ADVERTISEMENT

‘കനകം കാമിനി കലഹം’, ‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘തിങ്കളാഴ്ച നിശ്ചയം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരത്തിൽ രാജേഷും നടൻ ജയപ്രകാശും തമ്മിലുള്ള കണ്ണേറ് ഇന്നും ട്രോളന്മാരുടെ ഇഷ്ട സീനാണ്. കണ്ണുകൾ കൊണ്ട് ഒരു കടലോളം ചിരി സമ്മാനിക്കാൻ രാജേഷിനു കഴിയും. ‘മദനോത്സവം’ എന്ന പുതിയ ചിത്രത്തിൽ കൊട്ടേഷൻ ഗുണ്ടയുടെ വേഷം ആടിത്തിമിർത്ത് അതിശയിപ്പിക്കുന്ന പ്രകടനമാണ് രാജേഷ് മാധവൻ കാഴ്ചവയ്ക്കുന്നത്. പെണ്ണും പോറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി കൂടി അണിയുകയാണ് ഈ കാസർകോട് സ്വദേശി. സിനിമാ വിശേഷങ്ങളുമായി രാജേഷ് മാധവൻ മനോരമ ഓൺലൈനിൽ.

ശങ്കരൻ നമ്പൂതിരി, ഒരു ക്വട്ടേഷൻ ഗുണ്ട

നമ്പൂതിരീസ് ക്വട്ടേഷൻ എന്ന പേരിൽ ഞാനും രഞ്ജി കാങ്കോലും ക്വട്ടേഷൻ ഗുണ്ടാ പണി ചെയ്യുന്നതാണ് മദനോത്സവത്തിലെ വേഷം. ഞങ്ങൾ രണ്ടുപേരും കാഴ്ചയ്ക്ക് ഒരുപോലിരിക്കുന്നു എന്ന് പലരും പറയാറുണ്ട്. ചിലർ എന്റെ ചിത്രം എടുത്തിട്ട് രഞ്ജിയെ ടാഗ് ചെയ്യാറുണ്ട് ചിലർ എന്നോട് കാങ്കോൽ അല്ലേ വീട് എന്ന് ചോദിക്കാറുണ്ട്. ഞങ്ങൾക്ക് രൂപസാദൃശ്യം ഉണ്ടെന്നും ഒരുമിച്ച് ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുമെന്നും സുധീഷേട്ടൻ മുൻപ് പറഞ്ഞിട്ടുണ്ട്. രതീഷേട്ടന്റെ നാലാമത്തെ സിനിമയിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. എന്നെ മറ്റ് സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അവർ കാസ്റ്റ് ചെയ്യാറുണ്ട്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതുപോലുള്ള വേഷമല്ല മദനോത്സവത്തിലേത്. എന്റെ ശരീരത്തിൽനിന്ന് പ്രതീക്ഷിക്കാത്ത ഒരു ക്വട്ടേഷൻ ഗുണ്ടാ വേഷം. അത് കണ്ടിട്ടാകും തിയറ്ററിൽ ചിരി പടർന്നത്.

