ADVERTISEMENT

പണ്ട് നാടകം കളിച്ചിരുന്ന കാലത്ത് നാടക വണ്ടിയിൽ കേരളത്തിലങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുന്നതിന് ഇടയിൽ സിനിമാ പോസ്റ്റുകൾ കാണുമ്പോൾ പ്രമോദ് വെളിയനാട് പറയും, നോക്കിക്കോ... "ഒരു ദിവസം എന്റെ മുഖവും ഇങ്ങനെ സിനിമാ പോസ്റ്ററിൽ വരും" എന്ന്! അന്ന് അതു കേട്ട് ചിരിച്ചവരുണ്ട്. എന്നാൽ, ഇപ്പോൾ നവ്യ നായർക്കും സൈജു കുറുപ്പിനും ജോണി ആന്റണിക്കുമൊപ്പം 'ജാനകി ജാനെ' എന്ന സിനിമയുടെ പോസ്റ്ററിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് കുട്ടനാട്ടുകാരുടെ സ്വന്തം പ്രമോദ്. ആഗ്രഹിച്ച്, അധ്വാനിച്ച്, അതിന്റെ അങ്ങേയറ്റത്ത് എത്തുമ്പോൾ കാലം അറിഞ്ഞുകൊടുക്കുന്ന വിളവു പോലെ നിറവുള്ളതാണ് പ്രമോദ് വെളിയനാട് എന്ന കലാകാരന്റെ ഈ വിജയം. ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന അഭിനയത്തോടുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും 'മനോരമ ഓൺലൈൻ സീ റിയൽ സ്റ്റാർ' പരിപാടിയിൽ മനസു തുറന്ന് പ്രമോദ് വെളിയനാട്. 

 

കളയാണ് എനിക്ക് പുര തന്നത് 

pramod-tovino-4

 

എന്റെ വീടിന്റെ പേര് കളപ്പുര എന്നാണ്. കള എന്ന സിനിമ എനിക്കു തന്ന പുരയാണ് ഈ വീട്. അവിടെ മുതലാണ് എനിക്കൊരു വീടായത്. കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ ഒരു വ്യാധിയായി മാറിയപ്പോൾ എന്നിൽ ആ സമയത്ത് ആധിയായിരുന്നു. ഇനിയെന്തു ചെയ്യും? കലാകാരന്മാർ നിശബ്ദരായി പോയി. കൂട്ടായ്മകളില്ല. ഉത്സവങ്ങളില്ല... ആഘോഷങ്ങളില്ല. ജീവിക്കാൻ എന്തു പണി ചെയ്യും എന്നു ചിന്തിച്ചു പോയി. മുമ്പ് പണിക്കു പോയിരുന്നപ്പോൾ കയ്യിൽ തഴമ്പുണ്ടായിരുന്നു. നാടകാഭിനയം മാത്രം ആയപ്പോൾ ആ തഴമ്പൊക്കെ പോയി. മെയ്ക്കപ്പിടുന്നതിന് പ്രത്യേകിച്ച് തഴമ്പൊന്നും വരാനില്ലല്ലോ! അങ്ങനെ വല്ലാതിരുന്ന സമയത്താണ് എനിക്ക് കള എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. അതിനു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആർക്കറിയാം, വെള്ളരിപട്ടണം, നീലവെളിച്ചം, സുലൈഖ മൻസിൽ, ജാനകി ജാനെ, കിങ് ഓഫ് കൊത്ത എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. സിനിമാക്കാർ എന്നെ തിരക്കി വരുന്നുണ്ട് എന്നതാണ് എന്റെ സന്തോഷം. 

tovino-aashiq

 

pramod-tovino

അന്ന് സ്വർഗം എന്റെ വീട്ടിലെത്തി

pramod-house-1

 

ഏപ്രിലിൽ ആയിരുന്നു എന്റെ വീടിന്റെ പാലു കാച്ചൽ. അതിൽ പങ്കെടുക്കാൻ ടൊവിനോ തോമസ്, റോഷൻ മാത്യു, ആഷിഖ് അബു എന്നിവരടക്കം നിരവധി സിനിമാക്കാർ എത്തിയിരുന്നു. സ്വർഗം വീട്ടിലേക്ക് വന്ന പോലെയായിരുന്നു എനിക്ക്. ടൊവിനോ വരുന്നതാണോ സ്വർഗം എന്നു ചോദിച്ചാൽ, ടൊവിനോ വരുന്നത് എനിക്ക് സ്വർഗമാണ്. കാരണം, ഇവിടെ അടുത്ത് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഹെലികോപ്ടറിലാണ് അദ്ദേഹം വന്നത്. അതിന് ലക്ഷക്കണക്കിന് രൂപ കൊടുത്തെന്നാണ് എന്റെ അറിവ്. എന്നാൽ, ഞങ്ങളൊന്നിച്ച് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് എന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ഉണ്ടാകുമോ എന്നു ചോദിച്ചു.

