ADVERTISEMENT

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ലളിതശ്രീ. ‘അമ്മ’ സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറഞ്ഞു. നാളെ താൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു എന്നും അതു കൊണ്ടു മാത്രം ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നും നടി ചോദിക്കുന്നു.

 

‘‘വളരെ ഖേദഃപൂർവമാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്. ഓൺലൈൻ മീഡിയയിൽ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടിനടന്മാർ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തിൽ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയിൽ ആയിരുന്നെങ്കിൽ എന്നൊക്കെ വായിൽ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയിൽ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയിൽ പറയുന്നു. ഞാൻ ആ സംഘടനയിൽപ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്. 

 

അദ്ദേഹം ചെല്ലുന്നതുതന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പർ സ്റ്റാറുകൾ എത്തിയില്ല എന്ന് പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാൽ വല്ലതും വിളിച്ചു പറഞ്ഞാൽ ഓൺലൈനിൽ വൈറൽ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങൾക്കു പിന്നിൽ. പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പർ സ്റ്റാർസിനുള്ള ആരാധകർ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീർച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറൽ അവസാനിപ്പിക്കുക. നാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക.’’–ലളിതശ്രീ പറഞ്ഞു.

 

മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പ്രതികരണം സിനിമാ മേഖലയില്‍ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്.

 

എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും താരങ്ങൾ വരാതിരുന്നതിൽ പരാതിയോ പരിഭവമോ ഇല്ലെന്നും മാമുക്കോയയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com