ADVERTISEMENT

മലയാള സിനിമാലോകത്തെ റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിലൊന്നാണ് ‘പഞ്ചാബി ഹൗസ്’.  കൈമൾ മാഷിന്റെ മകൻ ഉണ്ണിയുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു ചിത്രമെങ്കിലും മുതലാളിയും രമണനും കഥയിലേക്കെത്തുന്നതോടെ കോമഡിയുടെ അളവും മാറി. 1998 ൽ റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 25 വർഷങ്ങൾക്കിപ്പുറവും സൂപ്പർ ഹിറ്റ് തന്നെയാണ്. കോമഡിക്കുവേണ്ടി കഷ്ടപ്പെടുന്ന പുതിയ മലയാള ചിത്രങ്ങൾക്കെല്ലാം ഇന്നും അദ്ഭുതമാണ് ഈ ചിത്രം. രസകരമായ രംഗങ്ങളിലൂടെ കാണികളെ പിടിച്ചിരുത്തിയ പഞ്ചാബി ഹൗസിന്റെ പിറവിയെക്കുറിച്ചു റീവൈൻഡ് റീൽസിലൂടെ സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിനും, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ രമണനെ അവതരിപ്പിച്ച നടൻ ഹരിശ്രീ അശോകനും...

 

ട്രെയിൻ യാത്രയിൽ കിട്ടിയ കഥ 

 

സംവിധായകൻ മെക്കാർട്ടിനും സുഹൃത്തുക്കളും നടത്തിയ ഒരു ട്രെയിൻ യാത്രയിലായിരുന്നു പഞ്ചാബിഹൗസിന്റെ കഥ ഉടലെടുക്കുന്നത്. ‘‘യാത്രയ്ക്കിടയിൽ കഴിക്കാൻ ലഭിച്ച ഭക്ഷണം വളരെ മോശമായിരുന്നു. അത് കഴിക്കാൻ വയ്യാതെ ഞങ്ങൾ അത് കളഞ്ഞു. എന്നാൽ പെട്ടന്നൊരു കുട്ടി വന്നു ആ ഭക്ഷണമെടുത്തു കഴിച്ചു. സ്കൂൾ യൂണിഫോമിലായിരുന്ന അവനോട് അത് കഴിക്കരുതെന്നു പറഞ്ഞെങ്കിലും ആ ബാലൻ ഞങ്ങളോട് മറുപടി പറഞ്ഞത് ആംഗ്യ ഭാഷയിലായിരുന്നു. ഒരുപക്ഷേ അവൻ  ഞങ്ങളുടെ മുൻപിൽ അഭിനയിച്ചതാണോ എന്ന തോന്നലിൽ നിന്നുമാണ് പഞ്ചാബിഹൗസ് എഴുതാൻ തീരുമാനിക്കുന്നത്. സംസാരശേഷിയുള്ളയാൾ ഊമയായി അഭിനയിച്ചാൽ എങ്ങനെയായിരിക്കുമെന്നതായിരുന്നു ആദ്യ ചിന്ത. ഒരു സൂപ്പർ മാർക്കറ്റിലെത്തുന്ന യുവാവ് അവിടെ ജോലി ചെയ്യുന്ന സംസാരശേഷിയില്ലാത്ത യുവതിയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു സാധനങ്ങളുടെ വിലയെല്ലാം ആംഗ്യങ്ങളിലൂടെ തിരക്കുന്നു അങ്ങനെ അവർ തമ്മിലുള്ള സൗഹൃദമായിരുന്നു ആദ്യം എഴുതിയത്, പിന്നീട് ഒരുപാടു മാറ്റങ്ങൾക്കു ശേഷമാണ് പഞ്ചാബി ഹൗസ് ഇന്ന് കാണുന്ന രൂപത്തിലേയ്ക്കെത്തിയത്.  

 

എഴുതാനായി ഒരുപാട് സമയം കിട്ടിയിരുന്നു. അതിനാൽ കഥയുടെ നീളം നോക്കാതെയായിരുന്നു എഴുത്ത്. അതുപോലെ സ്ക്രിപ്റ്റ് നീളം കൂടാനുള്ള മറ്റൊരു കാരണമായിരുന്നു മുതലാളിയും രമണനും.  ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും കഥാപാത്രങ്ങൾ വന്നതോടെ എഴുത്തിന്റെ വേഗം കൂടി ഒരുപാട് സീനുകളും എഴുതി വച്ചു. പിന്നീട് സ്ക്രിപ്റ്റ് ചുരുക്കുകയായിരുന്നു.  ഷൂട്ടിങ് കഴിഞ്ഞും ഒരുപാട് നല്ല സീനുകൾ ഒഴിവാക്കേണ്ടതായി വന്നു. അതിൽ പ്രധാന സീനായിരുന്നു അശോകന്റെ സെന്റിമെന്റൽ സീൻ.’’– മെക്കാർട്ടിൻ പറയുന്നു.