tovino-pramod-45

 

തീയതി ചോദിച്ചറിഞ്ഞതിനു ശേഷം അദ്ദേഹം പറഞ്ഞു, "പ്രമോദേട്ടാ... ഉറപ്പായും ഞാൻ വരും," എന്ന്. എനിക്ക് എന്റെ വീട്ടുകാരോട് പറയാൻ ഒരു വാക്ക് വേണമായിരുന്നു. അതുകൊണ്ട്, ഞാൻ വീണ്ടും സംശയം പ്രകടിപ്പിച്ചു. ടൊവിനോ എന്നെ ധൈര്യപ്പെടുത്തി. "ധൈര്യമായിട്ട് പ്രമോദേട്ടൻ അവരോടു പറഞ്ഞോളൂ, ഞാൻ വരും". ഇടയ്ക്കിടയ്ക്ക് മകൻ എന്നോടു ചോദിക്കും, "അച്ചാച്ചി ഉറപ്പാണോ? ടൊവിനോ വരുമോ?". കാരണം, ടൊവിനോയെപ്പോലൊരു താരം എന്റെ വീട്ടിലേക്ക് വരുമോ എന്ന് എല്ലാവർക്കും സംശയമായിരുന്നു. എന്നാൽ, ടൊവിനോ എന്ന മനുഷ്യൻ എനിക്കു തന്ന വാക്കാണ് വലിയൊരു ആഘോഷമായത്. എന്റെ നാടും, സുഹൃത്തുക്കളും, വീട്ടുകാരും ചേർന്ന് ടൊവിനോയും റോഷനും ആഷിഖ് സാറും വന്നത് ഒരു ഉത്സവമാക്കി. ടൊവിനോ വന്നപ്പോൾ തന്നെ പരിപാടി കളറായി. 

tovino-pramod-3

 

എന്റേത് ഒരു കൊച്ചു നാടാണ്. പമ്പയും മണിമലയും ചേർന്നൊഴുകുന്ന പമ്പയാറിന്റെ തീരത്തെ കൊച്ചു പ്രദേശമാണ് വെളിയനാട്. കരിയില്ലാത്ത ഒരു ചെറ‌ിയ നാട്. അവിടേക്ക് ഇത്രയും സിനിമാക്കാരെത്തിയെന്നു പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമാക്കാരാണ് ലോകത്തെ ഏറ്റവും വലിയവർ എന്നല്ല. എന്നെ സംബന്ധിച്ചിടത്തോളം അവർ എനിക്ക് അരി തരുന്നവരാണ്. ജീവിതം തരുന്നവരാണ്. അവർ വരുന്നത് എനിക്ക് സ്വർഗമാണ്. ഫ്രാൻസിസ് ടി. മാവേലിക്കര, അഭയൻ കലവൂർ എന്നിങ്ങനെ നാടകത്തിലെ അതികായന്മാർ മുതൽ മലയാള സിനിമയിലെ താരങ്ങൾ വരെ എന്റെ ഗൃഹപ്രവേശനത്തിനെത്തിയതിന് ഞാനാരോടാണ് നന്ദി പറയേണ്ടത്?!

pramod-wife

 

ഇതെന്റെ രണ്ടാം ജന്മം

snethil-pramod

 

