കൊറോണ പേപ്പേഴ്‌സിലെ സ്വാഭാവിക അഭിനയത്തിന് ഹന്ന റെജി കോശിയെ ആവോളം പുകഴ്ത്തി സംവിധായകൻ പ്രിയദർശൻ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സിനിമ വിജയിക്കാൻ അതിൽ അഭിനയിക്കുന്ന താരങ്ങളുടെ പങ്ക് ഏറെ വലുതാണെന്നും കൊറോണ പേപ്പേഴ്‌സിൽ ഹന്ന റെജി കോശി മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും പ്രിയദർശൻ പറഞ്ഞു. ഹന്നയുടെ പ്രകടനത്തിന് സമ്മാനം എന്ന രീതിയിൽ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ ഒരവസരവും പ്രിയദർശൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
‘‘ഒരു സിനിമയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിലെ കാസ്റ്റിങ്. ഒരു താരത്തിന്റെ മുഖം കഥാപാത്രത്തിന് അനുയോജ്യമായി കഴിഞ്ഞാൽ, ഈ ആളാണ് ആ കഥാപാത്രത്തിന് കറക്റ്റ് എന്ന് തോന്നിക്കഴിഞ്ഞാൽ ആ കഥാപാത്രം പകുതി വിജയിച്ചു കഴിഞ്ഞു. കൊറോണ പേപ്പേഴ്‌സിന്റെ കാര്യത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട് കാരണം വളരെ കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിലും സിനിമയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഹന്ന റജി കോശി ചെയ്തത്. ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു പക്ഷേ ഹന്ന അത് വളരെ സ്വാഭാവികമായി ചെയ്തു. ഇതിനു ഒരു പ്രതിഫലവും സമ്മാനവും എന്ന നിലയിൽ ഹന്നയ്ക്ക് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാൻ ഞാൻ തീരുമാനിച്ചു.’’ പ്രിയദർശൻ പറഞ്ഞു.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോതുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്ന സിനിമയാണ് കൊറോണ പേപ്പേഴ്സ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തമിഴ് നടി ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. ഹന്ന റജി കോശി, ജീൻ പോൾ ലാൽ, സിദ്ധിഖ്, സന്ധ്യ ഷെട്ടി, മണിയൻപിള്ള രാജു, വിജിലേഷ്, പി.പി. കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് അഭിനയേതാക്കൾ. ആന്റണി പെരുമ്പാവൂരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മരക്കാർ: അറബിക്കടലിന്റെ സിംഹത്തിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.