ADVERTISEMENT

മെയ് മാസം കൈനിറയെ സിനിമകളാണ് ഒടിടിയിൽ റിലീസിനെത്തുന്നത്. ഫഹദ് ഫാസിൽ നായകനായെത്തിയ പാച്ചുവും അദ്ഭുതവിളക്കും മെയ് 26ന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആഷിക്ക് അബു ചിത്രം നീലവെളിച്ചം കഴിഞ്ഞ ദിവസം പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. പൊന്നിയിൻ സെൽവൻ 2 ആമസോൺ പ്രൈമിലൂടെ വാടയ്ക്കു ലഭ്യമാണ്.

 

ബേസിൽ ജോസഫ് ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ സോണി ലിവ്വിലൂടെയും വിജയരാഘവൻ നൂറു വയസ്സുകാരനായെത്തിയ ‘പൂക്കാലം’ ഹോട്ട് സ്റ്റാറിലൂടെയും സൗബിൻ നായകനാകുന്ന അയൽവാശി നെറ്റ്ഫ്ലിക്സിലൂടെയും മെയ് 19ന് സ്ട്രീം ചെയ്തു. ജവാനും മുല്ലപ്പൂവും, വിചിത്രം, എന്താടാ സജി, ശാകുന്തളം, വിക്രംവേദ എന്നിവ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു.

 

ജോണ്‍ വിക്ക് 4 ഈ ആഴ്ച മുതൽ ആപ്പിൾ ടിവിയിലും പ്രൈമിലും വാടകയ്ക്കു ലഭ്യമാകും. ഹോളിവുഡ് ചിത്രങ്ങളായ ഈവിൾ ഡെഡ് റൈസ്, ദ് പോപ്പ് എക്സോസിസ്റ്റ് എന്നീ സിനിമകളും പ്രൈമിൽ വാടകയ്ക്കു ലഭ്യമാണ്. ബെൻ അഫ്ലെക്കിന്റെ ‘എയർ’(പ്രൈം), ട്രയാങ്കിൾ ഓഫ് സാഡ്നെസ് (സോണി ലിവ്വ്), ഹിന്ദി ചിത്രം ‘ഭോല’ (പ്രൈം) എന്നീ സിനിമകൾ ഇപ്പോൾ സൗജന്യമായി കാണാം. അവതാർ 2 ജൂൺ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

 

പൊന്നിയിൻ സെൽവൻ 2: മെയ് 26: പ്രൈം വിഡിയോ (െറന്റ്)

 

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങിയവരാണ് അഭിനേതാക്കൾ.

 

ഭേഡിയ: മെയ് 26: ജിയോ സിനിമ

 

വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഭേഡിയ'. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്ന സിനിമയാണിത്.

 

കിസി കാ ഭായ് കിസി കി ജാൻ: മെയ് 26 : സി5

 

സൽമാൻ ഖാൻ നായകനാകുന്ന ആക്‌ഷൻ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. വെങ്കിടേഷ്, പൂജ ഹെഗ്‌ഡെ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

 

സിർഫ് ഏക് ബന്ദാ കാഫി : മെയ് 26 പ്ലാറ്റ്ഫോം : സി5

 

മനോജ് ബാജ്പെയ് ശക്തമായ വക്കീൽ വേഷവുമായെത്തുന്ന സി5 ഒറിജിനൽ സിനിമ. പീഡനത്തിന് ഇരയാക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. പെൺകുട്ടിയ്ക്ക് നീതി നേടിക്കൊടുക്കാനായി ബാജ്പെയുടെ കഥാപാത്രം പി.സി. സോളങ്കി നടത്തുന്ന പോരാട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആൾദൈവവും സാധാരണക്കാരനും തമ്മിൽ നടക്കുന്ന ബലപരീക്ഷണമാണ് സിനിമയുടെ പേരിൽ പോലും പ്രതിഫലിക്കുന്നത്.

സുലൈഖാ മൻസിൽ: മെയ് 30: ഹോട്ട്സ്റ്റാർ

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. മെയ് 30 മുതൽ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

 

പാച്ചുവും അദ്ഭുതവിളക്കും: മെയ് 26: പ്രൈം വിഡിയോ

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യൻ ഒരുക്കിയ ഫാമിലി എന്റർടെയ്നർ. വിനീത്, മുകേഷ്, അഞ്ജന ജയപ്രകാശ്, ഇന്നസന്റ്, ശാന്തികൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

നീല വെളിച്ചം: മെയ് 20: പ്രൈം വിഡിയോ

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

കഠിന കഠോരമീ അണ്ഡകടാഹം: മെയ് 19: സോണി ലിവ്വ്

 

ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് പറയുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൂക്കാലം: മെയ് 19: ഹോട്ട്സ്റ്റാര്‍

'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ. മലയാളത്തിൻറെ അതുല്യനടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തുന്നു.

ഏജന്റ്: മെയ് 19: സോണി ലിവ്വ്

അഖിൽ അക്കിനേനി–മമ്മൂട്ടി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം. സ്പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായി മമ്മൂട്ടി എത്തുന്നു.

അയൽവാശി: മെയ് 19: നെറ്റ്ഫ്ലിക്സ്

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‌ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. ജഗദീഷ്, ഗോകുലൻ,​ നിഖില വിമൽ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 

വിചിത്രം: മെയ് 10: ആമസോൺ പ്രൈം

ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഹൊറർ ത്രില്ലറാണ്. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിൽ വേഷമിടുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിർമാണം.

ശാകുന്തളം: മെയ് 11: ആമസോൺ പ്രൈം

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം. സമാന്തയും ദേവ് മോഹനും പ്രധാന വേഷങ്ങളിലെത്തുന്നു.

ജവാനും മുല്ലപ്പൂവും: മെയ് 12: ആമസോൺ പ്രൈം

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

വിക്രം വേദ:  മെയ് 12: ജിയോ സിനിമ

തമിഴ് സൂപ്പർഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക്. സെയ്ഫ് അലിഖാനും ഹൃതിക് റോഷനും പ്രധാന വേഷങ്ങളിെലത്തുന്നു. തമിഴിൽ ഈ ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും ചേർന്നാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നത്.

ആന്റ് മാൻ ആൻഡ് ദ് വാസ്പ്: ക്വാണ്ടമാനിയ: മെയ് 17: ഹോട്ട്സ്റ്റാർ

ആന്റ് മാൻ, ആന്റ് മാൻ ആൻഡ് ദ് വാസ്പ് എന്നീ ചിത്രങ്ങൾക്കു ശേഷമുള്ള ആന്റ്മാൻ സീരിസിലെ അടുത്ത സിനിമ. പീറ്റർ റീഡ് ആണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com