ADVERTISEMENT

ഈ ഭൂമുഖത്തുള്ള ഭൂരിഭാഗം മനുഷ്യരും രാത്രികാലങ്ങളിൽ പരസ്പരം കാണുമ്പോഴും ഉറങ്ങാനായി തയാറെടുക്കുമ്പോഴും രാത്രിവന്ദനമായി ചൊല്ലുന്ന ഒരു സ്വീറ്റ് നാമമുണ്ട് – ഗുഡ്നൈറ്റ്. സായിപ്പന്മാരാണ് പ്രഭാതത്തിൽ ഗുഡ്മോണിങ്ങും രാത്രിയിൽ ഗുഡ്നൈറ്റുമൊക്കെ ആദ്യം ചൊല്ലിത്തുടങ്ങിയതെങ്കിലും ഇന്ത്യയിൽ ഗുഡ്മോണിങ്ങിനേക്കാൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത് ഗുഡ്നൈറ്റെന്ന മധുരപദമാണ്. എന്നാൽ പെട്ടെന്ന് ഇന്ത്യയിൽ മാത്രം ഗുഡ്മോണിങ്ങിനെക്കാൾ ഗുഡ്നൈറ്റിന് ഇത്രയും പ്രചാരം ലഭിക്കാൻ കാരണം എന്താണെന്ന് ഞാൻ വെറുതെ ആലോചിച്ചപ്പോഴാണ് ഒരു കൊച്ചു വടക്കൻ തെന്നലായി അതിന്റെ ഉത്തരവും എന്നിലേക്കു കടന്നു വന്നത്. 

കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരിലെ പൂങ്കുന്നത്തെ അതിപൗരാണികമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ വി.രാമസ്വാമിയുടെയും ശാരാദാംബാളിന്റെയും മകനായി പിറന്ന വെങ്കിട്ടരാമൻ എന്ന കൊച്ചുപയ്യൻ ബാല്യവും കൗമാരവും കടന്ന് യൗവനത്തിന്റെ കുതൂഹലമായ ലോകത്തേക്ക് എത്തപ്പെട്ടപ്പോൾ ഉണ്ടായ ഒരു കൊച്ചു മഹാദ്ഭുതമാണ് രാത്രികാലങ്ങളിൽ എല്ലാ ഉറക്കറകളിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ മിന്നുന്ന ഗുഡ്‌നൈറ്റ്. അതിന്റെ സ്ഥാപകനായ വെങ്കിട്ടരാമൻ എന്ന ഗുഡ് നൈറ്റ് മോഹന്റെ മുഖമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. 

അതിന്റെ കഥ ഇങ്ങനെയാണ്. മോഹന്റെ മകളെ വല്ലാതെ കൊതുകു കടിച്ച് ശരീരം മുഴുവനും തിണർത്തു. കൊതുകുതിരി കത്തിച്ചതുകൊണ്ടു കാര്യമില്ലെന്നു മനസ്സിലായപ്പോൾ മോഹന്റെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു ഗുഡ്നൈറ്റെന്ന കൊതുകു നശീകരണ യന്ത്രം. അവിടെ നിന്നാണ് ഗുഡ്നൈറ്റിന്റെ ഉത്ഭവവും മോഹൻ ഗുഡ്നൈറ്റ് മോഹനാകുന്നതും. 

goodknight-mohan

ഗുഡ്നൈറ്റ് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങിയ സമയത്താണ് മോഹൻ ഒരിക്കലും ആഗ്രഹിക്കാത്ത വലിയൊരു ഇൻഡസ്ട്രിയിലേക്ക് കൂടി കടന്നുവരുന്നത്– സിനിമാ നിർമാണരംഗം. വളരെ ചെറുപ്പം മുതലേ മോഹന് സിനിമയോട് വല്ലാത്ത ഭ്രമമായിരുന്നു. അച്ഛന്റെയും അമ്മയുടെയുമൊപ്പം പോയി സിനിമ കണ്ടിരുന്ന മോഹൻ കോളജിൽ പഠിക്കുന്ന സമയത്ത് ഒത്തിരി സിനിമകളാണ് കണ്ടുതീർത്തിട്ടുള്ളത്. ഒരു വർഷം മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലുള്ള നാനൂറോളം സിനിമകൾ വരെ കണ്ടിട്ടുണ്ടെന്നാണ് മോഹൻ പറയുന്നത്. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ഉണ്മയാണെന്നാണ് മോഹന്റെ ഭാഷ്യം. 

