ADVERTISEMENT

രാജ്യത്തെ പ്രമുഖ സ്റ്റാൻഡ്അപ് കൊമേഡിയന്മാരിൽ ഒരാളായ സക്കീർ ഖാൻ നടൻ മോഹന്‍ലാലിനെക്കുറിച്ചു പങ്കുവച്ച കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കൊച്ചിയിൽ ഷോ അവതരിപ്പിക്കാനെത്തിയ സക്കീറിന് സ്വന്തം ഫോൺ നമ്പർ നൽകിയാണ് മോഹൻലാൽ ഞെട്ടിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചുകണ്ട മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങൾ സംഭാഷണ രൂപത്തിൽ സക്കീർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുണ്ടായി.

‘‘മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ ഞങ്ങൾ പരിചയപ്പെടുകയും അദ്ദേഹം എന്നോടു സംസാരിക്കുകയും ചെയ്തു.’’–സക്കീർ പറയുന്നു.

സക്കീറിന്റെ യാത്രയെക്കുറിച്ചും മോഹൻലാൽ തിരക്കി. നാഗ്പുരിലേക്കുള്ള യാത്രയ്ക്കിടെയാണ് സക്കീറിന്റെ ഈ ആഗ്രഹം സഫലമായത്. തുടർന്ന് സക്കീറിന്റെ പ്രഫഷനെക്കുറിച്ചും താരം ചോദിക്കുകയുണ്ടായി. താനൊരു സ്റ്റാൻഡ്അപ് കോമേഡിയനാണെന്നും തന്റെ ജീവിതം സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റിയാണെന്നുമായിരുന്നു സക്കീറിന്റെ മറുപടി. ഒരു കലാകാരനെ പരിചയപ്പെട്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുമുണ്ടായിരുന്നുവെന്ന് സക്കീർ പറയുന്നു. മുംബൈയിലാണോ ഇപ്പോൾ താമസം എന്ന സക്കീറിന്റെ ചോദ്യത്തിന്, കൊച്ചിയിലും ചെന്നൈയിലുമായാണ് താമസിക്കുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്.

കൊച്ചിയിൽ ഷോ ചെയ്തിട്ടുണ്ടോ എന്നു സക്കീറിനോട് താരം ചോദിക്കുകയുണ്ടായി. അടുത്തയാഴ്ച ഒരു ഷോ ഉണ്ടെന്നായിരുന്നു സക്കീറിന്റെ മറുപടി. എവിടെയാണ് പ്രോഗ്രാം നടക്കുന്നതെന്നുള്ള താരത്തിന്റെ ചോദ്യത്തിന്, കൃത്യമായി സ്ഥലം ഓർമയില്ല, പക്ഷേ രാജ്യത്തെ ഏറ്റവും സാങ്കേതികത്തികവുള്ള ഇടത്താണെന്നും സക്കീർ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ സമീപിക്കാമെന്ന് പറഞ്ഞാണ് മോഹൻലാൽ പിരിഞ്ഞത്. തന്റെ ഫോൺ നമ്പർ സക്കീറിനു നൽകുകയും ചെയ്തു.

മോഹൻലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറയിലെ ജെറ്റി പെർഫോമിങ്ങ് ആർട്സിലാണ് സക്കീർ ഷോ അവതരിപ്പിക്കുന്നത്. സംഭാഷണത്തിനിടയിൽ മോഹൻലാൽ അത് സക്കീറിനോട് പറയുകയും ചെയ്തിരുന്നു.

സക്കീർ‍ കുറിച്ച സംഭാഷണം ചുവടെ:

മോഹൻലാൽ: എവിടേക്കാണ് താങ്കളുടെ യാത്ര?

സക്കീർ: നാഗ്പുരിലേക്ക്

മോഹൻലാൽ: നിങ്ങൾ എന്തു ചെയ്യുന്നു?

സക്കീർ: സർ, ഞാനൊരു സ്റ്റാൻഡ്അപ് കൊമേഡിയനാണ്. ഷോകളുടെ ഭാഗമായി കുറച്ചു ദിവസങ്ങളായി യാത്രയിലാണ്.

മോഹൻലാൽ: താങ്കളും ഒരു കലാകാരൻ ആണെന്നറിഞ്ഞതിൽ സന്തോഷം

സക്കീർ: സർ, അങ്ങ് മുംബൈയിലാണോ താമസം?

മോഹൻലാൽ: അല്ല, ചെന്നൈയിലും കൊച്ചിയിലുമായാണ് ഞാൻ താമസിക്കുന്നത്. നിങ്ങൾ കൊച്ചിയില്‍ പെർഫോം ചെയ്തിട്ടുണ്ടോ?

സക്കീർ: ഇല്ല, ഇതുവരെ ഇല്ല. പക്ഷേ അടുത്ത ആഴ്ച ഒരു ഷോ ആദ്യമായി അവിടെ ചെയ്യുന്നുണ്ട്.

മോഹൻലാൽ: (ആവേശഭരിതനായി) എവിടെ???

സക്കീർ: ആ ഓഡിറ്റോറിയത്തിന്റെ പേര് മറന്നുപോയി. രാജ്യത്തെ ഏറ്റവും പുതിയതും ഹൈ ടെക്കുമായ ഒരു സ്ഥലമാണത്.

മോഹൻലാൽ: എനിക്ക് ആ സ്ഥലം അറിയാമെന്നു തോന്നുന്നു

സക്കീർ: ഓ, അങ്ങനെയാണോ, നല്ലത്

മോഹൻലാൽ: അതെ, ഞാനാണ് ആ സ്ഥലത്തിന്റെ ഫൗണ്ടർ. ഇതാണ് എന്റെ നമ്പർ. എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കൂ.

സക്കീർ: (തലയിൽ കൂടി കിളി പോയ അവസ്ഥ) തീർച്ചയായും, വളരെ നന്ദി സർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com