തന്നെ ബാധിച്ച അപൂർവ രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി സമാന്ത. മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെ ആണ് താൻ കടന്നു പോകുന്നതെന്നും ഒത്തിരി യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു എന്നും നടി പറയുന്നു. ഓരോ സമയവും മികച്ചതായി ഇരിക്കാനായിരുന്നു ശ്രമങ്ങൾ. ഒടുവിൽ എന്റെ നിയന്ത്രണങ്ങൾക്കും അപ്പുറമായി കാര്യങ്ങളെന്നും സമാന്ത പറഞ്ഞു
‘‘ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. ഒരു നടി എന്ന നിലയിൽ പൂർണതയോടെ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ അതിനെയെല്ലാം തകർത്തെറിയുന്ന ഒരവസ്ഥ എനിക്ക് വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു.
ചിലപ്പോൾ ശരീരം വല്ലാതെ തടിക്കും, മറ്റു ചില ദിവസങ്ങളിൽ തീരെ ക്ഷീണിക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയോ തമാശയക്ക് വേണ്ടിയോ അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം കടുത്ത മൈഗ്രേനും വേദനിപ്പിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത് കണ്ണുകള്‍ വീർത്തു തടിച്ചുവരും. അസഹനീയമായ വേദനയും.’’– സമാന്ത പറഞ്ഞു.
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് (Myositis) എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയെ ബാധിച്ചത്. ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 വരെ പേര്‍ക്കു വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ കൈകാലുകളെയും തോളിനെയും അരക്കെട്ടിനെയും അടിവയറിനെയും നട്ടെല്ലിലെ പേശികളെയുമാണ് ഈ രോഗം ബാധിക്കുകയെന്ന് ഫരീദബാദ് മാരെങ്കോ ക്യുആര്‍ജി ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സൽറ്റന്‍റ് ഡോ. സന്തോഷ് കുമാര്‍ അഗര്‍വാള്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോൾ അന്നനാളിയിലെയും ഡയഫ്രത്തിലെയും കണ്ണുകളിലെയും പേശികളെയും ഇത് ബാധിക്കും. ഇരുന്നിട്ട് എഴുന്നേല്‍ക്കാനും പടികള്‍ കയറാനും ഭാരം ഉയര്‍ത്താനുമൊക്കെ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പനി, ഭാരനഷ്ടം, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളും ഇതിന്‍റെ ഭാഗമായി പ്രത്യക്ഷപ്പെടാമെന്ന് ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു. സ്റ്റിറോയ്ഡുകളും പ്രതിരോധശേഷിയെ അമര്‍ത്തുന്ന മരുന്നുകളും ഉപയോഗിച്ചാണ് മയോസൈറ്റിസ് ചികിത്സിക്കുന്നത്.