ശരിക്കും കള എന്റെ പുനർജന്മമാണ്. ആ സിനിമയിലല്ല ഞാൻ ആദ്യമായി അഭിനയിച്ചത്. നാടകത്തിൽ എന്റെ ഗുരുനാഥനായ ഫ്രാൻസിസ് ടി മാവേലിക്കരയാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. പാച്ചുവും ഗോപാലനും എന്ന അദ്ദേഹത്തിന്റെ സിനിമയിൽ ചെറിയൊരു വേഷം ചെയ്താണ് എന്റെ തുടക്കം. അതിനുശേഷം ഒരുപാട് ചെറിയ വേഷങ്ങൾ ചെയ്തു. അതൊന്നും പ്രതീക്ഷിച്ച ഫലം നൽകിയില്ല. അന്നൊക്കെ പല നടന്മാരോടും ദേഷ്യം തോന്നിയിരുന്നു. മമ്മൂക്കയോ തോൽപ്പിക്കും, ലാലേട്ടനെ തോൽപ്പിക്കും എന്നൊക്കെ കരുതി വന്ന എന്നെ ഇവർ ഓടിച്ചല്ലോ എന്നൊരു സങ്കടവും ദേഷ്യവും! വലിയ മാനസികപ്രയാസത്തിലൂടെയാണ് അന്ന് കടന്നു പോയത്. ഇന്നു നട്ട് നാളെ വിളവെടുക്കണമെന്നു കരുതിയാൽ സിനിമയിൽ നടക്കില്ല. സത്യത്തിൽ, ഇന്നു നട്ട്, കുറെ നാൾ കഴിഞ്ഞേ സിനിമയിൽ വിളവ് കിട്ടൂ. കുറച്ചൂടെ വേരുറപ്പിച്ചിട്ട് സിനിമയിൽ‌ വന്ന പോലെയാണ് ഇപ്പോൾ തോന്നുന്നത്. 

 

അവർ കണ്ട സ്വപ്നമാണ് ഞാൻ

 

മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം അടക്കം ചെറുതും വലുതുമായ ധാരാളം പുരസ്കാരങ്ങൾ നാടകാഭിനയത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ സംസ്ഥാന പുരസ്കാരം ഒഴിച്ച് ബാക്കിയുള്ളതു മുഴുവനും ഏറ്റുവാങ്ങിയിട്ടുള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അതേറ്റു വാങ്ങാൻ എന്നേക്കാൾ അർഹർ അവരാണ്. കാരണം, ഞാനൊരു കലാകാരനാകണമെന്ന് എന്നെക്കാളും ആഗ്രഹിച്ചത് അവരായിരുന്നു. മികച്ച ഹാസ്യനടനുള്ള പുരസ്കാരം വേദിയിലേറ്റു വാങ്ങി ഇറങ്ങി വന്ന ഞാൻ ആദ്യം ചെയ്തത് ആ പുരസ്കാരം എന്റെ അച്ഛനു സമ്മാനിക്കുകയായിരുന്നു. എന്നെ മലയാള നാടകവേദിക്ക് നിങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ, അതിന് കേരളത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ഇതാണ് എന്നു പറഞ്ഞാണ് ഞാനത് അച്ഛനും അമ്മയ്ക്കും സമ്മാനിച്ചത്. അത്രത്തോളം അവർ എനിക്കു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. സ്വപ്നം കണ്ടിട്ടുണ്ട്. 

 

ആ കാഴ്ച കാണാൻ അച്ഛനില്ല

 

17 വർഷം നാടകത്തിൽ ഞാൻ ഹാസ്യനടനായിട്ടാണ് അഭിനയിച്ചത്. എന്റെ ചിരികൾക്കും ചിരിപ്പിക്കലുകൾക്കും സൗന്ദര്യമുണ്ടെന്നു പ്രേക്ഷകർക്കു തോന്നിയിട്ടുണ്ടെങ്കിൽ, എന്റെ ദുഃഖത്തിന് അത്രത്തോളം ആഴമുണ്ടായിരുന്നു. ഞാൻ സ്വപ്നം കണ്ടതിനും അപ്പുറത്താണ് ജീവിതം എന്നെ കൊണ്ടുനിറുത്തിയത്. സിനിമയിലെത്തും എന്നതിനെക്കുറിച്ച് എനിക്ക് സംശയം ഉണ്ടായിരുന്നില്ല. എന്ത് ആത്മവിശ്വാസത്തിലാണ് ഞാനതു പറഞ്ഞിരുന്നത് എന്ന് അറിയില്ല. നാടകത്തിൽ 26 വർഷങ്ങളായി അഭിനയിക്കുന്നു എന്നു ഞാൻ നീട്ടിപ്പിടിച്ചു പറയുമെങ്കിലും 44 വർഷങ്ങളായി ഇതു ചെയ്യുന്നവർക്കൊപ്പമാണ് ഞാൻ അഭിനയിക്കുന്നത്. എന്നേക്കാൾ കഴിവുള്ളവരും കാണാൻ കൊള്ളാവുന്നവരും എനിക്കു മുമ്പിലുണ്ട്. അവരെ ഓവർടേക്ക് ചെയ്താണ് ഞാൻ സിനിമയിലെത്തിയത്. എന്നെ ആരോ പിടിച്ചു മുമ്പിലെത്തിച്ച പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. അത് എന്റെ അച്ഛനാണെന്നാണ് എന്റെ വിശ്വാസം. ആകെയൊരു സങ്കടമുള്ളത് വലിയ സ്ക്രീനിൽ എന്നെ കാണുന്നതിന് മുമ്പ് അദ്ദേഹം ഞങ്ങളെ വിട്ടുപോയി എന്നതാണ്. 

