ADVERTISEMENT

സ്വന്തം കഥ ഹോളിവുഡ് സിനിമയാക്കാൻ തയാറെടുക്കുന്ന, നാട്ടുഭാഷയിൽ സംസാരിക്കുന്ന ‘ഗ്ലോബൽ ബിസിനസ്മാൻ’. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സിനിമാ കൊട്ടക നിറച്ച ‘മാളികപ്പുറം’, ‘2018’ സിനിമകളുടെ റിയൽ ഹീറോ. മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിലൂടെ നിർമാതാവായി മലയാളത്തിലെത്തിയ വേണു കുന്നപ്പിള്ളി ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. തന്റെ സ്വപ്നങ്ങളും പുതിയ പദ്ധതികളും പങ്കുവച്ച് വേണു കുന്നപ്പിള്ളി മനോരമ ഓണ്‍ലൈനിൽ..

കലയിലേക്ക് എത്തിയ കച്ചവടക്കാരൻ

വൈപ്പിൻകാരനാണ് ഞാൻ. ബിസിനസ് പ്രധാനമായും ദുബായിലായതുകൊണ്ട് മുപ്പതിലധികം വർഷമായി അവിടെയാണ് കുടുംബവുമൊത്തു താമസം. എല്ലാ സിനിമകളും കാണുമായിരുന്നു, പ്രത്യേകിച്ചു ഹോളിവുഡ് സിനിമകൾ‌. ഇന്നത്തെപ്പോലെ എല്ലാ വീടുകളിലും അന്ന്് ടെലിവിഷനില്ല. സിനിമയാണ് ആകെയൊരു വിനോദം. അന്നുമുതലുള്ള ആഗ്രഹമാണു സിനിമാക്കാരനാകണമെന്നത്. ഗ്ലാമർ ഉണ്ടെങ്കിൽ ഒരു അഭിനേതാവാകാം, സാങ്കേതികപരമാണെങ്കിൽ സംവിധായകൻ അല്ലെങ്കിൽ ക്യാമറാമാൻ വരെയാകാം. എന്നാൽ നിർമാതാവാകുന്നതാണ് എളുപ്പം. കയ്യിൽ പൈസ ഉണ്ടായാൽമാത്രം മതി.

സിനിമ അറിയാത്ത നിർമാതാക്കൾ പറ്റിക്കപ്പെടില്ലേ?

കുറേ സിനിമകൾ ചെയ്യുമ്പോഴാണ് എക്സ്പീരിയൻസ് ഉണ്ടാകുന്നത്. ആദ്യ സിനിമയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതൊക്കെ ഇപ്പോഴും ട്രോളുകളായി കറങ്ങി നടക്കുന്നുണ്ടല്ലോ. അതിനുശേഷം ഞാൻ സിനിമ പഠിച്ചു. എങ്ങനെയുള്ള കഥകൾ തിരഞ്ഞെടുക്കണമെന്നും, ടെക്നീഷ്യൻസിന്റെ കഴിവ് അളന്നു മാത്രമേ സിനിമയിൽ സഹകരിപ്പിക്കാവൂ എന്നും പഠിച്ചു. ഇതൊരു കച്ചവടമാണ്. നമ്മൾ ഇറക്കുന്ന പണം തിരികെ കിട്ടണം. അതിനായി നന്നായി ഹോം വർക് ചെയ്തു.

ഹോളിവുഡ് സിനിമയുടെ പ്രൊഡ്യൂസർ

2019 ൽ ‘മാമാങ്കം’ ഷൂട്ടിങ്ങ് നടക്കുമ്പോൾ തന്നെയായിരുന്നു ‘ആഫ്റ്റർ മിഡ് നൈറ്റ്’ എന്ന അമേരിക്കൻ സിനിമയും ചെയ്തത്. ലൊസാഞ്ചലസിൽ ഹോളിവുഡിൽ കാവ്യ ഫിലിംസ് എന്ന പ്രൊഡക്‌ഷൻ കമ്പനിയുണ്ട് എനിക്ക്. അതൊരു മുഴുവൻ ഹോളിവുഡ് സിനിമയായിരുന്നു. അവിടെ സിനിമ ചെയ്യാൻ കുറേക്കൂടി എളുപ്പമാണ്. ആദ്യം ലോയേഴ്സിനെ കിട്ടണം. അവർ ലൈസൻസൊക്കെയെടുത്തു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു തയാറാകും. ശേഷം നല്ല കഥകൾ, അതിന്റെ സാധ്യതകളൊക്കെ നമ്മളെ അറിയിക്കും. അങ്ങനെ അയച്ചുകിട്ടിയതിൽ കയ്യിലൊതുങ്ങുന്ന ബജറ്റിൽ ചെയ്യാമെന്നു തോന്നിയ സിനിമ ചെയ്തു. അവിടെ തിയറ്റർ റിലീസിനു ചെലവു കൂടുതലാണ്. ഇന്ത്യയിൽ ആ സിനിമ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളു. സ്വന്തം കഥ ‘വിക്ടോറിയ 18’ ഹോളിവുഡിൽ ചെയ്യാനാണു തീരുമാനം.