ഓരോ കഥാപാത്രവും വ്യത്യസ്തമാകണം

ഓരോ സിനിമയിലെയും കഥാപാത്രം വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹമുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ടൈപ്പ് കാസ്റ്റ് ആയിപ്പോകാൻ എന്റെ ശരീരവും രൂപവും കാരണമാകാറുണ്ട്. അതുകൊണ്ട് ഓരോ കഥാപാത്രവും വ്യത്യസ്തമാക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന് ശ്രദ്ധിക്കാറുണ്ട്. മദനോത്സവത്തിലെ ശങ്കരൻ നമ്പൂതിരി അഷ്ടിക്ക് വകയില്ലാത്ത ദരിദ്ര ബ്രാഹ്മണനാണ്, പക്ഷേ അതിനേക്കാളുപരി അയാൾ ഒരു ക്വട്ടേഷൻ ഗുണ്ടയാണ്. ഞാൻ ഒരു ക്വട്ടേഷൻ ഗുണ്ടയായി അഭിനയിക്കുന്നു എന്നു പറഞ്ഞാൽത്തന്നെ വിശ്വസിക്കില്ല അതുതന്നെയായിരുന്നു അതിലെ ഹ്യൂമർ എലമെന്റ്. എന്റെയും രഞ്ജിയുടെയും കഥാപാത്രങ്ങൾ സഹോദരന്മാരാണ്. രഞ്ജിക്ക് കുറച്ച് ശ്ലോകങ്ങൾ ഒക്കെ അറിയാം, അതൊക്കെ ഈ കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചു. ആ കഥാപാത്രം ചെയ്യാൻ കൂടുതൽ മുന്നൊരുക്കങ്ങൾ വേണ്ടി വന്നില്ല. സംവിധായകൻ സുധീഷേട്ടൻ കുറെ കാലങ്ങളായുള്ള സുഹൃത്താണ്. അതുകൊണ്ടു ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഇംപ്രവൈസ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെ തന്നെ സുരാജേട്ടനും സ്വാഭാവിക അഭിനയത്തിന്റെ ആളാണ്. ഓൺ ദ് സ്പോട്ടിൽ കയ്യിൽനിന്ന് ഇട്ട് അഭിനയിക്കാൻ മിടുക്കനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ നമുക്കും കയ്യിൽ നിന്നിട്ട് അഭിനയിക്കാൻ പറ്റാറുണ്ട്.

madanolsavam-rajesh

സുരാജ് വെഞ്ഞാറമൂട് ഭയങ്കര റേഞ്ച് ഉള്ള താരം.

ഭയങ്കര റേഞ്ച് ഉള്ള നല്ലൊരു പെർഫോർമർ ആണ് സുരാജ് ഏട്ടൻ. നമ്മൾ പണ്ട് കണ്ടുവളർന്ന സുരാജേട്ടന്റെ കോമഡികൾ ഞാനൊക്കെ ഇപ്പൊ മിസ് ചെയ്യാറുണ്ട്. ഈ സിനിമയുടെ പ്രീ പ്രൊഡക്‌ഷന് ഞാൻ ഉണ്ടായിരുന്നു. ആദ്യം തൊട്ടുള്ള ചർച്ചകളിൽ സുരാജേട്ടന്റെ കഥാപാത്രം കോമഡി ടച്ചുള്ളതാകണം എന്ന് തീരുമാനിച്ചിരുന്നു. സുരാജേട്ടൻ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. വെറുതെ തമാശയ്ക്ക് വേണ്ടി കോമഡി ഉണ്ടാക്കുകയല്ല ചെയ്തത്. അദേഹത്തിന്റെ പെർഫോമൻസ്, ടൈമിങ് ഒക്കെ കണ്ടിരിക്കുന്നത് വലിയ അനുഭവമായിരുന്നു. സുരാജേട്ടനോടൊപ്പം അഭിനയിക്കാൻ നല്ല രസമാണ്.

കണ്ണുകൊണ്ട് അഭിനയിക്കുന്ന താരം

എന്റെ കണ്ണുകൾ നല്ല എക്സ്പ്രസീവ് ആണെന്ന് പലരും പറയാറുണ്ട് അത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷേ അങ്ങനെ ഞാൻ മനഃപൂർവം ഒന്നും ചെയ്യുന്നതല്ല. കണ്ണിലേക്കായിരിക്കും പ്രേക്ഷകരുടെ ശ്രദ്ധ ആദ്യം പോവുക. കണ്ണുകൾ ഒരു അഭിനേതാവിനു വളരെ പ്രധാനമാണ്. ഞാൻ തിയറ്റർ ചെയ്തു വളർന്ന ആളാണ്. അവിടെയുള്ള ട്രെയിനിങ് ഒക്കെ കൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്. പിന്നെ എന്റെ മുഖത്തിന്റെ പ്രത്യേകത, താടിയെല്ലിന്റെ ഷേപ്പ് ഇതൊക്കെ കൊണ്ടായിരിക്കും കണ്ണ് കൂടുതൽ പ്രോജക്റ്റ് ചെയ്തു കാണും എന്ന് തോന്നുന്നു. ഞാൻ അങ്ങനെ മനഃപൂർവം ചെയ്യുന്നതല്ല, ചെയ്തു വരുമ്പോൾ ഇങ്ങനെയൊക്കെ ആകുന്നതാണ്.

