ADVERTISEMENT

ശ്രീനാഥ്‌ ഭാസി ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടേതായിരിക്കുമെന്നും നടൻ ബാബുരാജ്. തനിക്കു തന്നെ ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാണ്, അതുകൊണ്ട് അതിന്റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാണിക്കാനും പ്രതിസന്ധി വരുമ്പോൾ പിന്തുണയ്ക്കുവാനും ഒരു സംഘടനയുടെ പിൻബലം നല്ലതാണ്. ഒരു പ്രശ്നം വരുമ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനകളുമായി മാത്രമേ ചർച്ച ചെയ്യൂ എന്ന് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് എല്ലാവർക്കും സംഘടനകളിൽ അംഗത്വം വേണ്ടിവരുന്ന സാഹചര്യം ആണ്. പത്തുവർഷത്തിലേറെയായി സിനിമയിൽ ഉള്ള ശ്രീനാഥ് ഭാസി ഇപ്പോൾ ‘അമ്മ’യിൽ അംഗത്വമെടുക്കാൻ മുന്നോട്ട് വന്നതിന്റെ അർഥം അദ്ദേഹത്തിന് മാറ്റമുണ്ടായിട്ടുണ്ടെന്ന് തന്നെയാണെന്നും എല്ലാം കലങ്ങി തെളിയുന്ന സമയം വരുമെന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ആരെയും തെറ്റുപറഞ്ഞിട്ടു കാര്യമില്ല. ‘അമ്മ’യിലെ അംഗത്വം എടുത്തിട്ട് എന്തിനാണ് എന്നായിരിക്കും ഇവരൊക്കെ ചിന്തിച്ചിരിക്കുക. ഭാസിയൊക്കെ എത്രയോ സിനിമകൾ അംഗത്വമില്ലാതെ ചെയ്തവരാണ്. ഞങ്ങളൊക്കെ പണ്ട് ‘അമ്മ’യിലെ അംഗത്വത്തിന് പിന്നാലെ നടന്നവരാണ്. അന്നൊക്കെ കുറച്ചുകൂടി കഴിയട്ടെ എന്നുപറഞ്ഞു. എത്രയോ വർഷം പുറകെ നടന്നിട്ടാണ് ‘അമ്മ’യിൽ മെംബർഷിപ്പ് കിട്ടിയത്. ആ മെംബർഷിപ്പിന്റെ വില നമുക്കറിയാം. ഇവിടെ ചെറുപ്പക്കാരായ നടന്മാർക്ക് ഈ അംഗത്വത്തിന്റെ വില മനസ്സിലായി കാണില്ല. ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എഗ്രിമെന്റിൽ പറയുന്നത് അഭിനയിക്കുന്ന വ്യക്തിയുമായി ചർച്ചയ്ക്കോ മധ്യസ്ഥത്തിനോ തയാറല്ല എന്നാണു. സംഘടനകളുമായി മാത്രമേ അവർ ചർച്ച ചെയ്യൂ. അപ്പോൾ അവിടെയാണ് അസോസിയേഷന്റെ പ്രസക്തി വരുന്നത്. ഇവരൊക്കെ അത് മനസ്സിലാക്കാൻ കുറച്ചു വൈകിപ്പോയിട്ടുണ്ടാകാം.

ഒരു പ്രശ്നമുണ്ടാകുമ്പോൾ നിർമാതാവ്, പ്രൊഡ്യൂസർ അസോസിയേഷനിൽ ചെന്നുകഴിഞ്ഞാൽ അവർ താരങ്ങളുടെ സംഘടനയുമായി മാത്രമേ ചർച്ച ചെയ്യൂ എന്നാണു പറയുന്നത്. ഷെയ്‌ൻ നിഗം എന്ന നടന് പല പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടാവുകയും ഞങ്ങൾ ഞങ്ങളുടെ അംഗത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. പല പ്രശ്നങ്ങളും ‘അമ്മ’ ഇടപെട്ട് ഒത്തുതീർപ്പിലാക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നിർമാതാക്കൾ പറയുന്നതിലും കഴമ്പുണ്ട് എന്ന് പറയേണ്ടി വരികയാണ്. ഇപ്പോൾ എന്തായാലും ശ്രീനാഥ് ഭാസി ‘അമ്മ’യുടെ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്. ആ അംഗത്വം കൊടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏതെങ്കിലും ഒരംഗം എതിർപ്പ് പ്രകടിപ്പിച്ചാൽ മെംബർഷിപ്പ് കൊടുക്കാൻ കഴിയില്ല. ‘അമ്മ’യുടെ മെംബർഷിപ്പ് ഫോമിൽ ചില മാനദണ്ഡങ്ങളുണ്ട്. ജൂൺ 25 നു ജനറൽ ബോഡി കൂടുന്നതിന് മുൻപ് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും അതിലാകും ശ്രീനാഥിന്റെ അംഗത്വ അപേക്ഷ ചർച്ച ചെയ്യുക.

