ADVERTISEMENT

ഇളംതെന്നലേൽക്കുന്ന സുഖമുണ്ട് ‘ അനുരാഗം’ കണ്ടിരിക്കുമ്പോൾ. ആ ചിത്രത്തിലെ അമ്മയും മകനും നമ്മുടെ മനസ്സിൽ സ്നേഹബന്ധത്തിന്റെ പുതിയ അനുഭവം പങ്കുവയ്ക്കുന്നു. നടി ഷീലയെയും നടൻ ജോണി ആന്റണിയെയും നമ്മൾ ഏറെ സ്നേഹിച്ചു പോകുന്നു. ചിത്രത്തിന്റെ ആദ്യപകുതിയിൽ കുസൃതിക്കാരനായ മകനും അമ്മയും തമ്മിലുള്ള രുചിക്കുന്ന രസച്ചേരുവയാണെങ്കിൽ രണ്ടാം പകുതിയിൽ അൽപം വ്യഥ പടർത്തിയേ നമുക്കു ചിത്രത്തോടൊപ്പം സഞ്ചരിക്കാനാവൂ. അമ്മ നമ്മുടെയെല്ലാമ മനസ്സിൽ സ്വന്തം അമ്മയായി നിറയുന്നു. അപ്രതീക്ഷിതമായി സീനിൽ നിന്നു മരണത്തിലേക്കു വഴുതി വീഴുന്ന അമ്മ. ചിരി പടർത്തി മാത്രം സ്ക്രീനിൽ സജീവമാകുന്ന മകൻ അനാഥനാകുന്നതിൽ മകനേക്കാൾ കാഴ്ചക്കാർ പ്രയാസപ്പെടുന്നു. അവിടെയാണു ദേവയാനിയുടെ കഥാപാത്രം ഇഷ്ടത്തോടെ നമ്മളിലേക്കു കയറിവരുന്നത്. ചിരിക്കൊപ്പം മാത്രം ചേർന്നു നിൽക്കുന്ന ജോണി ആന്റണിയുടെ രൂപാന്തരപ്പെടൽ ‘ അനുരാഗം’ കൂടുതൽ സുഖമുള്ള സിനിമയാക്കി മാറ്റുന്നു. അമ്മയുടെ സംസ്കാര ചടങ്ങിൽ ചുണ്ടുകടിച്ചു കരയുന്ന ജോണിയുടെ കഥാപാത്രം വല്ലാതെ നമ്മളെ നൊമ്പരപ്പെടുത്തുമ്പോൾ ജോണി ആന്റണി എന്ന നടൻ കൂടുതൽ വളർച്ചിയിലേക്കു പോകുന്നതായി സിനിമാലോകം തിരിച്ചറിയുക കൂടി ചെയ്യുകയാണ് ‘ അനുരാഗം’ എന്ന സിനിമയിലൂടെ. 

 

∙ പ്രായത്തിനപ്പുറത്തെ പ്രണയം

 

പ്രണയം പ്രായത്തിനപ്പുറവും നമ്മളെ കൂടുതൽ ആവേശഭരിതരാക്കുമെന്ന് അനുരാഗം പറഞ്ഞുവയ്ക്കുന്നു. നാൽപതികളിലെ പ്രണയം എത്ര മനോഹരമായാണു സിനിമയിൽ എഴുതിച്ചേർത്തിരിക്കുന്നത്. ‘ അമ്മമാർക്കും പ്രണയിച്ചാലെന്താ..’ എന്നു മകൻ പറയുമ്പോൾ തിയറ്ററിൽ ഉയരുന്ന കയ്യടികളാണ്  ചിത്രത്തിന്റെ വിജയം തീരുമാനിച്ചത്. ഷഹദ് നിലമ്പൂർ എന്ന ചെറുപ്പക്കാരനായ സംവിധായകൻ അതിമനോഹരമായ കവിത പോലെയാണ് ഈ ചിത്രത്തെ തിയറ്ററിലെത്തിച്ചിരിക്കുന്നത്. കഥയെക്കാൾ ഈ ചിത്രത്തിന്റെ തിരക്കഥയാണു താരം എന്നു നടി ഷീല തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിറപ്പകിട്ടുള്ളതാണ് ഓരോ സീനുകളും. ചിത്രത്തിന്റെ പോസ്റ്ററുകൾ പോലും കൂടുതൽ ആകർഷകമായതും ഈ നിറപ്പകിട്ട് പകർത്തിയതിലൂടെയാണ്. കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും പറഞ്ഞാണ് ഈ ചിത്രത്തിലെ ഹിറ്റ് ചാർട്ടിലെത്തിക്കുക. വലിയ താരനിരയില്ലാതെ മനസ്സുകളിക്കു ചേക്കേറാനാവുന്ന ‘അനുരാഗം’ മലയാളത്തിൽ കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്കു തിരികെയത്തിക്കാൻ സാധിക്കുന്ന കാമ്പുള്ള ചിത്രമാണ്. ഷഹദ് എന്ന നിലമ്പൂരുകാരൻ മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾക്ക് ഇടംനൽകുന്ന സംവിധായകനാണ്. ചെറുപ്രായത്തിൽ അതിമനോഹരങ്ങളായ രണ്ടു ചിത്രങ്ങളാണു ഷഹദ് മെനഞ്ഞെടുത്തത്. ആദ്യചിത്രം ‘പ്രകാശൻ പറക്കട്ടെ’ ശ്രദ്ധിക്കപ്പെട്ടതിനേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്ന തലത്തിലേക്ക് ‘അനുരാഗം’ വികാരമായി പടരുമെന്നുറപ്പ്. 