സിനിമ സ്വപ്നം കണ്ടിട്ടില്ല

ഞാൻ കാസർകോട് കുളത്തൂർ എന്ന ഒരു ചെറിയ നാട്ടിൻപുറത്ത് വളർന്ന ആളാണ്. അവിടെനിന്നൊരാൾ സിനിമയിലെത്തുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഒരു സിനിമാക്കാരനാകാം എന്ന് ചിന്തിക്കാനുള്ള ഒരു സാഹചര്യങ്ങളും അവിടെ ഇല്ലായിരുന്നു. സിനിമകൾ കാണുമ്പോൾ കിട്ടുന്ന ഒരു കിക്ക് എപ്പോഴും ഞാൻ ആസ്വദിച്ചിരുന്നു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് കലയോട് ചേർന്ന് നിൽക്കാനായിരുന്നു ആഗ്രഹം. ആഗ്രഹം ഉള്ളിലുള്ളതുകൊണ്ടായിരിക്കാം ഒടുവിൽ ഇവിടെയെത്തി.

സിനിമയിലേക്ക്

വിഷ്വൽ മീഡിയയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തുകഴിഞ്ഞപ്പോൾ ചാനലുകളിൽ ജോലി ചെയ്തിരുന്നു. പഠിച്ചതിൽ സിനിമ കൂടി ഉൾപ്പെട്ടിരുന്നു അതുകൊണ്ടു ഒരു ഷോർട്ട് ഫിലിം ചെയ്‌തുനോക്കി. ആ ഷോർട് ഫിലിമിൽ ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ പ്രസാദ് അസോഷ്യേറ്റ് ആയി വർക്ക് ചെയ്തിരുന്നു. ഒരിക്കൽ ഞങ്ങളുടെ പടം കാണാൻ ശ്യാമേട്ടൻ വന്നിരുന്നു. എന്റെ സുഹൃത്ത് രവിശങ്കർ ആണ് ഷോർട് ഫിലിം ചെയ്തത്. രവി പിന്നീട് റാണി പദ്മിനിയുടെ കോറൈറ്റർ ആയി. അപ്പൊ ഞാൻ കൂടെയുണ്ടായിരുന്നു. അവർ അന്ന് എന്നോട് അഭിനയിച്ചു നോക്കുന്നോ എന്ന് ചോദിച്ചു. ഇവനെ അഭിനയിപ്പിക്കാം എന്ന് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും കൂടി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് റാണി പദ്മിനിയിൽ അഭിനയിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി, തിങ്കളാഴ്ച നിശ്ചയം, മിന്നൽ മുരളി, ന്നാ താൻ കേസ് കൊട് അങ്ങനെ കുറെ ചിത്രങ്ങളായി ഇപ്പൊ.

