ADVERTISEMENT

കരൾ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ഹരീഷ് പേങ്ങൻ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും സംവിധായകനുമായ മനോജ് കെ. വർഗീസ് പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ഹരീഷ് പേങ്ങനു കരൾ രോഗം സ്ഥിരീകരിച്ച്, ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനു രോഗം വന്നത് അമിത മദ്യപാനം കാരണമെന്നാണ് പലരും പറഞ്ഞിരുന്നു. എന്നാൽ ഹരീഷ് മദ്യപാനി ആയിരുന്നില്ല എന്നാണു മനോജ് പറയുന്നത്. ‘‘ഞങ്ങൾ ഒന്നിച്ച് ഉച്ചയ്ക്ക് രണ്ടുമണിവരെ എന്റെ വീട്ടിൽ സംസാരിച്ചിരുന്ന ശേഷമാണ് ഡബ്ബിങ്ങിനായി ഹരീഷ് അന്ന് എറണാകുളത്തേക്ക് പോകുന്നതും, പോകുന്ന വഴിയിൽ ഒരു വയറുവേദന അനുഭവപ്പെട്ട് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുന്നതും. കരൾ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലെ പല കമന്റുകളിലും ഞാൻ കണ്ടതുപോലെ, ആധികാരികതയോടെ ഉറപ്പിച്ച് പറയാം - ഹരി ഒരു മദ്യപാനിയല്ല.’’–മനോജ് പറയുന്നു. 

 

‘‘അമ്മയെ തല്ലിയാലും രണ്ടുണ്ട് വാദം എന്നാണല്ലോ പറയുന്നത്. പ്രിയ സുഹൃത്തായ ഹരീഷ് പേങ്ങന്റെ ചികിത്സാസഹായം അഭ്യർഥിച്ചുകൊണ്ട് ഈ ദിവസങ്ങളിൽ പ്രമുഖ ദൃശ്യ, പത്ര, സമൂഹമാധ്യമങ്ങളിലൂടെ അവനെ ഇഷ്ടപ്പെടുന്ന ഞാനടങ്ങുന്ന സുഹൃത്തുക്കളും നാട്ടുകാരും സഹായം അഭ്യർഥിച്ചുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. അഭ്യർഥനകൾക്ക് തുടക്കംകുറിച്ച് ആദ്യമായി നാലുദിവസം മുമ്പ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തി എന്ന നിലയ്ക്ക് ചിലത് പറയണം എന്ന് ആഗ്രഹിക്കുന്നു. എന്റെ നാട്ടുകാരനും 40 വർഷത്തിലേറെ പരിചയമുള്ള വളരെ അടുത്ത സുഹൃത്തുമാണ് ഹരീഷ് നായർ എം.കെ. എന്ന ഹരീഷ് പേങ്ങൻ. മറ്റു പലർക്കും അവൻ ചലച്ചിത്ര നടനായ ഹരീഷ് പേങ്ങനായിരിക്കാം... പക്ഷേ എനിക്ക്, അല്ലെങ്കിൽ ഞങ്ങൾക്ക്, അവൻ ഞങ്ങളുടെ ഹരിയാണ്.

 

ഞങ്ങൾ ഒന്നിച്ച് ഉച്ചയ്ക്ക് രണ്ടുമണിവരെ എന്റെ വീട്ടിൽ സംസാരിച്ചിരുന്ന ശേഷമാണ് ഡബ്ബിങ്ങിനായി ഹരീഷ് അന്ന് എറണാകുളത്തേക്ക് പോകുന്നതും, പോകുന്ന വഴിയിൽ ഒരു വയറുവേദന അനുഭവപ്പെട്ട് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുന്നതും. കരൾ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലെ പല കമന്റുകളിലും ഞാൻ കണ്ടതുപോലെ, ആധികാരികതയോടെ ഉറപ്പിച്ച് പറയാം - ഹരി ഒരു മദ്യപാനിയല്ല.

hareesh-pengan

 