അങ്ങനെയിരിക്കെയാണ് ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് മോഹൻ ഒരു സിനിമാ നിർമാതാവിന്റെ മേലങ്കി അണിയുന്നത്. തന്റെ കൂടെ കോളജിൽ പഠിച്ച സതീർഥ്യനെ സഹായിക്കാൻ വേണ്ടിയായാരുന്നു അത്. സംവിധായകനായ മോഹനാണ് ആദ്യ ചിത്രത്തിന്റെ ശിൽപി. ‘ഇസബെല്ല’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ബാലചന്ദ്രമേനോനും സുമലതയുമായിരുന്നു നായികാനായകന്മാർ. കലാപരമായി ചിത്രം വിജയമായിരുന്നെങ്കിലും, കച്ചവടപരമായി മോശമായിരുന്നു. അന്ന് മോഹന് പരാജയമൊന്നും ഒരു വിഷയമായിരുന്നില്ല. ഗുഡ്നൈറ്റെന്ന കൊതുകു സംഹാരി ലോകം മുഴുവൻ കത്തിജ്വലിച്ചു നിൽക്കുന്നതു കൊണ്ട് നാനാഭാഗത്തുനിന്നും പണം വന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നത്. വിജയവും പരാജയവും ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് നന്നായിട്ട് അറിയാവുന്ന ഒരാളായിരുന്നു മോഹൻ.

goodknight-mohan-family
ഗുഡ്നൈറ്റ് മോഹന്‍ കുടുംബത്തോടൊപ്പം: ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടാമത്തെ സിനിമ നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത 'പൂര'മായിരുന്നു. പൂരം സാമ്പത്തികമായി വളരെ പരാജയമായിരുന്നു. ഒരു സിനിമയുടെ കപ്പിത്താൻ സംവിധായകൻ ആയതുകൊണ്ട് എല്ലാം ആ കപ്പിത്താന് വിട്ടുകൊടുക്കുന്ന ശീലമായിരുന്നു മോഹന്റേത്. കഥ കേൾക്കാനും, ഷൂട്ടിങ്ങുമായി ഓടി നടക്കാനുമൊന്നും മോഹന് സമയമില്ല. അതുകൊണ്ട് ഒരു കാര്യത്തിലും മോഹൻ ഇടപെടാറില്ല. രണ്ടാമത്തെ സിനിമയും പൊട്ടിയെങ്കിലും മോഹന്റെ മനസ്സിൽ പ്രതീക്ഷകളുടെ പൂക്കാലം തെളിഞ്ഞ ആകാശം പോലെ പ്രഭ ചൊരിഞ്ഞു നിൽക്കുകയാരുന്നു. നഷ്ടങ്ങൾ സംഭവിച്ചാലല്ലേ ലാഭത്തിനു കടന്നു വരാൻ കഴിയുകയുള്ളൂ.