ശരീരത്തെക്കുറിച്ച് ചിന്തിക്കാറില്ല

ഞാൻ സിനിമയിൽ വരാനായി ആഗ്രഹിച്ചു വന്ന ഒരാളല്ല , ഒക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അതുകൊണ്ട് ,ഈ ശരീരം കൊണ്ട് നിനക്ക് സിനിമയൊന്നും കിട്ടില്ല എന്ന തരത്തിലുള്ള കമന്റുകൾ ഒന്നും കേട്ടിട്ടില്ല. ശരീരത്തെക്കുറിച്ച് ഞാൻ ഒട്ടും കോൺഷ്യസ് അല്ല. എന്റെ അച്ഛനും അമ്മയും ഇതേ ശരീരപ്രകൃതമായിരുന്നു. അതുകൊണ്ട് ഞാൻ എന്നും ഇങ്ങനെയൊക്കെ ഇരിക്കും എന്നാണ് തോന്നുന്നത്. പക്ഷേ എന്റെ ശരീരം കൊണ്ട് ആഗ്രഹമുള്ളതൊക്കെ ചെയ്യാൻ കഴിയുന്നുണ്ട്. മദനോത്സവത്തിൽ ഞാൻ ക്വട്ടേഷൻ ഗുണ്ടയാണ്, ഫൈറ്റ്, ഡാൻസ് ഒക്കെ ചെയ്യുന്നുണ്ട്. എന്റെ രൂപം എനിക്ക് പ്രശ്നമായിട്ട് തോന്നിയിട്ടില്ല. നന്നായി ഫുഡ് കഴിക്കാറുണ്ട്. പക്ഷേ വണ്ണം വയ്ക്കണം എന്നൊന്നും തോന്നിയിട്ടില്ല.

പെണ്ണും പൊറാട്ടും

ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണും പൊറാട്ടും. ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്‌ഷൻ സ്റ്റേജിലാണ്. കാസ്റ്റിങ് തുടങ്ങിയിട്ടേ ഉള്ളൂ , പാലക്കാട് കൊല്ലങ്കോട് പശ്ചാത്തലത്തിൽ ഉള്ള ഒരു നാടൻ സിനിമയായിരിക്കും. പൊറാട്ട് എന്നുപറഞ്ഞാൽ അസംബന്ധ നാടകം എന്നുവേണമെങ്കിൽ പറയാം. പെണ്ണിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ചില അസംബന്ധ നാടകങ്ങൾ ആണ് ചിത്രത്തിന്റെ വിഷയം. അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളായിരിക്കും. ഞാൻ കുറച്ചു ചിത്രങ്ങളിൽ കാസ്റ്റിങ് ചെയ്തിട്ടുണ്ടെങ്കിലും എന്റെ സിനിമയിൽ വേറെ ഒരാളാണ് കാസ്റ്റിങ് ചെയ്യുന്നത്. ചിത്രത്തിന്റെ പണികൾ തുടങ്ങുന്നതേയുള്ളൂ.

മദനോത്സവത്തെക്കുറിച്ച് നല്ല പ്രതികരണങ്ങൾ

മദനോത്സവത്തെക്കുറിച്ച് നല്ല അഭിപ്രായം ആണ് കിട്ടുന്നത്, എല്ലാവരും ആസ്വദിക്കുന്നുണ്ട് എന്നാണു തോന്നുന്നത്. ഒരു ഉത്സവ ചിത്രം ആയി എല്ലാവരും സ്വീകരിക്കും എന്ന് കരുതുന്നു.

നീലവെളിച്ചം വരുന്നുണ്ട്

ഈ ആഴ്ച ഇറങ്ങുന്ന നീല വെളിച്ചത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. വേഷത്തിന്റെ പ്രസക്തിയില്ല മറിച്ച് ബഷീറിനെക്കുറിച്ചുള്ള കഥ ആഷിഖ് അബു സംവിധാനം ചെയ്യുമ്പോൾ അതിന്റെ ഭാഗമാകുക എന്നതാണ് ഞാൻ പ്രധാനമായി കണ്ടത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തുടങ്ങാനിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. അതുകഴിഞ്ഞ് പെണ്ണും പൊറാട്ടും തുടങ്ങണം. ഹെർ എന്നചിത്രം, അർദ്ധരാത്രിയിലെ കുട, 18 പ്ലസ് തുടങ്ങിയവയാണ് ഇറങ്ങാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com