വിവാദങ്ങളുടെ മാമാങ്കം

നമുക്ക് ഇല്ലാത്ത കഴിവുകൾ പണം കൊടുത്തുവാങ്ങിയാണ് ഓരോ നിർമാതാവും സിനിമ ചെയ്യുന്നത്. അപ്പോൾ ആ പ്രോഡക്ട് എങ്ങനെ തയാറായി വരണമെന്നു നമുക്കൊരു ധാരണയുണ്ടാകുമല്ലോ. ആ സിനിമയുടെ ആദ്യ സംവിധായകനെ മാറ്റിയത് എന്റെ ശരിയായ തീരുമാനമായിരുന്നു. ഞാൻ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നില്ല അത്. സിനിമയിലെ പല ഇതിഹാസങ്ങളെ കാണിച്ചും അഭിപ്രായം ചോദിച്ചുമാണ് ആ തീരുമാനത്തിലേക്കെത്തിയത്. മമ്മൂക്ക ആരുടേയും പക്ഷം ചേർന്നിരുന്നില്ല, എങ്കിലും എന്റെ തീരുമാനം നല്ല സിനിമയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തിയറ്ററിലെത്തിയതിനുശേഷം മാമാങ്കത്തിനു നല്ല അഭിപ്രായങ്ങളായിരുന്നു. അതിനുശേഷം
ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ഡീ ഗ്രേഡിങ്‌ ഉണ്ടായി.

നല്ല സിനിമയെ പെയ്‌ഡ്‌ ഡീഗ്രേഡിങ് തകർക്കുമോ?

കേരളത്തിൽനിന്നുള്ള കലക്‌ഷൻ ശതമാനവുമായി ചേർന്ന് നല്ല അഭിപ്രായമുണ്ടാകുമ്പോൾ അതു റിലീസ് ചെയ്യുന്നയിടങ്ങളിലൊക്കെ പ്രതിഫലിക്കും. ഒരുപാട് അധ്വാനിച്ചു നേടിയ പണമാണല്ലോ ഓരോ നിർമാതാവും സിനിമയിൽ ഇറക്കുന്നത്. ഞാൻ പണം കൊടുത്ത് ഒരു സിനിമയും ഡീഗ്രേഡ് ചെയ്യാനോ വ്യാജമായി പ്രമോട്ട് ചെയ്യാനോ താൽപര്യപെടുന്നില്ല. ‘2018’ സിനിമയിറങ്ങും മുൻപ് പ്രമോഷൻ കുറവാണെന്ന് കുറേപേർ പറഞ്ഞു. ഇന്നത്തെ കാലത്തു കുറെ വാരിവലിച്ചു പ്രമോഷൻ ചെയ്തിട്ടു കാര്യമില്ല. സിനിമ വന്നിട്ടുണ്ടെന്ന് അറിയിച്ചാൽ മതി. നല്ല സിനിമയാണെങ്കിൽ ആളുകൾ കേട്ടറിഞ്ഞു വരും.

പ്രമോഷനു വരാനും കൂടിയാണ് പ്രതിഫലം നൽകുന്നത്

വലിയ താരങ്ങളെ സിനിമയിൽ ചേർക്കുന്നത് അവരുടെ ഖ്യാതി കണ്ടിട്ടുകൂടിയാണല്ലോ. അല്ലെങ്കിൽ സാധാരണക്കാരനെ വച്ച് സിനിമ എടുത്താൽ മതി. പോസ്റ്റ് പ്രൊഡക്‌ഷനിൽ സഹകരിക്കുന്നു, സിനിമ ചെയ്യുന്നു, പോകുന്നു. പ്രമോഷനും കൂടി വന്നാലേ സിനിമ പൂർത്തിയാകുന്നുള്ളു എന്ന് ആർടിസ്റ്റുകളും മനസ്സിലാക്കണം. ‘2018’ വലിയ സിനിമയാണ്. ആ വലുപ്പം പ്രമോഷനിൽ കാണിക്കാനായില്ല ഞങ്ങൾക്ക്. മറ്റു സിനിമകളുടെ തിരക്കുകളായതിനാൽ പലർക്കും വരാനായില്ല. ആരും വന്നില്ല എന്നല്ല. ചിലർ വന്നു നന്നായി സപ്പോർട്ട്
ചെയ്തു. നേരിട്ട് ആരോടും പ്രമോഷനു വരണമെന്നു പറഞ്ഞിട്ടില്ല. എന്റെ കോ-പ്രൊഡ്യൂസർ ആന്റോ ജോസഫിനോട് ഞാൻ ദേഷ്യപ്പെട്ടിട്ടുണ്ട്. ശേഷം അദ്ദേഹം ടെൻഷനടിച്ചു ഈ താരങ്ങളെ വിളിച്ചുവരുത്താൻ നോക്കിയിട്ടുണ്ട്.

