അകാലത്തിൽ ഹരീഷ് പേങ്ങൻ യാത്രയാവുമ്പോൾ വിഫലമാകുന്നത് സഹോദരനെ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തു നൽകാൻ തയാറായ ഇരട്ട സഹോദരിയുടെ പരിശ്രമങ്ങൾ. ചെറിയ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ഹരീഷ് പേങ്ങന് അപ്രതീക്ഷിതമായാണ് കരൾ രോഗം സ്ഥിരീകരിച്ചത്. അടിയന്തിരമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ഹരീഷിനെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ഇരട്ട സഹോദരന് കരൾ പകുത്തു നൽകാൻ സഹോദരി ശ്രീജ മുന്നോട്ട് വരികയായിരുന്നു.
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ചെലവാകുന്ന ഭീമമായ തുക കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഹരീഷിന്റെ കുടുംബവും സുഹൃത്തുക്കളും. പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിൽ ചികിത്സയുമായി മുന്നോട്ട് നീങ്ങവെയാണ് ഹരീഷിന്റെ അപ്രതീക്ഷിത മരണം. ഒടുവിൽ സഹോദരിയുടെ കനിവിന് കാത്തുനിൽക്കാതെ നർമവും ലാളിത്യവും കലർന്ന ഒരുപിടി കഥാപാത്രങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ഹരീഷ് പേങ്ങൻ യാത്രയാവുകയാണ്.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാകാരൻ കൂടിയായിരുന്നു ഹരീഷ്.