ADVERTISEMENT

ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത ന്യൂസീലൻഡ് പ്രവാസി ബൈജു രാജു തനിക്കയച്ച ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ട് സംവിധായകൻ എം.ബി. പത്മകുമാർ. ഏറെ പ്രിയപ്പെട്ട ഒരാൾ വഞ്ചിച്ചപ്പോൾ നിസ്സഹായനായിപ്പോയതുകൊണ്ടാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ഇ മെയിൽ സന്ദേശത്തിൽ ബൈജു രാജു പറയുന്നു.  ബൈജു രാജുവോ ഭാര്യയോ അല്ല, അവരുടെ കുടുബത്തിൽ അനാവശ്യമായി ഇടപെട്ട് അവരുടെ സമാധാനം തകർത്തവരാണ് ശരിക്കും തെറ്റുകാരെന്നു പത്മകുമാർ പറയുന്നു. നേരത്തേ, ബൈജു രാജുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പത്മകുമാർ അതൊരു വിഡിയോയായി പങ്കുവച്ചിരുന്നു.  ബൈജുവിനെ കാണാൻ ഒടുവിൽ മകൾ എത്തി എന്ന വിവരമായിരുന്നു അദ്ദേഹം ആ വിഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. 

 

പത്മകുമാർ പങ്കുവച്ച ബൈജു രാജുവിന്റെ കുറിപ്പ്:

 

‘‘നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ വഞ്ചിക്കുമ്പോൾ മറ്റൊരു മാർഗവുമില്ലാതെ നിങ്ങൾ നിസ്സഹായനാകും. എല്ലാവരും എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാൽ എന്റെ മാനസിക സമാധാനം പൂർണമായും ഇല്ലാതായി. എന്റെ ജീവിതത്തിന് അർഥമില്ലെന്ന് തോന്നി. എന്റെ നിലനിൽപിന്റെ അവസാന പ്രതീക്ഷയായ എന്റെ മകൾ എന്നിൽനിന്ന് നഷ്ടപ്പെട്ടു പോകുന്നതിൽ ഞാൻ തകർന്നുപോയി. പഠിക്കുമ്പോഴും പള്ളിയിൽ പോകുമ്പോഴും ബൈബിൾ വായിക്കുമ്പോഴും പ്രാർഥിക്കുമ്പോഴും ഡാൻസ് ക്ലാസ്സിൽ കൊണ്ടുപോകുമ്പോഴും വയലിൻ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും മകൾക്കൊപ്പമുണ്ടായിരുന്ന ഒരച്ഛന് മകളിൽനിന്ന് അകന്നു നിൽക്കാൻ പ്രയാസമാണ്. എന്റെ വരാനിരിക്കുന്ന ജീവിതം എന്റെ മകളുടെ കണ്ണിലൂടെ കാണാനും അവളുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷിക്കാനും ഞാൻ ആഗ്രഹിച്ചു. അച്ഛനുമമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് മകൾ എപ്പോഴും പറയുമായിരുന്നു.

 

ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും. എന്റെ എല്ലാ വേദനകളും എല്ലാവരിൽനിന്നും മറയ്ക്കാൻ എനിക്ക് അറിയാമായിരുന്നു. എന്നാലിപ്പോൾ എനിക്ക് അതിനുള്ള ശക്തിയില്ല, കാരണം ഞാനിപ്പോൾ  തകർന്ന് ഇല്ലാതായി. ഇത് എന്റെ ജോലിയെയും ജീവിതത്തെയും ബാധിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകർക്കുന്നു. എനിക്കു സഹിക്കാൻ കഴിയുന്നില്ല.  പെട്ടെന്ന് ഒരു ആശ്വാസം വേണം. അതിന് ഞാൻ എന്നെ ഇല്ലാതാക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നു.’’

 

ബൈജു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഈ കുറിപ്പിന്റെ പശ്ചാത്തലത്തിൽ പത്മകുമാർ വിവരിക്കുന്നുണ്ട്. ആരാണ് തെറ്റു ചെയ്തത് എന്ന് പത്മകുമാറിന്റെ മകൾ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത്, ഇതിൽ ബൈജുവിനെയോ ഭാര്യയെയോ തെറ്റുകാരായി കാണാനാവില്ല എന്നാണ്. ആരുടെയൊക്കെയോ ഇടപെടൽ കൊണ്ടാണ് ബൈജു രാജുവിന്റെ കുടുംബം തകർന്നുപോയത്.  ഒരു മകളെ അച്ഛനിൽ നിന്ന് അകറ്റാൻ ആർക്കും അവകാശമില്ല. ബൈജു തനിക്ക് ഒരു കെട്ട് ഡോക്യൂമെന്റസ് അയച്ചെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ആത്മഹത്യക്കുറിപ്പ് തനിക്കയച്ചതെന്നും പത്മകുമാർ പറയുന്നു.  