 

രമണൻ ഒരു കോമഡി കഥാപാത്രമല്ല; അന്ന് ഡിലീറ്റ് ചെയ്ത ആസീൻ ഉണ്ടായിരുന്നെങ്കിൽ

 

ചിത്രത്തിലെ ഹൈലൈറ്റ് ക്യാരക്ടർ രമണൻ ഒരു കോമഡി കഥാപാത്രമല്ല. രമണനാണ് ആ ചിത്രത്തിലെ എല്ലാ കുരുക്കുകളും അഴിക്കുന്നത്. മുതലാളിയോട് പോലും വളരെ സീരിയസ് ആയിട്ടാണ് രമണൻ സംസാരിക്കുന്നത്. എന്നാൽ അത് തമാശയിലേയ്ക്കെത്തുകയാണെന്ന് രമണനെ അവതരിപ്പിച്ച നടൻ ഹരിശ്രീ അശോകൻ പറയുന്നു. ‘‘അന്ന് സെന്റിമെൻസ് സീനുകൾ ചെയ്യാൻ എനിക്കു കൊതിയായിരുന്നു അങ്ങനെ ആഗ്രഹിച്ചു കിട്ടിയതായിരുന്നു പഞ്ചാബി ഹൗസിലെ ഒരു സീൻ, ഷൂട്ടിനു മുൻപ് ദിലീപ് വന്നു പറഞ്ഞു ‘‘ചേട്ടാ ഇത് ചേട്ടന്റെ സീനാ തകർത്തോണം’’ അന്ന് വലിയ സന്തോഷമുള്ള ദിവസമായിരുന്നു എനിക്ക്.

ചങ്ങനാശേരി ചന്തയിൽ പൂരത്തിന്റെ ജനം; ‘മോഹൻലാൽ എന്നെ നോക്കി ചിരിച്ചു’

പിന്നീട് ഡബ്ബ് ചെയ്യാനായി നടി സരിത വന്നപ്പോൾ ആ സീൻ കാണുവാൻ ഇടയായി അത് കണ്ടുകഴിഞ്ഞു സരിത എന്നെ വിളിച്ചു പറഞ്ഞു ഗംഭീരമായിട്ടുണ്ടെന്ന്. ആ സന്തോഷത്തിൽ ഞാൻ സംവിധായകരിലൊരാളായ റാഫിയെ വിളിച്ചപ്പോൾ റാഫി എന്നോട് പറഞ്ഞു, അത് കട്ട് ചെയ്ത് പോകും അന്നെനിക്കുറക്കമില്ലായിരുന്നു. പിന്നീട് സിനിമ ഇറങ്ങി ഹിറ്റ് ആയി ഓടുന്നതു കണ്ട്  ഞാൻ റാഫിയോട് ചോദിച്ചു,  ഇനിയെങ്കിലും ആ സീൻ ഉൾപ്പെടുത്തിക്കൂടെ? ഇനി ആ സീൻ വച്ചാൽ ഹരിശ്രീ അശോകനെ ആളുകൾ കണ്ണുവയ്ക്കുമെന്നായിരുന്നു റാഫിയുടെ മറുപടി.

 

കൊട്ടാരം പോലൊരു കല്യാണപ്പന്തൽ

 