സിനിമയിലെ ലാഭം

തീർച്ചയായും ലാഭമുണ്ട്. പെട്രോളിയം, ഷിപ്പിങ്, ടെക്സ്റ്റൈൽ തുടങ്ങി പലതരം വ്യവസായങ്ങൾ ചെയ്യുന്നയാളാണ് ഞാൻ. മറ്റേതൊരു കച്ചവടത്തിലും മുടക്കുന്ന തുകയുടെ നിശ്ചിത ശതമാനം അസറ്റായിരിക്കും. എന്നാൽ സിനിമയിൽ മുടക്കുന്ന തുക മുഴുവനായി നഷ്ടപ്പെടാം. ഒരു ചൂതാട്ടം പോലെയാണ്. ഗുണവും ദോഷവുമുണ്ട്. ഭാഗ്യ പരീക്ഷണത്തിനാണെങ്കിൽ സിനിമ നല്ലതാണ്.

നൂറുകോടി ക്ലബിൽ കയറിയ സിനിമകൾ

‘മാമാങ്കം’ സിനിമയുടെ സമയത്തു വലിയ പരിചയമില്ലാതിരുന്നതുകൊണ്ട് എല്ലാവരും ചെയ്യുന്നതുപോലെ ‘സിനിമ നൂറുകോടി ക്ലബ്ബിൽ’ എന്നെല്ലാം പരസ്യം കൊടുത്തിരുന്നു. ഇപ്പോൾ കാര്യങ്ങൾ നന്നായി അറിയാം. അതുകൊണ്ട് അൻപതു കോടി, നൂറ് കോടി എന്നൊന്നും പോസ്റ്റർ ചെയ്യില്ല. നൂറു കോടിയിൽ കേരള മാർക്കറ്റിൽനിന്ന് എത്ര കോടി, കേരളത്തിനു പുറത്തുനിന്ന് എത്ര, ജിസിസിയിൽനിന്ന് എത്ര, ഔട്ട്സൈഡ് ജിസിസി എത്ര ഇങ്ങനെ വിശദമായി പറയാൻ പറ്റുമ്പോൾ മാത്രമാണ് അത് സത്യസന്ധമാകുന്നത്. ‘2018’ സിനിമയുടെ പോസ്റ്റർ ചിലപ്പോൾ അങ്ങനെ ചെയ്തേക്കാം.

വിവാദങ്ങൾ സിനിമയ്ക്കു നല്ലതാണ്

നെഗറ്റീവ് വാർത്തകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. ‘മാളികപ്പുറ’ത്തിൽ ഭക്തി സംബന്ധിച്ചുള്ള കുറച്ചു കാര്യങ്ങളുണ്ടായിരുന്നു. ആളുകൾ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എന്തൊക്കെ വിവാദങ്ങൾ വന്നാലും ഒന്നും സംഭവിക്കില്ല. ‘2018’ റിലീസ് ആയപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഹൗസ് ഫുൾ ആയി മുന്നോട്ട് പോയി. പക്ഷേ എങ്കിലും മുന്നോട്ടു പോകുംതോറും ഹൗസ് ഫുൾ എന്നുള്ളത് കുറഞ്ഞു വന്നു. ഒരു തവണ അല്ലെങ്കിൽ വീണ്ടും ഒന്നുകൂടി കാണുന്നവർ ഉണ്ടാകും. അവർക്കും പല കാര്യങ്ങൾ ഉണ്ട്. എന്നും സിനിമ കാണാൻ വരാൻ പറ്റില്ലല്ലോ.

മറന്നുപോയ ചിലർ

2018-movie4

സിനിമ ഡോക്യുമെന്ററിയല്ല. ആ വെള്ളപ്പൊക്കത്തിൽ ഇല്ലാത്ത എത്രയോ കാര്യങ്ങൾ സിനിമയിലുണ്ട്. നാലു പാട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ആരെങ്കിലും പാടി നടക്കുന്നുണ്ടോ. നമ്മുടെ ശീലം നോക്കി തമാശയും സങ്കടവുമെല്ലാം ചേർന്ന കമേഴ്സ്യൽ സിനിമയാണ് 2018. മനഃപൂർവം ആരെയും ഒഴിവാക്കണമെന്ന് ഞങ്ങളുടെ ചിന്തയിൽ പോലും വന്നിട്ടില്ല.

