ADVERTISEMENT

സമാന്ത നായികയായി അഭിനയിച്ച ശാകുന്തളത്തിന്റെ ദയനീയ പരാജയത്തിലുടെ നിർമാതാവിനുണ്ടായത് കോടികളുടെ നഷ്ടം. നിർമാതാവ് ദിൽ രാജുവിന് 22 കോടി രൂപയുടെ നഷ്ടമാണ് സിനിമ മൂലമുണ്ടായത്. തന്റെ 25 വർഷത്തെ സിനിമാ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളമെന്ന് ദില്‍ രാജു പ്രതികരിച്ചു.

 

‘‘2017 എന്റെ കരിയറിലെ മികച്ച വർഷമായിരുന്നു. നേനു ലോക്കൽ, ശതമാനം ഭവതി, മിഡിൽ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകൾ ഉണ്ടായി. അൻപത് സിനിമകൾ നിർമിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ 25 വർഷത്തെ സിനിമാ കരിയറില്‍ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.’’–ദിൽ രാജു പറഞ്ഞു.

 

റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. സമാന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്. 65 കോടി രൂപയിലേറെ ബജറ്റിൽ നിർമിച്ച ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്.

 

തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. ആഗോളതലത്തിൽ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല. എൺപത് കോടിക്കു മുകളിൽ ചെലവുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ആകെ കലക്‌ഷൻ പത്തുകോടി പോലുമില്ല.

 

വലിയ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിൽ നിലവാരമില്ലാത്ത വിഎഫ്എക്സ് രം​ഗങ്ങൾ മടുപ്പുളവാക്കും. മികച്ച ദ്യശ്യാനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ 3ഡി പതിപ്പ് പോലും നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷക പ്രതികരണം. സിനിമ മുഴുവനും ഒരു ഇൻഡോർ സ്റ്റുഡിയോയിൽ ചിത്രീകരിച്ചതായി തോന്നും. സെറ്റ് വർക്കുകളും നിലവാരം പുലർത്തിയില്ല. ദൃശ്യ വിസ്മയമൊരുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നാണ് പ്രധാന വിമർശനം.

 

ഗുണശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ശകുന്തളയുടെ വേഷമായിരുന്നു സമാന്ത അവതരിപ്പിച്ചത്. ചിത്രത്തിൽ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com