ADVERTISEMENT

ഗർഭാവസ്ഥയിൽ വെയിറ്റ് ട്രെയിനിങ് ചെയ്യുന്ന വിദ്യ ഉണ്ണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആരോഗ്യമുള്ള ഒരമ്മയ്‌ക്കേ ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാൻ കഴിയൂ എന്ന കുറിപ്പോടെയാണ് വിദ്യ വർക്ക് ഔട്ട് വിഡിയോ പങ്കുവച്ചത്. തന്റെ വിഡിയോ ആരും അന്ധമായി അനുകരിക്കരുതെന്നും സ്വന്തം ശരീരത്തിന് ആവശ്യമുള്ള വ്യായാമ മുറകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും വിദ്യ ഉണ്ണി പറയുന്നു. നർത്തകിയായതുകൊണ്ട്, ഗര്‍ഭിണിയായതിനു ശേഷവും നൃത്തം ചെയ്യാറുണ്ട്. ചെയ്തുകൊണ്ടിരുന്ന മറ്റ് വ്യായാമങ്ങളും ഡോക്ടറുടെയും ട്രെയിനറുടെയും മേൽനോട്ടത്തിൽ തുടരുന്നുണ്ട്, തന്റെ ശരീരത്തിൽ വ്യത്യാസങ്ങൾ വരുന്നതിനനുസരിച്ച് വ്യായാമ മുറകളിലും വ്യത്യാസം വരുത്താറുണ്ടെന്നും വിദ്യ പറഞ്ഞു. ഗർഭിണികൾ ഗർഭകാലത്ത് ആക്ടീവ് ആയിരിക്കണം. പക്ഷേ അത് ഡോക്ടറോടു ചോദിച്ചതിനു ശേഷമേ ചെയ്യാവൂ എന്ന സന്ദേശം പകരാനാണ് താൻ ശ്രമിക്കുന്നതെന്നും വിദ്യ ഉണ്ണി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഞാനിപ്പോൾ ആറര മാസം ഗർഭിണിയാണ്. മുൻപ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഞാൻ ഇപ്പോഴും ചെയ്യുന്നുണ്ട്. എന്റെ വിഡിയോയുടെ കൂടെയുള്ള കുറിപ്പിൽ പറഞ്ഞതുപോലെ, നമ്മുടെ ശരീരത്തിന് ആവശ്യമുളള വ്യായാമ മുറകൾ ചെയ്യുക. ലിമിറ്റിന് അപ്പുറത്തേക്ക് ഞാൻ ഒരിക്കലും ചെയ്യില്ല. എന്റെ ഗൈനക്കോളജിസ്റ്റിനോടു ചോദിച്ചിട്ടാണ് ഞാൻ ചെയ്യുന്നത്. ഗർഭാവസ്ഥയിൽ നമ്മുടെ ശരീരം മാറിക്കൊണ്ടേയിരിക്കും. അതിനനുസരിച്ച് വ്യായാമത്തിലും മാറ്റം വരുത്തണം. എന്റെ വിഡിയോ കണ്ടിട്ട് എല്ലാവരും വെയ്റ്റ് ട്രെയിനിങ് ചെയ്യരുത്. ഓരോരുത്തരും അവരവർക്ക് പറ്റിയ വ്യായാമ മുറകൾ പരിശീലിക്കുകയാണ് വേണ്ടത്. ഞാൻ ഇപ്പോൾ വ്യായാമം ചെയ്യുന്നത് മെലിയാൻ വേണ്ടിയല്ല, ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാണ്.

viday-unni-3

പ്രസവം കഴിഞ്ഞു മിക്ക സ്ത്രീകൾക്കും നടുവിന് വേദന വരാറുണ്ട്. നടുവിലെ പേശികൾക്ക് ശക്തിയുണ്ടെങ്കിൽ അതു വരില്ല. പിലാറ്റേസ് ചെയ്യുന്നതും പേശികൾക്ക് ശക്തിയുണ്ടാകാൻ നല്ലതാണ്, ഫ്രീ വെയ്റ്റ്, മെഷീൻ ട്രെയിനിങ് ഒക്കെ ചെയ്യുന്നതും നല്ലതാണ്. കുഞ്ഞുണ്ടായതിനു ശേഷം ഒരു വർഷത്തേക്ക് എങ്കിലും നമ്മൾ കുഞ്ഞിനെ എടുക്കേണ്ടി വരും. അപ്പോൾ ആയാസം വരുന്നത് നമ്മുടെ കൈകൾ, തോള്, പിൻഭാഗമൊക്കെയാണ്. അവിടെയുള്ള മസിലുകൾ ശക്തിപ്പെടുത്തിയാൽ ബുദ്ധിമുട്ട് തോന്നില്ല. അതുകൊണ്ട് പ്രസവശേഷം കുഞ്ഞിനും എനിക്കും ആരോഗ്യത്തോടെയിരിക്കാൻ വേണ്ടിയുള്ള തയാറെടുപ്പാണിത്.