 

ആ 'ഒറിജിനൽ' അഭിനയത്തിന്റെ രഹസ്യം

 

ദാരിദ്ര്യം തന്നെ വിളിച്ചു പറയുകയല്ല. അമ്മയും അച്ഛനും ഞാനുമൊക്കെ പണിയെടുത്ത വീടുകൾ, കൊയ്യാൻ പോയ പാടങ്ങൾ... അവിടെ വച്ച് ഇപ്പോൾ എന്റെ അഭിമുഖങ്ങളാണ് എടുക്കുന്നത്. ചില സിനിമകളിൽ, ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അത് റിയൽ ആയി തോന്നിയെന്ന് പലരും പറയാറുണ്ട്. ഈ അനുഭവങ്ങൾ എന്നോടു ചേർന്നു നിൽക്കുന്നതു കൊണ്ടാണ് അതു സംഭവിക്കുന്നത്. ഒരു പാടത്തു പണിയെടുക്കുന്ന ആളായിട്ടോ, പറമ്പിൽ നിൽക്കുന്ന ആളായിട്ടോ ഞാൻ ചെയ്യുമ്പോൾ അതങ്ങനെ തോന്നിയെന്നു പ്രേക്ഷകർക്ക് അനുഭവപ്പെടാൻ കാരണം ഞാൻ അങ്ങനെ ആയിരുന്നു. അവിടെ എനിക്ക് പെർഫോമൻസ് വന്നിട്ടില്ല. പണ്ടു ചെയ്തിരുന്ന കാര്യങ്ങൾ പുനരാവിഷ്കരിക്കുന്നതേയുള്ളൂ. അതുകൊണ്ടാണ് എന്റെ അഭിനയം പലരും 'ഒറിജിനൽ' ആണെന്നു പറയുന്നത്. നൂറു രൂപ ശമ്പളത്തിലാണ് ഞാൻ നാടകം ചെയ്തു തുടങ്ങുന്നത്. ഞാൻ അവസാനമായി നാടകത്തിൽ നിന്നു വാങ്ങിയ ശമ്പളം 3500 രൂപയായിരുന്നു. ഞാനൊരു അഞ്ചു വർഷം നാടകം കളിച്ചാൽ കിട്ടുന്ന പണത്തേക്കാൾ കൂടുതൽ പണം ഇപ്പോൾ കിട്ടുന്നുണ്ട്. 

 

ഇത് എന്റെ നല്ല സമയം 

 

സിനിമയുടെ ഒരു നല്ല സമയത്താണ് ഞാൻ വന്നു ചേർന്നതെന്നാണ് എന്റെ വിശ്വാസം. ആകാരഭംഗിയിൽ ഇപ്പോഴത്തെ പ്രേക്ഷകൻ പ്രത്യേകിച്ചൊന്നും കാണുന്നില്ല. പെർഫോമൻസല്ലാതെ മറ്റൊന്നും അവർ അഭിനേതാക്കളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ സംവിധായകർ നടീനടന്മാരെ കണ്ടെത്തുന്നത് അവരുടെ മനസിലെ കഥാപാത്രത്തെ നോക്കിയാണ്. ആ കണ്ടെത്തലിൽ എവിടെ നിന്നൊക്കെയോ കളഞ്ഞുകിട്ടിയ ഒരു മുഖമാണ് എന്റേത്. കിട്ടിയ അവസരങ്ങൾ ഞാൻ പ്രയോജനപ്പെടുത്തിയപ്പോൾ, മോശമല്ലാത്ത വിളികളിലേക്ക് അതെത്തി. എനിക്ക് ഇനിയും ആഗ്രഹം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ്. ഒരു രംഗമേ ഉള്ളൂവെങ്കിലും ആ സിനിമയക്ക് ആവശ്യമുള്ള കഥാപാത്രം ചെയ്യണം. നിലവിൽ മൂന്നു സിനിമകളിൽ ഞാൻ നായക കഥാപാത്രം ചെയ്തു. ചാക്കാല, പിരതി, ജെറി എന്നീ സിനിമകളിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അത് ആഗ്രഹിച്ചതോ സ്വപ്നം കണ്ടതോ അല്ല. ഒരു സിനിമയുടെ പ്രധാനപ്പെട്ട അഞ്ചു കഥാപാത്രങ്ങൾക്കു ശേഷം പറയുന്ന ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അങ്ങനെയുള്ള എന്നെ വച്ച് സിനിമ ചെയ്യാൻ ആളുകളുണ്ടാകുന്നു എന്നതു തന്നെ വലിയ സന്തോഷം.