ഹരിയുടെ നിലവിലെ അവസ്ഥയറിഞ്ഞ് ഒട്ടനവധി സുഹൃത്തുക്കൾ (പ്രമുഖ ചലചിത്ര താരങ്ങൾ ഉൾപ്പെടെ) സാമൂഹ്യ മാധ്യമങ്ങളുടെ അവനായി സഹായം അഭ്യർഥിച്ചിരുന്നു. ആ പോസ്റ്റുകളിൽ ഏറ്റവും അധികം കമന്റുകളിൽ കണ്ടത്, ‘അമ്മ’ എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ്. ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നിലവിൽ ഹരീഷ് ‘അമ്മ’ എന്ന സംഘടനയുടെ അംഗമല്ല. ആ കാരണം കൊണ്ട് തന്നെ ‘അമ്മ’ എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട്. ഇത് എന്നോട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബുച്ചേട്ടൻ പറഞ്ഞിട്ടുള്ളതാണ്. അത് മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ല. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള നടി നടന്മാരും ടെക്നീഷ്യൻസുമടക്കം കുറെയധികം പേർ സഹായിക്കാൻ തയാറായി വന്നിട്ടുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.

 

ഈ സാഹചര്യത്തിൽ ഒരു കാര്യം ഓർക്കാതെ പോകരുത്. ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല, ഞാൻ ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയല്ല ഹരീഷ് എന്ന് ഹരീഷിന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള, ഹരീഷിനെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്നതാണ്. അംഗത്വ ഫീസ് ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെമ്പർഷിപ്പ് എടുക്കാൻ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല എന്നതാണ് യാഥാർഥ്യം. ഇത് പറയുമ്പോൾ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.

 

ഇത്തരം ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോൾ, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലം വിറ്റൊ മറ്റോ പണമുണ്ടാക്കി വരുമ്പോൾ ചികിത്സയ്ക്ക് ജീവനോടെ അവൻ ഉണ്ടാവണം എന്നതും ഒരു യാഥാർഥ്യമല്ലേ??? മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയോട് അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അതുവരെയും അധികം അറിയിച്ചിരുന്നില്ല. എന്നാൽ ജീവൻ തിരിച്ച് കിട്ടാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗമില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സർജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്,  അവന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറച്ചുപേർ അഭ്യർത്ഥനയുമായി വന്നത്.

 

പലരുടെയും സംശയം ഇത്തരത്തിൽ പണം പിരിവ് നടത്തി കോടികൾ ഉണ്ടാക്കും എന്നാണ്. ഉണ്ടാക്കുന്നവരോ, കിട്ടുന്നവരോ ഉണ്ടായിരിക്കാം. എന്നാൽ സത്യമെന്തെന്നാൽ ഹരിയുടെ ചികിത്സയ്ക്കാവശ്യമായ തുക ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ്. അതുകൊണ്ട്, ഞങ്ങളുടെ ഹരിയെ ഞങ്ങൾക്ക് അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ പറ്റുമോ? വിട്ടുകൊടുക്കില്ല എന്നതാണ് സത്യം. 

 

നാളിതുവരെ കഴിഞ്ഞ നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യർഥനയിലൂടെ ലഭിച്ചിട്ടുണ്ട്. ഇതിൽ പത്ത് രൂപ മുതൽ 50,000 രൂപ വരെ അയച്ചുതന്നവർ ഉണ്ട് എന്നതാണ് സത്യം. സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ഹരീഷിനും അവന്റെ കുടുംബത്തിനും വേണ്ടി അറിയിക്കട്ടെ. തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർഥിച്ചുകൊണ്ട് പോസ്റ്റ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പല പ്രമുഖരും ഇല്ലാതില്ല. അതൊക്കെ അങ്ങനെ നടക്കട്ടെ... അവനുവേണ്ടി ഒരു അഭ്യർഥന നടത്താനുള്ള മനസ്സെങ്കിലും അവർക്കുണ്ടായല്ലോ... അതിൽ സന്തോഷം.