 

∙ കാസ്റ്റിങ് മാജിക്

 

മലയാളത്തിൽ ഓരോ കഥാസാഹചര്യത്തിനും പതിവായി ചില മുഖങ്ങളുണ്ട്.നായകന്റെ കൂട്ടുകാരനാവാനായി ചിലർ. അമ്മയാകാൻ ചിലർ. അച്ഛനാകാൻ വേറെ ചിലർ. എന്നാൽ താരനിര നിശ്ചയിച്ചതിലെ പുതുമ ‘അനുരാഗം’ എന്ന സിനിമയെ ഫ്രഷ് ആക്കുന്നു. ജോണി ആന്റണിയും ഷീലയും മകനും അമ്മയുമാകുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ദേവയാനി അശ്വിന്റെ അമ്മയാകുന്നു. അശ്വിനും ദേവയാനിയും സിനിമയിൽ മികച്ച സ്ക്രീൻ പ്രസൻസ് ആണു നൽകുന്നത്. തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ നടി ലെനയും ഭർത്താവായെത്തുന്നതാണു ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നത്. 91 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി കിഷൻ ഗൗതം മേനോന്റെയും ലെനയുടെയും മകളായും കാണികളുടെ കയ്യടി നേടുന്നു. മൂസി എന്ന അശ്വിന്റെ സുഹൃത്ത് പതിവു സുഹൃദ് തമാശകൾക്കപ്പുറം ആളുകൾ ഇഷ്ടപ്പെടുന്ന തരത്തിലേക്കു കഥാപാത്രത്തെ വിജയിപ്പിച്ചതും  ചിത്രത്തിന്റെ മേന്മയാണ്. കഥയും തിരക്കഥയും എഴുതിയ അശ്വൻ തന്നെയാണ് ഗൗരിയുടെ നായകനായും ഈ ചിത്രത്തിൽ വേഷമിട്ടത്. യൗവനകാലത്തെ പുതുതലമുറയുടെ പ്രണയഭാവം അശ്വനു കൃത്യമായിണങ്ങും. എഴുത്തിലും അഭിനയത്തിലും മികവുറ്റ ഭാവി അശ്വിൻ  ചിത്രത്തിൽ പ്രതിഫലിപ്പിക്കന്നുണ്ട്. 

 

നാൽപതുകളിലെ പ്രണയം സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഓ‍ർമകളുടെ ഇതൾ വിരിയിക്കുമെന്നുറപ്പ്. ഈ ചിത്രം ആരുടേതാണ് എന്നു ചോദിച്ചാൽ അശ്വിന്റെയും ഷഹദിന്റെയും ഷീലയുടെയും ഗൗരിയുടെയും എന്നെല്ലാം പറയാൻ തോന്നും നമുക്ക്. പക്ഷേ, ഈ ചിത്രം യഥാർഥത്തിൽ ജോണി ആന്റണിയുടേതാണ്. അഭിനയത്തിൽ ജോണി ആന്റണിയുടെ മറ്റൊരു അധ്യായമാണ് ഈ ചിത്രത്തിലൂടെ സാധ്യമാകുന്നത്. അതി തിരിച്ചറിയാൻ ഈ ചിത്രം തിയറ്ററിൽ തന്നെ കാണണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com