മൂന്നാമത്തേത് നായകനടൻ രതീഷ് നിർമ്മിക്കാൻ തുടങ്ങിയ 'അയ്യർ ദി ഗ്രേറ്റ്', 'ചക്കിക്കൊത്ത ചങ്കരൻ' എന്നീ രണ്ടു സിനിമകളായിരുന്നു. ഭദ്രനായിരുന്നു 'അയ്യർ ദി ഗ്രേറ്റിന്റെ' സംവിധായകൻ. രതീഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ ആ രണ്ടു ചിത്രങ്ങളും മോഹനൻ ഏറ്റെടുക്കുകയായിരുന്നു. 'അയ്യർ ദി ഗ്രേറ്റ്' പുതിയ കഥാപശ്ചാത്തലമുള്ള മികച്ച സിനിമയായിരുന്നു. ഭദ്രൻ എന്ന ഫിലിം മേക്കറുടെ മനസ്സിലല്ലാതെ ഇങ്ങനെ ഒരു പുതിയ ചിന്താധാര പൊട്ടിവിടരുമെന്നും എനിക്ക് തോന്നുന്നില്ല. മമ്മൂട്ടിയും ശോഭനയുമായിരുന്നു നായികാനായകന്മാർ. 'അയ്യർ ദി ഗ്രേറ്റ്' ഒത്തിരി പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും നടുവിലൂടെ സഞ്ചരിച്ചതിനുശേഷമാണ് റിലീസിനെത്തിയത്. അക്കാലത്ത് ഏറ്റവും കൂടുതൽ പണം മുടക്കി എടുത്ത സിനിമയായിരുന്നു 'അയ്യർ ദി ഗ്രേറ്റ്'. ഗ്രാഫിക്സും വിഷ്വൽ എഫക്ട്സും മലയാളത്തിൽ ആദ്യമായി ഉപയോഗിച്ച ചിത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. സാമ്പത്തികമായി ചിത്രം  നല്ല വിജയമാവുകയും ചെയ്തു. 

priyan-mohan
ഗുഡ്നൈറ്റ് മോഹന്‍, പ്രിയദർശനും ജാക്കി ഷ്റോഫിനും ഒപ്പം

'ഗുഡ്നൈറ്റ്' എന്ന കൊതുകു നശീകരണ ഔഷധത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന 'ഗുഡ്നൈറ്റ്' എന്ന ബാനറാണ് മോഹനന് സിനിമാ ഇൻഡസ്ട്രിയൽ വലിയ പേരും പ്രശസ്തിയും നേടിക്കൊടുത്തത്. അതോടെ മോഹൻ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമാ നിർമാതാവായി മാറുകയായിരുന്നു.

മോഹന്റെ ഗുഡ്നൈറ്റിനെക്കുറിച്ച് അക്കാലത്ത് പറഞ്ഞു കേട്ട ഒരു തമാശക്കഥയുണ്ട്. യഥാർഥമാണോ കഥയാണോ എന്നൊന്നും എനിക്കറിയില്ല. അന്ന് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള കേട്ടറിവു മാത്രമേ എനിക്കുള്ളൂ. 

goodknight-mohan-2
ഗുഡ്നൈറ്റ് മോഹന്‍: ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കഥ ഇങ്ങനെയാണ്, ഒരു ദിവസം രാത്രി പ്രശസ്ത നിർമാതാവും സംവിധായകനുമായ നവോദയാ അപ്പച്ചന് ഒരു ഫോൺ വരുന്നു. വിളിക്കുന്നത് ബോംബെയിൽ നിന്ന് ഗുഡ്നൈറ്റ് മോഹനാണ്. മോഹൻ എന്തോ പ്രത്യേക ഒരു കാര്യം ചോദിക്കാൻ വേണ്ടിയാണ് വിളിക്കുന്നത്. മോഹൻ ഫോൺ ചെയ്യുമ്പോൾ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.  

‘‘ഹലോ അപ്പച്ചൻ സാറല്ലേ?’’‌

‘അതെ’ 

അങ്ങേ തലയ്ക്കൽനിന്ന് അപ്പച്ചന്റെ നീട്ടിയുള്ള ശബ്ദം.

‘ഞാൻ മോഹനാണ്’

‘‘ഏതു മോഹൻ’’

ആളെ മനസ്സിലാകാത്തതിലുള്ള അപ്പച്ചന്റെ ജിജ്ഞാസ.

‘‘അപ്പച്ചൻ സാറെ ഞാൻ ഗുഡ്നൈറ്റ്.’’ ഗുഡ്നൈറ്റ് എന്നു കേട്ടപാടെ തന്നെ അപ്പച്ചൻ ഗുഡ്നൈറ്റ് പറഞ്ഞിട്ട് വേഗം തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. 