 

കുറെ അധികം പേർ സാമ്പത്തികസഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. ഹരിയുടെ സഹോദരിയുടെ പേരിലുള്ള 5 സെന്റ് സ്ഥലം പണയപ്പെടുത്തി സൊസൈറ്റിയിൽ നിന്നും ലോണെടുക്കാൻ ശ്രമം തുടരുന്നു. മിക്കവാറും മൂന്നോ നാലോ ദിവസം കൊണ്ട് അങ്ങനെ കുറച്ചു പണം സ്വരൂപിക്കാനാവും. തികയാതെ വരുന്ന പണം തുച്ഛമായ സ്വർണാഭരണങ്ങൾ വിറ്റ് കണ്ടെത്തണം. ലോൺ എടുക്കുന്ന തുക തിരിച്ചടയ്ക്കണം. സർജറിക്ക് ശേഷം അവന്റെ കുടുംബവും ജീവിക്കണം. ഇത്തരത്തിലുള്ള ഒരു സർജറിക്ക് ശേഷം എത്രനാൾ കഴിഞ്ഞ് അവന് അഭിനയിച്ചു വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് നമുക്ക് ഊഹിക്കാമല്ലോ.എന്തായാലും ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചുകൊള്ളാൻ ആശുപത്രി അധികൃതരോട് അറിയിച്ചിട്ടുണ്ട്.

 

ഒരു അപേക്ഷ മാത്രം... തീർത്തും സദുദ്ദേശപരമായി ഹരിയുടെ ജീവൻ രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാനന്ന് ആദ്യമായി അഭ്യർഥനയുമായി നിങ്ങളുടെ ഓരോരുത്തരുടെയും അടുത്തേക്ക് ഫെയ്സ്ബുക്കിലൂടെ എത്തുന്നത്. ഹരിയുടെ അവസ്ഥ അറിഞ്ഞ് പലരും ഷെയർ ചെയ്യപ്പെട്ടപ്പോൾ, പരസ്പരം ആരെയും ചെളിവാരി തേക്കാനോ അവഹേളിക്കാനോ ഒരു സാഹചര്യം ഹരീഷിന്റെ ഈ അവസ്ഥ കൊണ്ട് ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യർഥിക്കുന്നു.

 

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു നിൽക്കാൻ നല്ല രസമാണ്. ആ വേദന നമുക്ക് ഉണ്ടാവുമ്പോഴേ നമ്മൾ പഠിക്കൂ.. പണവും, പ്രതാപവും, സോഷ്യൽ സ്റ്റാറ്റസും, രാഷ്ട്രീയവും നോക്കിയല്ല ഇത്തരത്തിൽ അസുഖങ്ങളും ദുരന്തങ്ങളും അപ്രതീക്ഷിതമായി നമ്മളിലേക്ക് എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം എന്ന് അഭ്യർഥന..

 

ഒരു കാര്യം ഞാൻ ഉറപ്പു നൽകാം. ഹരിയുടെ ജീവൻ നിലനിർത്തുക, അവനെ തിരിച്ചു കൊണ്ടു വരിക എന്നുള്ളതാണ് ഇപ്പോൾ പ്രഥമ ലക്ഷ്യം. ശേഷം, ഉറപ്പായും ചികിത്സാസഹായമായി ലഭിച്ച തുക, അത് ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാക്കും എന്ന് ഞാൻ ഉറപ്പു നൽകാം. എത്ര തുക ലഭിച്ചു, ആരൊക്കെ നൽകി, എത്ര തുക ചികിത്സയ്ക്കായി ചെലവായി തുടങ്ങിയ വിവരങ്ങൾ കൃത്യമായി പൊതുജന സമക്ഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും.ഒരു ജീവന്റെ വില.. സമയത്തിന്റെ വില... അത് വിസ്മരിക്കരുത്. ഹരീഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിക്കണമേ എന്ന് അപേക്ഷ..സ്നേഹത്തോടെ മനോജ്.’’–മനോജിന്റെ വാക്കുകൾ.

 

ഈ മാസം മെയ് 14നാണ് മനോജ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com