ADVERTISEMENT

പല സാഹചര്യങ്ങള്‍കൊണ്ടും മലയാള സിനിമാ ഇൻഡ്സ്ട്രിയിൽ സിനിമയില്ലാത്ത അവസരമുണ്ടായിരുന്നുവെന്ന് നടി രമ്യാ നമ്പീശന്‍. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാകാമെന്നും രമ്യ ചൂണ്ടിക്കാട്ടി.

 

‘‘പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകൾ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും  പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നിൽക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ് പ്രധാനം. നമ്മുടെ നിലപാടുകൾ വച്ച് കാര്യങ്ങൾ ചെയ്യുക. 

 

ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവർക്കും തുല്യ പരി​ഗണ ലഭിക്കുന്ന ഇൻസ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആ​ഗ്രഹവും. എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിൽ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ സാധിച്ചു. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

 

ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്.’’–രമ്യ നമ്പീശൻ പറഞ്ഞു.

 

കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ'. സംവിധായിക ശ്രുതി ശരണ്യം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രമ്യ നമ്പീശനൊപ്പം അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com