ADVERTISEMENT

മലയാളത്തിൽ ബോക്സ്ഓഫിസ് റെക്കോര്‍ഡുകൾ തകര്‍ത്തെറിഞ്ഞ ജൂഡ് ആന്തണി ചിത്രം ‘2018’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് തെലുങ്ക് പ്രേക്ഷകർ. സിനിമയുടെ മൂന്ന് ദിവസത്തെ കലക്‌ഷൻ 4.50 കോടിയാണ്. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിവസം 70 ശതമാനത്തോളം വർധനയാണ് കലക്‌ഷനിൽ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കലക്‌ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിങ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 

 

അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേൻ, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

 

മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. 

 

കേരളത്തിൽ നിന്നു മാത്രം 80 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവർസീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വമായ പ്രതികരണമാണ്  ആദ്യ ദിനം മുതല്‍ ‘2018’ നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറുള്ളത്. എന്നാൽ ‘2018’ യുഎസിലും യൂറോപ്പിലുമൊക്കെ വലിജ വിജയമായി മാറുകയാണ്. പ്രദര്‍ശനത്തിന്‍റെ മൂന്നാം വാരത്തിലും പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്താനായി എന്നത് മലയാള സിനിമയ്ക്ക് വലിയ അഭിമാനവും പ്രതീക്ഷയും പകരുന്ന ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com