 

‘‘എനിക്ക് അറിയാത്ത ഒരാൾ അവസാനമായി അയച്ച കുറിപ്പ് കണ്ടു ദുഃഖം തോന്നിയതുകൊണ്ടാണ് ബൈജുവിന്റെ സംസ്കാര ചടങ്ങുകൾക്ക് പോയി വിഡിയോ പങ്കുവച്ചത്. ബൈജു അദ്ദേഹത്തിന്റെ ഭാര്യയെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നൊക്കെ സംസ്കാര ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനു ശേഷം ആളുകൾ കമന്റിടുന്നുണ്ട്. പക്ഷേ ബൈജു പങ്കുവച്ച ഇമെയിലുകളിൽ അവർ ന്യൂസീലൻഡിൽ സന്തോഷകരമായി താമസിച്ചതിന്റെ തെളിവുകൾ അദ്ദേഹം അയച്ചിട്ടുണ്ട്. മകളും കുടുംബവുമായി നന്നായി ജീവിക്കുമ്പോഴാണ് ആരുടെയൊക്കെയോ ഇടപെടലുകൾ കൊണ്ട് ബൈജുവിന്റെ കുടുംബത്തിൽ അസ്വാരസ്യമുണ്ടാവുന്നത് എന്ന് ബൈജുവിന്റെ മെയിലിൽ പറയുന്നു. ബൈജു ശാരീരികമായി ഒരുപാട് ഉപദ്രവിച്ചു എന്നുപറഞ്ഞാണ് ന്യൂസീലൻഡ് പൊലീസിൽ ബൈജുവിന്റെ ഭാര്യ കേസ് കൊടുത്തത്. പക്ഷേ ബൈജു അയച്ച മെയിലിൽ പൊലീസിന്റെ സാക്ഷ്യപ്പെടുത്തൽ പങ്കുവച്ചിട്ടുണ്ട്. അതിൽ പറഞ്ഞത് ബൈജുവിന്റെ ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ്.  

 

ഭാര്യയുടെ ശരീരത്തിൽ ഉപദ്രവിച്ചതിന്റെ ഒരു തെളിവും ഇല്ല എന്നാണു പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ബൈജു അയച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു മനസ്സിലായത് ബൈജു തെറ്റിദ്ധരിക്കത്തക്ക വിധത്തിൽ ഭാര്യ തെറ്റു ചെയ്തിട്ടില്ല എന്നാണ്. ഒരു പ്രശ്നമുണ്ടായപ്പോൾ ബൈജുവിനെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു. പക്ഷേ ഭാര്യയ്ക്ക് പിന്തുണയായി ഭാര്യയുടെ കുടുംബമുണ്ടായിരുന്നു. മകളെ കാണാതെ ബൈജു അനുഭവിച്ച ശ്വാസംമുട്ടൽ വളരെ വലുതായിരുന്നു അതിലും വലിയ ശ്വാസംമുട്ടൽ വേറെ ഇല്ല എന്നു തോന്നിയിട്ടാണ് ബൈജു സ്വന്തം ശ്വാസം ഉപേക്ഷിച്ചത്. മകളെ കാണാതിരിക്കുന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷം ഒരു സ്ത്രീക്കും മനസ്സിലാകില്ല. അതുപോലെ അമ്മ അനുഭവിക്കുന്ന വേദന ഒരു പുരുഷനും മനസ്സിലാകില്ല. മനുഷ്യർ അങ്ങനെയാണ്. ഇക്കാര്യത്തിൽ ബൈജുവോ ഭാര്യയോ തെറ്റുകാരല്ല. മറിച്ച് പുറത്തുനിന്ന് ആരൊക്കെയോ ഇടപെട്ടാണ് ആ കുടുംബം തകർത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കുടുംബബന്ധവും തകർക്കാൻ ആരും ശ്രമിക്കരുത്. ബൈജു എത്രമാത്രം ശുദ്ധനാണെന്ന് ഇമെയിലിന്റെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതിയ ആത്മഹത്യക്കുറിപ്പ് വായിച്ചാൽ മനസ്സിലാകും. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.’’–പത്മകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com