പത്രവാർത്തയിൽ കണ്ടൊരു ഉത്സവപ്പന്തലിന്റെ ചിത്രത്തിൽ നിന്നാണ് ഇങ്ങനൊരു വലിയ കല്യാണപ്പന്തൽ സിനിമയിലെത്തുന്നത്. ‘‘ഷൂട്ടിങ്ങിനു മുൻപായി ഏറ്റവും കൂടുതൽ ചിന്തിച്ചത് പഞ്ചാബികളുടെ ‍ഡ്രോയിങ് റൂമിനെ പറ്റിയായിരുന്നു. ഇത്രയധികം അഭിനേതാക്കൾക്ക് ഒരുമിച്ചു നിൽക്കാൻ സ്ഥലം വേണം, ക്യാമറയും, ക്രെയിനുമെല്ലാം അതിനുള്ളിൽ കയറ്റണം. അങ്ങനെ കൊച്ചിയിലെ ഒരു ഹാൾ വാടകയ്ക്കെടുത്തു ചീറ്റ് ചെയ്ത് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീടാണ് പത്രത്തിൽ വന്ന ഒരു പന്തൽ ഞാൻ ശ്രദ്ധിച്ചത്. അത് വളരെ വലുതായിരുന്നു, കാഴ്ചയിൽ പന്തലാണെന്നു തോന്നുകയുമില്ല. എന്നാൽ  നമുക്കും അങ്ങനൊരു പന്തലിൽ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ച് വലിയൊരു പന്തൽ നിർമിച്ചു. അങ്ങനെ സ്ക്രിപ്റ്റിൽ എഴുതി ചേർത്തു, ‘പൂജയുടെ കല്യാണം മുടങ്ങി’. കല്യാണത്തിനിട്ട കൊട്ടാരം പോലുള്ള ആ പന്തൽ ഇനി കല്യാണത്തിനു ശേഷമേ അഴിക്കൂ.  അങ്ങനെ പന്തലുകാരൻ ലോറന്‍സായി മച്ചാൻ വർഗീസിന്റെ കഥാപാത്രവും കഥയിലേയ്ക്ക് വന്നു. പഞ്ചാബികളുടെ രീതിയും ആചാരങ്ങളും മനസ്സിലാക്കാനായി ഞങ്ങൾ ഒരു പഞ്ചാബി കല്യാണ വിഡിയോ സംഘടിപ്പിച്ചു. അതിൽ നിന്നുമാണ് വസ്ത്രങ്ങളും ആചാരങ്ങളുമെല്ലാം ഞങ്ങൾ തയാറാക്കിയത്. വസ്ത്രാലങ്കരത്തിനായി വേലായുധൻ കീഴില്ലത്തെ ഏൽപ്പിച്ചു. അതി മനോഹരമായി തന്നെ വേലായുധൻ വസ്ത്രങ്ങൾ ഒരുക്കി’’.–മെക്കാർട്ടിൻ പറയുന്നു.

 

മോഹൻലാലിനെ നായകനാക്കി എഴുതിയ തിരക്കഥ 

 

‘‘എനിക്കു കഥയെഴുതുമ്പോൾ ഡയലോഗ് കിട്ടാനായി ഒരു സൂത്രപ്പണി ചെയ്യാറുണ്ട്. പരിചയമുള്ള ഒരു നടനെ വച്ച് എഴുതി തുടങ്ങും. അങ്ങനെ മോഹൻലാലായിരുന്നു നായകൻ. പിന്നീട് എഴുത്തിന്റെ ശൈലിയിലേയ്ക്ക് എത്തിയപ്പോൾ ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നി. അങ്ങനെയാണ് ദിലീപിലേയ്ക്ക് എത്തുന്നത്. ഉണ്ണിയുടെ വേഷം ദിലീപ് ചെയ്താല്‍ എത്രത്തോളം മികച്ചതാകുമെന്നു ഒരു ചർച്ച വന്നെങ്കിലും കഥ ദിലീപിനോട് പറഞ്ഞപ്പോൾ നല്ല പ്രതികരണമായിരുന്നു, പിന്നീടുള്ള ഡിസ്കഷൻസിൽ ദിലീപും പങ്കെടുത്തു. ഉണ്ണിയെ അദ്ദേഹം വളരെ മികച്ചതാക്കി. 

‘പറക്കും തളികയിൽ’ അൻവർ റഷീദ് 10 തവണ വീണു ! അറിയാക്കഥ പറഞ്ഞ് സംവിധായകൻ 

റിലീസിനെത്തിയപ്പോഴാണ് അടുത്ത പ്രശ്നം നേരിട്ടത്. ഓണം റിലീസായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്. എന്നാൽ ഓണത്തിനു മറ്റു രണ്ട് വലിയ ചിത്രങ്ങളുണ്ടായിരുന്നു. ഫാസിൽ സാറിന്റെ ‘ഹരി കൃഷ്ണന്‍സും’ സിബി മലയിലിന്റെ ‘സമ്മർ ഇൻ ബത്ലഹേമും’ അതിനിടയിലേയ്ക്ക് പഞ്ചാബി ഹൗസുമായി ചെന്നാൽ ഒരു ചെറിയ ചിത്രമാകാൻ സാധ്യതയുണ്ട് അതിനാൽ ഓണം കണ്ടിന്യുവേഷൻ റിലീസായി തീരുമാനിച്ചു. അപ്പോൾ വന്ന അടുത്ത പ്രശ്നമായിരുന്നു ഫിലിം റീൽ സൂക്ഷിക്കുന്നത്.  ഒരുമിച്ചു സൂക്ഷിച്ചാൽ വ്യജ പ്രിന്റ് ഇറങ്ങുമെന്നു ഭയന്ന് പ്രൊഡ്യൂസർ സാഗ അപ്പച്ചൻ ക്ലൈമാക്സ് റീലുകൾ മറ്റെവിടെയോ കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.’’–മെക്കാർട്ടിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com