ADVERTISEMENT

അനീതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു മാമുക്കോയ എന്ന് നടൻ ജഗദീഷ്. മാമുക്കോയ, ഇന്നസന്റ്, ജഗതി, പപ്പു എന്നീ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ കഥാപാത്ര ആവിഷ്കാരത്തിന് അപ്പുറം വ്യക്തിപരമായ സംതൃപ്തി ഉണ്ടായിരുന്നു.  മലയാള സിനിമയിലേക്ക് സ്വാഭാവിക അഭിനയം കൊണ്ടുവന്നതിൽ പ്രധാനി മാമുക്കോയ ആയിരുന്നു. ഡയലോഗ് ഉരുവിടുന്നതിന് അപ്പുറം ഒരു സാധാരണക്കാരന്‍ ജീവിതത്തിൽ പെരുമാറുന്നതെങ്ങനെയെന്നാണ് തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കാണിച്ചു തന്നത്.  മാമുക്കോയയുടെ വിയോഗത്തോടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.. 

 

‘‘ഒരു നല്ല സുഹൃത്തിനെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. വലിയൊരു കലാകാരനായ അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഇന്നസന്റ് ചേട്ടൻ, ജഗതിച്ചേട്ടൻ, ഞാന്‍, പപ്പുവേട്ടൻ, മാമുക്കോയ അങ്ങനെ ഒരു ടീം അഭിനയിക്കുമ്പോൾ അഭിനയം എന്നുള്ളതൊക്കെ മറന്ന് ഏറ്റവും രസകരമായ കുറേ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.  കഥാപാത്ര ആവിഷ്കാരത്തിന് അപ്പുറം വ്യക്തിപരമായി ഞങ്ങളെ സംബന്ധിച്ചു അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതിന്റെ ഒരു സന്തോഷവും സംതൃപ്തിയും കിട്ടിയിട്ടുണ്ട്. സിനിമയിൽ ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോൾ അതൊരു വോളിബോൾ കളി പോലെയാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്. അങ്ങോട്ട് പാസ് ചെയ്ത്, ഇങ്ങോട്ട് ഷോട്ട് അടിക്കുക എന്നൊക്കെ അദ്ദേഹം പറയാറുണ്ട്.  അതുപോലെയാണ് ഒരു ഗിവ് ആൻഡ് ടേക്ക് ഈ പ്രതിഭാധനരുടെ കൂടെ നിൽക്കുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നു എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം വരുന്ന പകരുന്ന കാര്യമാണ്.  

 

പിന്നെ വേറൊരു കാര്യം വ്യക്തിപരമായി അദ്ദേഹം ജീവിതത്തിൽ പുലർത്തിയ ലാളിത്യം, വിനയത്തോടെ കൂടിയുള്ള പെരുമാറ്റം, ഒരു വിവാദത്തിലും പെടാതെ എല്ലാവർക്കും സമ്മതനായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം സാഹിത്യനായകന്മാരും ആയിട്ടുള്ള അദ്ദേഹത്തിന്റെ സൗഹൃദമാണ്.  ബഷീർ, എംടി തീക്കോടിയൻ, ഉറൂബ്, രാഘവൻ മാഷ്, ഭാസ്കരൻ മാഷ് തുടങ്ങിയ വ്യക്തിത്വങ്ങളുമായി വളരെ ചെറുപ്പത്തിൽ തന്നെയുള്ള വലിയൊരു ബന്ധം അദ്ദേഹത്തിന് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.  വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് പൈസ കടം വാങ്ങിച്ചിട്ടുണ്ട് എന്ന് പോലും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് ജീവിത അനുഭവങ്ങളുമായിട്ടാണ് നാടക രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്.  

 

ആ സമയത്ത് തടിയുടെ അളവെടുക്കുന്ന ചെറിയ ജോലിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിനുശേഷം നാടകത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് സിനിമയിൽ വരുമ്പോൾ ഈ ജീവിതം അനുഭവങ്ങളും കഷ്ടപ്പാടുകളും എല്ലാം ചെയ്യുന്ന കഥാപാത്രത്തിനു  മിഴിവ്നൽകാൻ പരമാവധി സഹായിച്ചു. സ്വാഭാവിക അഭിനയം വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്തിൽ പ്രധാനപ്പെട്ട പങ്ക് മാമുക്കോയയ്ക്ക് ഉണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹം ഒരു ഡയലോഗ് ഉരുവിടുന്നു എന്ന രീതിയിലല്ല ചെയ്യുന്നത് നിത്യജീവിതത്തിൽ ഒരാൾ എങ്ങനെ സംസാരിക്കുന്നു, എങ്ങനെ ഇടപെഴുകുന്നു ആ രീതിയിലുള്ള ഒരു പെരുമാറ്റം കൊണ്ട് ആ കഥാപാത്ര സാക്ഷാൽകാരത്തിൽ അദ്ദേഹം വരുത്തിയ കൃത്യതയാണ് പ്രേക്ഷകർ അദ്ദേഹത്തെ ഒരു പ്രിയപ്പെട്ട കലാകാരനായി മനസ്സിൽ ഏറ്റാൻ പ്രധാന കാരണം.  

 

അദ്ദേഹത്തിന് ജീവിതത്തിലെ ഓരോ കാര്യങ്ങളോടും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. എന്തെങ്കിലും അനീതി നടക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.  അത് പറയാൻ അദ്ദേഹത്തിന് ഒരു മടിയും ഒരുകാലത്തും ഉണ്ടായിട്ടില്ല.  ഞാൻ പോലും ഡിപ്ലോമാറ്റിക് ആയിട്ടാണ് പെരുമാറിയിട്ടുള്ളത്. എന്നാൽ അദ്ദേഹം എന്തും തുറന്നു പറയും, അൽപം വിവാദം സൃഷ്ടിച്ചാലും ഒന്നും കണക്കിൽ എടുക്കില്ല.  സിനിമ രംഗത്ത് ഒരു നടൻ എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ ഭാഗമായ ഒരു കലാകാരൻ വർധിക്കുമ്പോൾ അദ്ദേഹം അനുഷ്ഠിക്കേണ്ട ചില ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്ന കാര്യം എല്ലാ കാലത്തും ഉറച്ചു വിശ്വസിച്ചു പ്രതികരിച്ചിട്ടുള്ള വലിയൊരു കലാകാരനായിരുന്നു മാമുക്കോയ’’–ജഗദീഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com