 

എനിക്കൊരു ഡ്രീം പ്രൊജക്ടുണ്ട്

 

വെളിയനാട് എൽ.പി സ്കൂളിന്റെ നാലാം ക്ലാസിലെ അങ്ങേയറ്റത്തെ ബെഞ്ചിലിരുന്ന് പാട്ടു പാടിയാണ് എന്റെ കലാജീവിതം തുടങ്ങുന്നത്. എന്റെ നോട്ടുബുക്കിന്റെ പിൻഭാഗത്ത് ചെറിയ നാടകങ്ങളെഴുതാറുണ്ടായിരുന്നു. എഴുതാൻ അറിഞ്ഞിട്ടില്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ വച്ച് ഒരു കഥയുണ്ടാക്കി എഴുതും. നായകനായും വില്ലനായും അസുഖക്കാരനായും ഭ്രാന്തനായുമൊക്കെയുള്ള കഥാപാത്രങ്ങൾ. പിന്നീട് ചെറിയ നാടകങ്ങൾ എഴുതി ചെയ്തു തുടങ്ങി. ഇപ്പോൾ വലിയൊരു ഡ്രീം പ്രൊജക്ടിന്റെ പുറകിലാണ്. ഞാനും എന്റെ സുഹൃത്ത് ബിബിൻ മണിയനും ചേർന്നുണ്ടാക്കിയ കഥയും തിരക്കഥയുമാണ്. എഴുത്ത് പൂർത്തിയായി. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന് ആ തിരക്കഥ കൈമാറിയിട്ടുണ്ട്. കഥ കേട്ടവർ പറഞ്ഞത്, ആ സിനിമ സംഭവിച്ചാൽ മലയാളത്തിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാകും എന്നാണ്. അതൊരു പാൻ ഇന്ത്യൻ ചിത്രമാണ്. 

 

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളോടാണ് ഞാൻ ഈ കഥ പറഞ്ഞത്. അരമണിക്കൂറിൽ കഥ പറഞ്ഞു തീർക്കണം എന്നായിരുന്നു അദ്ദേഹം എന്നോടു ആവശ്യപ്പെട്ടത്. എന്നാൽ രാവിലെ 10.20ന് കഥ പറയാൻ തുടങ്ങിയിട്ട്, ഉച്ച കഴിഞ്ഞ് 3.45 വരെ ഭക്ഷണം പോലും കഴിക്കാതെ, താടിക്ക് കയ്യും കൊടുത്ത് അദ്ദേഹം എന്റെ കഥ കേട്ടിരുന്നു. എന്റെ വിവരണം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "ഇതു നമ്മൾ സിനിമയാക്കും." എന്നെ സംബന്ധിച്ചിടത്തോളം ഇനി ആ കഥ സിനിമ ആയില്ലെങ്കിലും, മലയാളത്തിലെ ഒരു പ്രമുഖ സംവിധായകൻ എന്റെ കഥ കേട്ടു കൊള്ളാമെന്നു പറഞ്ഞതിൽ സന്തോഷവാനാണ്. മറക്കാനാവാത്ത, എന്നിലെ അഭിനേതാവിനെ അടയാളപ്പെടുത്താൻ പറ്റുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒറ്റ സീനിലേ ഉള്ളൂവെങ്കിലും ഞാൻ അഭിനയിക്കാൻ തയാറാണ്, പക്ഷേ, എന്നെ ആ സിനിമയ്ക്ക് ആവശ്യമായിരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com