്തിന് കേരള സർക്കാർ ഏറ്റവും മികച്ച രണ്ടാമത്തെ നടനായും ടിവി അവാർഡിൽ ഏറ്റവും മികച്ച രണ്ടാമത്തെ നടനായും രണ്ടാം സ്ഥാനം മാത്രം കൊടുത്തപ്പോൾ ഒന്നാം സ്ഥാനക്കാരനായി അംഗീകരിക്കപ്പെടേണ്ട അഭിനയപ്രതിഭയാണ് സായികുമാർ.  ഇന്ന് ഷഷ്ഠി പൂർത്തി ആഘോഷിക്കുന്ന സായികുമാറിന് ഇപ്പോഴത്തെ പുരുഷായുസിന്റെ കണക്കുവച്ചു നോക്കിയാൽ ഇനിയും ഒത്തിരി വർഷങ്ങൾ കൂടി പുതിയ പുതിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കാനുള്ള സമയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com