ADVERTISEMENT

അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്‌ത മോഹൻദാസ്. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടു സംഭവങ്ങളെന്ന് മംമ്‌ത പറയുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ല എന്ന് മംമ്‌ത പറയുന്നു.  ബോട്ടപകടത്തിൽപെട്ട് കുട്ടികൾ ഉൾപ്പടെയുള്ള നിരവധി പേര് മരണത്തിന് കീഴടങ്ങിയതിനെപ്പറ്റി മംമ്ത സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അതിന്റെ അനുശോചന പ്രവാഹം നിലയ്ക്കുംമുമ്പ് ലഹരിക്കടിമപ്പെട്ട മാനസികരോഗിയായ വ്യക്തിയാൽ ഒരു യുവ ഡോക്ടർ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങൾ ഇതിനെതിരെ എന്തെങ്കിലും പ്രവർത്തിക്കുമെന്നുള്ള പ്രത്യാശകൾ നിരർഥകമാണെന്നും മംമ്‌ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

 

‘‘മയക്കുമരുന്നിന് അടിമപ്പെട്ടു മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ നിരപരാധികളായ ആളുകൾ?  മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്.  ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല.  ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ദാരുണമായ ഈ രണ്ടു സംഭവങ്ങളും.  

 

ഡോ. വന്ദന ദാസിന്‌ ആദരാഞ്ജലികൾ. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.  അവർ കടന്നുപോകുന്ന അവസ്ഥ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ മുൻപ് പറഞ്ഞതുപോലെ പോയവർക്ക് പോയി.

 

ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ് പക്ഷേ ഒന്നും മാറുന്നില്ല.  എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണ്.  വലിയ പരിഷ്കാരങ്ങൾ അത്യാവശ്യമാണ്, പക്ഷേ എപ്പോൾ? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാൻ മാത്രമേ നമുക്ക് കഴിയൂ. 

 

എന്നെ എപ്പോഴും അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല." മംമ്‌ത മോഹൻദാസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com