മണ്ണിൽ, മനസ്സിൽ തൊട്ട്

Mail This Article
ഒരു പൊതുചടങ്ങിൽ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിച്ചു. പക്ഷേ, പ്രസംഗം ശ്രോതാക്കൾക്കും സംഘാടകർക്കും രസിച്ചില്ല. ഭാരവാഹികൾ പറഞ്ഞു: ‘എല്ലാവരും തമാശ പ്രസംഗമാണു പ്രതീക്ഷിച്ചത്. പ്രസംഗം സീരിയസായിപ്പോയി’. ഉടൻ വന്നു, മാമുക്കോയയുടെ മറുപടി: ‘ഇങ്ങനെയാണെങ്കിൽ വില്ലൻ നടന്മാരെ ഒരു പരിപാടിയിൽ ക്ഷണിച്ചാൽ നിങ്ങൾ സ്റ്റേജിൽ വച്ച് ബലാത്സംഗം ചെയ്തുകാണിക്കാൻ പറയുമല്ലോ’!
കുറിക്കുകൊള്ളുന്ന മറുപടിയിലൂടെ ഉത്തരം മുട്ടിക്കാൻ മാമുക്കോയയ്ക്കറിയാമായിരുന്നു. കല്ലായിയിലെ തടിയളവുകാരന്റെ ശരാശരി മനസ്സാണു തന്റേതെന്നു മാമുക്കോയ പറഞ്ഞിട്ടുണ്ട്. കടമ്മനിട്ട രാമകൃഷ്ണനെ ബാലചന്ദ്രൻ ചുള്ളിക്കാട് പരിചയപ്പെടുത്തിയപ്പോൾ കല്ലായിയിലെ മരംപോലെയെന്നു മാമുക്കോയയ്ക്കു തോന്നിയത് ആ നിഷ്കളങ്കതകൊണ്ടാണ്. അതേ നിഷ്കളങ്കതയാണു കോഴിക്കോട്ടെ കെട്ടുറപ്പുള്ള സൗഹൃദങ്ങളിലെ അനിവാര്യമായ ചങ്ങലക്കണ്ണിയായി മാമുക്കോയയെ മാറ്റിയത്.
കല്യാണത്തിനു പുതിയാപ്പിളയായി പൂമാലയുമിട്ട് ഘോഷയാത്രയിൽ മുൻപേ നടക്കുമ്പോൾ മാമുക്കോയയുടെ കാലിൽ ചെരിപ്പില്ലായിരുന്നു. ‘എല്ലാം വാങ്ങിയപ്പോ ചെരിപ്പ് വാങ്ങാൻ പണമില്ല. അതങ്ങു വിട്ടുകളഞ്ഞു. കല്ലായിയിലെ ഒരു തടിയളവുകാരന്റെ മംഗലത്തിൽ കവിഞ്ഞ ഒരാഘോഷവുമുണ്ടായില്ല. പക്ഷേ, എന്റെ മംഗലത്തിനു വന്നവര് ചെറിയ ആൾക്കാരല്ല-എസ്.കെ.പൊറ്റെക്കാട്ട്, യു.എ.ഖാദർ, ബാബുരാജ്...കല്ലായിയിലെ ഒരു തടിയളവുകാരന് ഇതിൽപരം മറ്റെന്തു വേണം?’-മാമുക്കോയ ചോദിക്കും.
സൗഹൃദമായിരുന്നു എവിടെയും മാമുക്കോയയ്ക്കു കൈത്താങ്ങ്. ആദ്യസിനിമയിലേക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയായിരുന്നെങ്കിൽ വേഷത്തിനു പകിട്ടുസമ്മാനിച്ചത് ബഹദൂറിന്റെ സൗഹൃദക്കരുത്തായിരുന്നു. ‘അന്യരുടെ ഭൂമി’, ‘സുറുമയിട്ട കണ്ണുകൾ’ എന്നീ സിനിമകൾക്കുശേഷം അവസരങ്ങൾ കാത്തിരുന്നപ്പോൾ തുണയായതും സൗഹൃദച്ചരടുതന്നെ. സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിൽ ഒന്നുരണ്ടു സീനേ മാമുക്കോയയ്ക്ക് തിരക്കഥയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും സിബിക്ക് ഇഷ്ടം കൂടിയതനുസരിച്ച് സീനുകളുടെ എണ്ണവും കൂടി. പിന്നീട് സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും സിനിമകളിലെ പതിവു സാന്നിധ്യമായി മാറിയതും നിഷ്കളങ്കമായ അഭിനയത്തിന്റെയും ചങ്ങാത്തത്തിന്റെയും പിൻബലത്തിൽ തന്നെ.
വിലപിടിപ്പുള്ള സൗഹൃദങ്ങൾക്കു പുറമേ, സൂക്ഷ്മനിരീക്ഷണവും സാമൂഹികവിഷയങ്ങളോടുള്ള ശക്തമായ പ്രതികരണവും മാമുക്കോയയെ പതിവു സിനിമാക്കാരിൽനിന്നു വേറിട്ടുനിർത്തി. ചിരിക്കപ്പുറം ചിന്തയുടെ സൂക്ഷ്മദർശിനി മാമുക്കോയയ്ക്കു സമ്മാനിച്ചത് ജീവിതത്തിന്റെ മുള്ളും കയ്പുമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാപ്പ മരിച്ചു. വേറെ ഭാര്യയും 3 മക്കളുമുണ്ടായിരുന്ന ബാപ്പ അവരോടൊപ്പമായിരുന്നു താമസം. പുകവലിമൂലം ഇരു കാലുകളും മുറിച്ചുകളയേണ്ടിവന്ന ജ്യേഷ്ഠൻ കിടപ്പിലായിരുന്നു. മാമുക്കോയയും ജ്യേഷ്ഠൻ കോയട്ടിയും പെങ്ങൾ പാത്തുമ്മക്കുട്ടിയും ഉമ്മ ഇംബാച്ചി ആയിഷയുമടങ്ങുന്ന കുടുംബം ഒന്നിച്ചാണു കഴിഞ്ഞത്.
കുടുംബത്തിലെ പട്ടിണി കാരണം എൽപി സ്കൂളിൽ പഠിക്കുമ്പോൾതന്നെ മാമുക്കോയ പലവിധ ജോലികളിൽ ഏർപ്പെട്ടു. കല്ലായിപ്പുഴയിൽനിന്നു മണ്ണ് വാരി വിൽക്കുക, മരത്തൊലി വിൽക്കുക, മുരിങ്ങയില പറിച്ചു വിൽക്കുക...അങ്ങനെ കിട്ടുന്ന പണംകൊണ്ട് കപ്പയും കായ്കറികളും വാങ്ങി പള്ളിക്കണ്ടിയിൽ കൊണ്ടുപോയി വിറ്റ് പഠിക്കാൻ പുസ്തകവും പേനയും വാങ്ങി. പണം പാഴാക്കേണ്ടെന്നു കരുതി 10–ാം ക്ലാസിൽ പഠനം നിർത്തി. പിന്നീടു കല്ലായിയിൽ മരങ്ങളുടെ അളവെടുക്കുന്ന പണിയായി.