എന്താ അപ്പച്ചൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തത് എന്ന് നിമിഷനേരമിരുന്ന് ആലോചിച്ചപ്പോഴാണ് മോഹനന്റെ സിക്സ്ത് സെൻസ് വർക്ക് ചെയ്തത്. താൻ ഗുഡ്നൈറ്റ് എന്നു പറഞ്ഞപ്പോൾ സാധാരണ എല്ലാവരും ഗുഡ്നൈറ്റ് പറഞ്ഞ് ഫോൺ വയ്ക്കുന്നതു പോലെ അപ്പച്ചനും ചെയ്തിരിക്കാമെന്നാണ് മോഹന് മനസ്സിലായത്. 

1991 ലാണ് പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിൽ മോഹൻ ‘കിലുക്കം’ എന്ന മെഗാഹിറ്റ് സിനിമ എടുക്കുന്നത്. അതിന്റെ കഥയുടെ ഏകദേശ രൂപം കേട്ടപ്പോൾ തന്നെ 'കിലുക്കം' ഇത്രയും പണമുണ്ടാക്കി, വലിയൊരു കിലുക്കമുണ്ടാക്കുമെന്ന് മോഹൻ പ്രതീക്ഷിച്ചില്ല. ഗുഡ്നൈറ്റ് മോഹനെന്ന മഹാഭാഗ്യവാന്റെ കൂടെ മലയാള സിനിമയിലെ ഏറ്റവും വലിയ സക്സസ് ടീമായ പ്രിയദർശനും മോഹൻലാലും കൂടി ചേർന്നപ്പോൾ ഒരു മഹാത്ഭുതം സംഭവിക്കുന്നതു പോലെയാണ് 'കിലുക്കം' വെന്നിക്കൊടി നാട്ടിയത്. അക്കാലത്ത് ഏറ്റവും അധികം കലക്‌ഷൻ നേടിയ ചിത്രമായിരുന്നു 'കിലുക്കം'. അതോടെയാണ് മലയാളത്തിൽ ഒരു കോർപറേറ്റ് കമ്പനി ആദ്യമായി സിനിമാ നിർമാണ വിതരണ രംഗത്തേക്ക് കടന്നു വരുന്നത്. ഗുഡ്നൈറ്റ് ഫിലിംസ്, ഷോഗൺ ഫിലിംസ് എന്നീ പേരുകളിലാണ് ഗുഡ്നൈറ്റ് എന്ന ബ്രാൻഡ് ലോകമെമ്പാടും ഒരു ജനകീയ നാമമായി മാറുന്നത്. ഇതേ തുടർന്നാണ് മോഹൻ ഭദ്രനെ വച്ച് ‘സ്ഫടികം’ എടുക്കുന്നത്. മോഹൻലാലും തിലകനും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം കിലുക്കത്തേക്കാൾ വലിയ പണക്കിലുക്കമായി മാറുകയായിരുന്നു. പിന്നീട് സിനിമാലോകം മുഴുവനും ഗുഡ്നൈറ്റ് മോഹൻ എന്ന അച്ചുതണ്ടിനു ചുറ്റും വലയം വയ്ക്കാൻ തുടങ്ങി. 

വലിയ ഉയരങ്ങളിൽ കഴിയുമ്പോഴും എല്ലാവരോടും വലുപ്പച്ചെറുപ്പമില്ലാതെയുള്ള വിനയാന്വിതമായ പെരുമാറ്റമാണ് മോഹനെ മറ്റ് നിർമാതാക്കളിൽനിന്നു വ്യത്യസ്തനാക്കുന്നത്. വലിയ സമ്പന്നൻമാരുടെ നാട്യങ്ങളൊന്നും ഇല്ലാതെ എപ്പോഴും മുഖത്ത് നേരിയ മന്ദസ്മിതവുമായിട്ടേ മോഹനെ ഞാൻ കണ്ടിട്ടുള്ളൂ. ചിന്തയിൽ മാന്യതയുള്ളവർക്കേ പ്രവൃത്തിയിലും മാന്യത കാണിക്കാൻ ആവുകയുള്ളല്ലോ?

