ADVERTISEMENT

‘മണിച്ചിത്രത്താഴ്’ സിനിമയുടെ ക്ലൈമാക്സ് ആശയം സംവിധായകൻ ഫാസിലിനു ലഭിച്ചത് സുരേഷ് ഗോപിയില്‍ നിന്നും. ക്ലൈമാക്സ് എങ്ങനെ ചെയ്യുമെന്ന് ആശയ കുഴപ്പത്തിലായിരുന്ന സംവിധായകൻ ഫാസിലിനോടും അണിയറ പ്രവർത്തകരോടും ഒരു ഡമ്മിയെ വച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞത് സുരേഷ് ഗോപി ആയിരുന്നു. ആ നിർദ്ദേശം ഫാസിൽ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും അങ്ങനെ ക്ലൈമാക്സ് എങ്ങനെ ചെയ്യും എന്നുള്ള ആശയക്കുഴപ്പത്തിന് പരിഹാരം ഉണ്ടാവുകയും ചെയ്തു. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

മലയാളത്തിലെ ചില നടീനടന്മാർ ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നും എഡിറ്റിങ് ഘട്ടത്തിൽപോലും അനാവശ്യ കൈകടത്തലുകൾ നടത്തുന്നുവെന്നും പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമയ്ക്കു ഫലപ്രദമായ രീതിയിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നത് തങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും അല്ലാതെ സിനിമയുടെ ചിത്രീകരണത്തിൽ നിസ്സഹകരണവും എഡിറ്റിങ്ങിൽ അനാവശ്യമായ ഇടപെടലും നടത്തുന്നത് ഇനി അംഗീകരിക്കാനാകില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. 

 

‘‘മണിച്ചിത്രത്താഴ് ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഏറ്റവും ഗംഭീരമായ ഒരു സജഷൻ അതിൽ കൊടുത്തത് സുരേഷ് ഗോപിയാണ് എന്ന് ഫാസിൽ സർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എങ്ങനെ ക്ലൈമാക്സ് എക്സിക്യൂട്ട് ചെയ്യണം എന്ന് ആശയക്കുഴപ്പത്തിൽ ഇരുന്നപ്പോൾ സുരേഷ് ഗോപിയാണ് പറഞ്ഞത് നമുക്ക് അതൊരു ഡമ്മി ഇട്ട് അത് മറിച്ചിട്ട് ചെയ്യാമെന്ന്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസിൽ സാർ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴും നമ്മളെല്ലാം  നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവരാണ് പക്ഷേ ഒരു എഡിറ്റ് ആരാണ് ലോക്ക് ചെയ്യേണ്ടത് എന്നുള്ളത് വലിയ വിഷയമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ ആരെയെങ്കിലും എഡിറ്റ് ചെയ്യുന്നത് കാണിക്കുമെങ്കിൽ അത് നിർമാതാവിനെ മാത്രമായിരിക്കുമെന്ന് ഇവിടെ അറിയിക്കുകയാണ്. 

 

ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങൾ ഇല്ലെങ്കിൽ, അല്ലെങ്കിൽ നിർമ്മാതാവ് ഇല്ലെങ്കിൽ ഇവിടെ ഒരു ആർട്ടിസ്റ്റിന് അല്ലെങ്കിൽ ഒരു താരത്തിന് പ്രസക്തിയുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക. ഞങ്ങളുടെ അവകാശങ്ങളെ ബലി കഴിച്ചുകൊണ്ടുള്ള ഒരു പരിപാടിക്കും ഞങ്ങളില്ല. ഒരിക്കൽ  ഞങ്ങളുടെ ഒരു വലിയ തൊഴിലാളി സംഗമത്തിൽ ജീവിച്ചിരിക്കുന്ന ഇതിഹാസമായ കമല്‍ഹാസൻ പറഞ്ഞൊരു കാര്യമുണ്ട്. മദ്രാസിലെ കൊടും വേനലിൽ ഷീറ്റിട്ട സ്റ്റുഡിയോ ഫ്ലോറുകളുടെ മുകളിൽ ലൈറ്റ് കെട്ടിവച്ച് അതിനുമുകളിൽ ഇരുന്ന് പണി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ എന്ന്. അവരുടെ വിയർപ്പ് ധാരധാരയായി താഴേക്ക് വീണുകൊണ്ടിരിക്കും. താഴെ ഷൂട്ട് ചെയ്യുന്ന എന്റെ മുകളിൽ അവരുടെ വിയർപ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെ തൊഴിലാളികളുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ട കമല്‍ഹാസൻ ഒരിക്കൽ ഉണ്ടായിരുന്നു. ഈ തിരിച്ചറിവ് മലയാള സിനിമയിലെ എല്ലാ നടി നടന്മാർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ഈ അവസരത്തിൽ ആഗ്രഹിക്കുകയാണ്.’’–ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com