സിനിമയുടെ രാഷ്ട്രീയം

പ്രൊഡ്യൂസർ എന്ന നിലയിൽ കഥ കേൾക്കുമ്പോൾ മനസ്സിലാകും സിനിമയുടെ ഉദ്ദേശ്യം. അതിൽ ജാതി, മതം, പ്രകടമായ രാഷ്ട്രീയമൊക്കെ വന്നാൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാകും ഞാൻ. ചെയ്തിട്ടുള്ള സിനിമകളിൽ വർഗീയതയോ അനാവശ്യ രാഷ്ട്രീയമോ വിഷയമായാൽ അതിലെ പ്രശ്നം ചൂണ്ടിക്കാണിക്കാറുണ്ട്.

സിനിമയിൽ ഇടപെടുന്ന നിർമാതാവ് കോമഡിയാണ്

എത്രയോ അധ്വാനിച്ചാണ് ഓരോ പ്രൊഡ്യൂസറും പണം ഉണ്ടാക്കുന്നതും അത് സിനിമയ്ക്കുവേണ്ടി ചെലവാക്കാമെന്നു തീരുമാനിക്കുന്നതും. കള്ളക്കടത്ത് നടത്തി കൊണ്ടുവരുന്ന പൈസയാണെങ്കിൽ എന്തെങ്കിലുമാകട്ടെ എന്നു കരുതി മാറി ഇരിക്കാം. പ്രൊഡ്യൂസർ കാലാകാലങ്ങളായി ദൂരെ ഒരു കസേരയിട്ടു മാറിയിരിക്കുന്നവരാണ്. അഭിപ്രായം പറയാൻ പാടില്ല, സംശയങ്ങൾ ഉണ്ടെങ്കിലും ചോദിക്കാൻ പാടില്ല. അഴകിയ രാവണൻ, പ്രാഞ്ചിയേട്ടൻ എന്നൊക്കെ കളിയാക്കും. എന്നാലും എന്റെ അഭിപ്രായങ്ങൾ ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ പറയും. അത് എന്റെ അവകാശമാണ്. എന്നു കരുതി നടനും നടിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ കയറി ‘കട്ട്’ പറഞ്ഞ് ‘ഇങ്ങനെയല്ല’ എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. മോണിട്ടറിനു പിന്നിൽ പോയി ഇരിക്കാറുമില്ല.

വെള്ളപ്പൊക്കത്തിന്റെ ബജറ്റ് കുറച്ച കഥ

നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പലരും അനാവശ്യമായി ചെലവാക്കുന്നതു കാണണം എന്നുണ്ടെങ്കിൽ ഒരു സിനിമ എടുത്താൽ മതി. ‘2018’ ൽ ഒന്നരയേക്കറിന്റെ ടാങ്ക് വേണം. ആർട്ട് ചെയ്യുന്നവർ ഒരു തുക പറഞ്ഞിരുന്നു. എനിക്ക് ബിൽഡിങ് കൺസ്ട്രക്‌ഷൻ ഉള്ളതാണ്. അപ്പോൾ ഇത്ര ചതുരശ്ര അടിക്ക് എത്ര രൂപയെന്നൊക്കെ എനിക്കു പെട്ടെന്നു കണക്കുകൂട്ടാൻ സാധിക്കും. എന്റെ എൻജിനീയറുമായി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ, സിനിമക്കാര്‍ പറഞ്ഞതിന്റെ നാൽപതു ശതമാനം തുകയ്ക്കു ചെയ്തുതീർക്കാനായി. സിനിമയായതുകൊണ്ടു തന്നെ പറയുന്നതിൽ കൂടുതൽ പൈസ ചെലവാകും. അതുകൊണ്ട് പല വർക്കുകളും ഞാൻ നേരിട്ടു ചെയ്തു. അങ്ങനെ കോടികൾ ലാഭിച്ചിട്ടുണ്ട്.

ഭാഷയിൽ കലർപ്പില്ല

ഭാര്യ പലപ്പോഴും കളിയാക്കും, കുറെ കാലമായില്ലേ നാട്ടിൽനിന്നു മാറി നിൽക്കുന്നു, എന്നിട്ടും നിങ്ങളുടെ കടപ്പുറം ഭാഷ മാറ്റാറായില്ലേ എന്ന്. അതിനെ പലപ്പോഴും കാര്യമായി ശ്രദ്ധിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com