ADVERTISEMENT

‘തൂവാനത്തുമ്പികൾ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള അപൂർവ ചിത്രം പങ്കുവച്ച് പത്മരാജന്‍റെ മകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അനന്തപത്മനാഭന്‍. ലൊക്കേഷനില്‍ മോഹന്‍ലാലിനെ കാണാനെത്തിയ അമ്മ ശാന്തകുമാരിയാണ് ഫോട്ടോയുടെ ഹൈലൈറ്റ്. ‘‘അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ നിമിഷം’’ എന്ന തലക്കെട്ടോടെ മനോഹരമായ ഒരു കുറിപ്പും അദ്ദേഹം എഴുതി. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ അപൂര്‍വ ചിത്രം അദ്ദേഹം പങ്കുവച്ചത്.

 

mohanlal-mother-3

‘‘അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ നിമിഷം. (ലൊക്കേഷൻ: കേരള വർമ കോളജ്, തൃശൂർ) 1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു, എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി, നല്ല കൂട്ടുകാരികളും.

 

അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. ‘തൂവാനത്തുമ്പി’കളിലെ "മൂലക്കുരുവിന്റെ അസ്ക്യത" എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ  തോന്നിയിട്ടുണ്ട്. ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. 

 

കോളജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ. ‘ലാലുവിന്റെ കല്യാണ ആലോചനകൾ’ തന്നെ വിഷയം. ഓർമ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴിമദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. ‘തൂവാനത്തുമ്പികൾ’ കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു. ചിത്രത്തിൽ ലാലേട്ടനും ശാന്ത ആന്റിക്കും രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്.’’–അനന്തപത്മനാഭന്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com