എം.ടി. വാസുദേവന്‍നായരുടെ നവതി ആഘോഷ ചടങ്ങില്‍ വികാരാധീനനായി മമ്മൂട്ടി. കഴിഞ്ഞ 41 വര്‍ഷമായി തനിക്ക് സിനിമയില്‍ നില്‍ക്കാന്‍ വഴിയൊരുക്കിയത് എംടിയാണന്നും തന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേതെന്നും മമ്മൂട്ടി പറഞ്ഞു.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ആഘോഷപരിപാടിയില്‍ ഒാര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു മമ്മൂട്ടി. തനിക്ക് ഇതുവരെ ലഭിച്ച പുരസ്കാരങ്ങളെല്ലാം എംടിയുടെ കാല്‍ക്കല്‍ ദക്ഷിണയായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എംടിക്കായി കൊണ്ടുവന്ന സമ്മാനമായ ബ്രേസ്‌ലറ്റ് മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ കയ്യില്‍ അണിയിച്ചു.
‘‘എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ച കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. വായിച്ച് തുടങ്ങുമ്പോള്‍ കഥകളോടും കഥാപാത്രങ്ങളോടും ഉള്ള എന്റെ ആഗ്രഹങ്ങള്‍ പുറത്തുവന്നിരുന്നു. ഒരുപക്ഷേ ആരും കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ ഒക്കെ നോക്കി നമ്മുടെ മുഖത്തെ കഥാപാത്രങ്ങളാക്കി മാറ്റി പരിശീലിച്ചിട്ടുണ്ട്. എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്തു ഞാന്‍ ആഗ്രഹിച്ചിരുന്നു.
ഒരു ചലച്ചിത്രോത്സവത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ ഉണ്ടായൊരു കണക്‌ഷന്‍, അതൊരു മാജിക് ആയിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. അതിനു ശേഷമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഉണ്ടാകുന്നത്. ഇത്രയും കാലം നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ ഇടയാക്കിയതും. ഇത്രയും വര്‍ഷക്കാലം സിനിമയില്‍ നിങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ആസ്വദിച്ച് നിലനിന്ന് പോകുന്നു. എംടിയുടെ സിനിമയില്‍ അഭിനയിച്ച ആളാണ് എന്നു പറയുമ്പോള്‍ എനിക്ക് കിട്ടുന്ന പ്രത്യേക അംഗീകാരങ്ങള്‍ ആസ്വദിക്കാറുണ്ട്.
ഇക്കഴിഞ്ഞ നാലഞ്ചു മാസം മുമ്പ് അദ്ദേഹത്തിന്റെ എഴുത്തിലെ കഥാപാത്രമായി അഭിനയിച്ചു തീര്‍ത്തിട്ടേ ഉള്ളൂ ഞാന്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച് ഒരുപാട് പുരസ്‌കാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുകയാണ്.
ഒരു ചേട്ടനോ അനിയനോ പിതാവോ സഹോദരനോ സുഹൃത്തോ ആരാധകനോ അങ്ങനെ ഏതു രീതിയില്‍ വേണമെങ്കിലും എനിക്ക് അദ്ദേഹത്തെ സമീപിക്കാം. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിലെ എല്ലാ കഥാപാത്രവുമായി ഞാന്‍ മാറിയിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേത്.’’–മമ്മൂട്ടി പറഞ്ഞു.
മലയാളത്തിന്‍റെ എംടി കേരളത്തിന്‍റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടിയുടെ നിര്‍ദേശം അംഗീകരിച്ച് എംടിയുടെ പേരില്‍ തുഞ്ചന്‍പറമ്പില്‍ സാഹിത്യോല്‍സവം സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മന്ത്രി വി. അബ്ദുറഹിമാന്‍, പി. നന്ദകുമാര്‍ എം.എല്‍എ, എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.