mohanlal

തുടർന്ന് മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മുപ്പത്തി ഏഴോളം സിനിമകളാണ് മോഹൻ എടുത്തിട്ടുള്ളത്. അതിൽ അയ്യർ ദി ഗ്രേറ്റ്, കിലുക്കം, സ്ഫടികം, ദേശാടനം, മായാമയൂരം, ഗർദിഷ് (ഹിന്ദി), മിന്നാരം, കാലാപാനി, കഭി ന കഭി, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, രാജാ കോ റാണി സേ പ്യാർ ഹോ ഗയാ (ഹിന്ദി), വെള്ളിത്തിര, കൊച്ചി രാജാവ്, ഞാൻ ഗന്ധർവ്വൻ തുടങ്ങിയവയാണ് ഏറെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

അതിൽ പത്മരാജന്റെ 'ഞാൻ ഗന്ധർവൻ' മോഹന്റെ മനസ്സിൽ എന്നും ഒരു ദുഃഖപർവ്വമായി നിൽക്കുന്ന ഒരു ചിത്രമാണ്. അകാലത്തിലുള്ള പത്മരാജന്റെ മരണം, മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മോഹൻ മടങ്ങുമ്പോഴുണ്ടായ കാർ ആക്സിഡന്റ് ഇതെല്ലാം ഒരിക്കലും മനസ്സിൽ  നിന്ന് മായാത്ത അനുഭവസാക്ഷ്യങ്ങളാണെന്നാണ് മോഹൻ പറയുന്നത്. 

കാർ ആക്സിഡന്റിൽനിന്ന് അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു മോഹന്റേത്. ഇതെല്ലാം ഓർക്കുമ്പോഴാണ് ദൈവത്തിന്റെ കരങ്ങൾക്ക് ഇത്ര ശക്തിയുണ്ടെന്ന് മോഹൻ സാക്ഷ്യപ്പെടുത്തുന്നത്.

ഞാൻ ഗന്ധർവന്റെ റിലീസ് കഴിഞ്ഞ് അതിന്റെ പ്രൊമോഷനുമായി കോഴിക്കോട് ഹോട്ടലിൽ കഴിയുമ്പോഴായിരുന്നു പത്മരാജനെ മരണം വന്നു കവർന്നെടുത്തു കൊണ്ടുപോയത്. അതിലെ നായകനായ ഹിന്ദി നടൻ നിതീഷും മോഹനനും ഒരു മുറിയിലും പത്മരാജനും ഗാന്ധിമതി ബാലനും തൊട്ടടുത്ത മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. 

പിറ്റേന്ന് രാവിലെ അൽപം വൈകിയാണ് എല്ലാവരും ഉണർന്നത്. തലേന്നു രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് പത്മരാജൻ പറഞ്ഞ ഒരു വാചകമുണ്ട്. ആ വാക്കുകൾ ഇപ്പോഴും മോഹന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ട്.

"സ്വാമി ഈ പടം നിങ്ങൾക്ക് നഷ്ടം വരും. എനിക്ക് അടുത്ത ഒരു പടം കൂടി തരണം. ഞാൻ ഇതുവരെ ആരോടും എനിക്ക് ഒരു സിനിമ തരണമെന്നു പറഞ്ഞിട്ടില്ല." 

അതുകേട്ട് മോഹൻ ചിരിച്ചു കൊണ്ടു പറഞ്ഞു. ‌‘‘നമുക്ക് ആലോചിക്കാം. സമയം ഒത്തിരി വൈകി. പപ്പേട്ടൻ സുഖമായി പോയി കിടന്ന് ഉറങ്ങ്. നമുക്ക് നാളെ രാവിലെ ബാക്കി കാര്യങ്ങൾ ഡിസ്കസ് ചെയ്യാം."

അതുകേട്ട് പത്മരാജൻ അദ്ഭുതം കൂറുന്ന മിഴികളോടെ മോഹനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. 

‘‘ശരി സ്വാമി, ഗുഡ് നൈറ്റ്, നാളെ രാവിലെ കാണാം."

മോഹനും തിരിച്ചു ‘‘ഗുഡ്‌നൈറ്റ്’’ പറഞ്ഞു.

ആ 'ഗുഡ്നൈറ്റ്' പപ്പേട്ടന്റെ അവസാനത്തെ യാത്രാമൊഴിയാകുമെന്ന് മോഹൻ ഒരിക്കലും കരുതിയിരുന്നില്ല.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com