vidya-unni-3

ഗർഭാവസ്ഥയിൽ വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യരംഗത്തുള്ളവർക്ക് പോലും പല അഭിപ്രായമാണ്. ചിലർ ഗർഭാവസ്ഥയിൽ ഇത്തരം കഠിനമായ എക്സർസൈസ് ചെയ്യാൻ പാടില്ല എന്നാണു പറയാറ്. പക്ഷേ ചില ഡോക്ടർമാർ പറയുന്നത് ഗർഭാവസ്ഥയിൽ സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണ് എന്നാണ്. എനിക്കു മനസ്സിലായ കാര്യം ഗർഭിണിയാകുന്നതിനു മുൻപ് നമ്മൾ ചെയ്തിരുന്നതെല്ലാം ഗർഭാവസ്ഥയിലും ചെയ്യാം. ഞാൻ രണ്ടു വർഷത്തിൽ കൂടുതലായി ഇടയ്ക്കിടെ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം ആയി തുടർച്ചയായി ചെയ്യുന്നു. ഒരു 12 ആഴ്ച ചാലഞ്ച് വർക്ക്ഔട്ട് ചെയ്തു തീർന്നപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

മുൻപ് എടുത്തുകൊണ്ടിരുന്ന അത്രയും ഭാരം ഇപ്പോൾ എടുക്കുന്നില്ല. ഗർഭാവസ്ഥ പുരോഗമിക്കുന്നതിനനുസരിച്ച് ഭാരം കുറച്ചു കൊണ്ടുവരുന്നുണ്ട്. സ്ട്രെങ്ത് ട്രെയിനിങ് കൂടാതെ ഞാൻ പിലാത്തേസ്, യോഗ തുടങ്ങിയവയും ഡാൻസ് പ്രാക്ടീസും തുടരുന്നുണ്ട്. എന്നും ജിമ്മിൽ പോയി വെയ്റ്റ് എടുക്കുകയല്ല ചെയ്യുന്നത്. കഴിഞ്ഞ ജനുവരി മുതലുള്ള എന്റെ പോസ്റ്റുകളെല്ലാം ഗർഭിണിയായതിനു ശേഷമുള്ളതാണ്. ഈ അവസ്ഥയിലും എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ കഴിയുന്നു എന്നുള്ളതിൽ സന്തോഷമുണ്ട്.

Vidhya Unni ties the knot, see pics

ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും ഗർഭാവസ്ഥയിൽ ഒരുപാട് ബുദ്ധിമുട്ടു നേരിടുന്ന സ്ത്രീകൾ ഉണ്ടാകും, ഛർദിൽ, തലവേദന, നടുവിന് വേദന തുടങ്ങി പല പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് നമ്മുടെ ശരീരത്തിനു വേണ്ടത് മാത്രം ചെയ്യുക എന്ന് പറയുന്നത്. എന്റെ ശരീരം പോലെ ആയിരിക്കില്ല വേറെ ഒരാളുടേത്. അതുകൊണ്ട് ഞാൻ ചെയ്യുന്നത് അതുപോലെ ആരും പിന്തുടരുത്. യോഗ, ചെറിയ നടത്തം, ജോഗിങ് തുടങ്ങിയ കാര്യങ്ങളിലൂടെയും ഒരു ഗർഭിണിക്ക് സജീവമായി ഇരിക്കാം. മാനസിക സന്തോഷവും സമാധാനവുമാണ് ഏറ്റവും വലുത്.

എന്റെ ഡോക്ടറുടെയും ട്രെയിനറുടെയും ഉപദേശം സ്വീകരിച്ചിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഞാൻ മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ പ്രാപ്തിയുള്ള ഒരു ട്രെയിനറോ ന്യൂട്രിഷനിസ്റ്റോ അല്ല. ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുന്നു എന്നെ ഉള്ളൂ. ഓരോരുത്തരും അവരവരുടെ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമേ എന്തും ചെയ്യാൻ പാടുള്ളൂ. ഗർഭകാലത്ത് എന്ത് ചെയ്യണം എന്നതിനെപ്പറ്റി അങ്ങനെ ചർച്ച ചെയ്തു കണ്ടിട്ടില്ല. ഞാൻ പറയുന്നതിൽ നിന്നും ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുകയും സംസാരിക്കുകയും വേണം എന്നൊരു സന്ദേശം നിങ്ങൾക്ക് കിട്ടുമെങ്കിൽ സന്തോഷം.’’–വിദ്യ ഉണ്ണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com