ആരെയും മാറ്റി നിർത്തണമെന്ന് ‘അമ്മ’യ്ക്കില്ല. ശ്രീനാഥ് ഭാസിയും ഷെയ്‌നുമൊക്കെ എത്രയോ സിനിമകളിൽ നായകന്മാരായി അഭിനയിച്ചിട്ടുള്ളതാണ്. അവർക്ക് ഒരുകൂട്ടം ആരാധകരുമുണ്ട്. നമ്മുടെ വീട്ടിൽ തന്നെ അച്ഛനും അമ്മയുമൊക്കെ വഴക്ക് പറയുമ്പോൾ നമുക്ക് വിഷമം വരുമെങ്കിലും അതൊക്കെ നേരായ വഴിയിൽ നീങ്ങാൻ വേണ്ടിയാണ്. എല്ലാവർക്കും പിന്തുണയ്ക്കാനും നല്ലത് പറഞ്ഞുകൊടുക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ. ഇന്നത്തെ ചെറുപ്പക്കാരായ താരങ്ങൾക്ക് നല്ല ശമ്പളമാണ്. ഞങ്ങളൊക്കെ സിനിമയിൽ വന്ന് പത്തും പതിനഞ്ചും വർഷം കഴിഞ്ഞിട്ടാണ് ആയിരവും രണ്ടായിരവും രൂപ ശമ്പളം വാങ്ങിയത്. ഇപ്പോഴത്തെ കുട്ടികൾക്ക് സിനിമയിൽ വരാൻ അത്രയും ബുദ്ധിമുട്ടും ഇല്ല, നല്ല പ്രതിഫലവുമുണ്ട്. എന്തായാലും ഇവരെല്ലാം ഇൻഡസ്ട്രിയിൽ നിലനിൽക്കേണ്ടത് ആവശ്യമാണ്.

ആരെങ്കിലും ഒരാൾ "മോനെ അങ്ങനെ അല്ല ഇങ്ങനെയാണ്" എന്ന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ട്. അതിനൊരു സംഘടനയുടെ ഭാഗമാകണം. ഒരു സംഘടനയിൽ അംഗമാകുമ്പോഴാണ് നമ്മുടെ പിന്നിലും ചോദിക്കാനും പറയാനും ആളുണ്ട് എന്ന് തോന്നുന്നത്. താരങ്ങൾ അതിരാവിലെ വരണം എന്ന് പറയുമ്പോൾ അവർ തലേദിവസം എത്ര മണിക്ക് ആണ് ഷൂട്ടിങ് പൂർത്തിയാക്കി പോയത് എന്നുകൂടി നോക്കണം. തലേന്ന് രാത്രി 2 മണിക്ക് പോയ ഒരാൾക്ക് പിറ്റേന്ന് രാവിലെ 7 മണിക്ക് വരാൻ പറ്റി എന്ന് വരില്ല. അതിന്റെ പേരിൽ പ്രശ്നമുണ്ടാവുകയാണെങ്കിൽ താരങ്ങൾക്കൊപ്പം നിൽക്കാനും അവർക്ക് വേണ്ടി വാദിക്കാനും ആരെങ്കിലും വേണം. അവരുടെ ഭാഗം പറയാൻ ഒരു സംഘടന ഉള്ളത് അവർക്കും നല്ലതാണ്. ഞങ്ങളുടെ അംഗത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. ഈ മഞ്ഞുരുകി തീരും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കുട്ടികളല്ലേ അവർ തെറ്റ് തിരുത്തി തിരിച്ചു വരും എന്നാണു കരുതുന്നത്.

ഇപ്പോൾ അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ശ്രീനാഥിന് വീണ്ടുവിചാരം ഉണ്ടായിട്ടുണ്ട് എന്നാണു മനസ്സിലാക്കുന്നത്. എല്ലാവർക്കും അംഗത്വം വേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. നമുക്ക് വേണ്ടി വാദിക്കാനും നിയന്ത്രിക്കാനും ഒരു സംഘടനയുടെ പിൻബലം ഉള്ളതാണ് നല്ലത്. മഞ്ഞുരുകും, എല്ലാം കലങ്ങി തെളിയും എന്നുതന്നെയാണ് എന്റെ വിശ്വാസം.’’ ബാബുരാജ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com