ADVERTISEMENT

നിനച്ചിരിക്കാത്ത കാര്യങ്ങളാവും ചിലപ്പോൾ ഒരു ‘നല്ല നിലാവുള്ള രാത്രിയിൽ’ നടക്കുന്നത്. അതുപോലെ പ്രവചനാതീതമായ ചില കാര്യങ്ങൾ സംഭവിക്കുകയാണ് മർഫി ദേവസി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെ. സാന്ദ്ര തോമസ് നിർമിക്കുന്ന സിനിമയിൽ ബാബുരാജ്, ജിനു ജോസഫ്, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ മർഫി മനോരമ ഓൺലൈനിൽ ചേരുമ്പോൾ...

 

നല്ല നിലാവുള്ള രാത്രി എന്ന പേരിലേക്ക്?

 

നല്ല നിലാവുള്ള ഒരു രാത്രിയിൽ സംഭവിക്കുന്ന ഒരു കഥയാണിത്.  സിനിമയ്ക്കു വേണ്ടി മറ്റൊരു പേരാണ് ഞാൻ ആദ്യം കണ്ടെത്തിയിരുന്നത്. അതൊന്നു മാറ്റണമെന്ന പൊതു അഭിപ്രായം വന്നപ്പോൾ ‘നല്ല നിലാവുള്ള രാത്രി’ എന്ന പേരിലേക്ക് എത്തുകയായിരുന്നു. കുറേ പകലുകൾക്ക് ശേഷമുള്ള നിലാവുള്ള രാത്രിയിൽ കുറെയധികം ക്യാരക്ടേഴ്സിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നതും തുടർന്ന് അവർക്കിടയിലുണ്ടാകുന്ന ചില സംഘർഷങ്ങളും അതുണ്ടാക്കുന്ന ചില പ്രശ്നങ്ങളുമാണ് ഈ സിനിമ. 

 

‘നല്ല നിലാവുള്ള രാത്രി’യിലെ കഥാപാത്രങ്ങളിലൂടെ?

jinu-murphy

 

'ഇരുമ്പൻ' എന്ന ക്യാരക്ടർ ചെയ്യാൻ ചെമ്പൻ  തന്നെ വേണം എന്ന് ഞാൻ പ്രൊഡ്യൂസർ സാന്ദ്രയോട് ആദ്യമേ തന്നെ പറഞ്ഞിരുന്നു. കാരണം അതൊരു പ്രത്യേകതരം ക്യാരക്ടർ ആണ്. എന്റെ മനസ്സിലുള്ള ഇരുമ്പൻ എന്ന കഥാപാത്രത്തിന്റെ മാനറിസം കൃത്യമായി ചെമ്പൻ സ്ക്രീനിൽ അവതരിപ്പിക്കുകയും ചെയ്തു. അത് പോലെ ജോഷി എന്ന കഥാപാത്രം ചെയ്ത ബിനു പപ്പു. ഡൊമിനിക് എന്ന റോൾ ചെയ്ത ജിനു, കുര്യൻ ചെയ്യുന്ന ബാബുരാജ് പിന്നെ സായ് കുമാർ ചേട്ടൻ, ഗണപതി, റോണി ചേട്ടൻ , സജിൻ, നിതിൻ തുടങ്ങി എല്ലാവരെയും പ്ലാൻ ചെയ്ത് കാസ്റ്റ് ചെയ്തത് തന്നെയാണ്. ത്രില്ലർ സ്വഭാവമുള്ള കഥ ആയതുകൊണ്ട് തന്നെ ഓരോരുത്തർക്കും അവരവരുടെതായ ഒരു ഐഡന്റിറ്റി ഉണ്ട്. സിനിമയിൽ എല്ലാവരും അവരവരുടെ റോൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.

murphy-sandra

 

പരസ്യമേഖലയിൽ നിന്ന് സിനിമയിലേക്ക്?

 

തുടക്കം മുതലേ സിനിമ തന്നെയായിരുന്നു ലക്ഷ്യം. പരസ്യ ചിത്രം ചെയ്യുമ്പോഴും സിനിമയിലേക്ക് എത്താനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. വിഷ്വലൈസേഷനാണ് എനിക്കിഷ്ടം. സിനിമക്കൊപ്പം ഇനിയും ആഡ് ഫിലിമുകളും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. വളരെ ചെറുപ്പം മുതലേ ഒരുപാട് സിനിമകൾ കണ്ടു വളർന്ന ഒരാളൊന്നുമല്ല ഞാൻ. പക്ഷേ വായനാശീലം ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ എന്റർടെയ്ൻമെന്റ് മേഖലയിൽ വർക്ക്‌ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഇലക്ട്രോണിക് മീഡിയ എന്ന ഒരു കോഴ്സ് ചെയ്യാനായി ഞാൻ ചെന്നൈയിൽ പോയി.  ഡയറക്‌ഷൻ, സിനിമാറ്റോഗ്രഫി, എഡിറ്റിങ് എല്ലാം ഉൾപ്പെടുന്ന ഒരു ഡിഗ്രി കോഴ്സ് ആണത്. ആ കോഴ്‌സ് കഴിഞ്ഞ് ഞാൻ ഒരു മീഡിയയിൽ വർക്ക് ചെയ്തിരുന്നു. അവിടെനിന്നും ആഡ്ഫിലിമിൽ വർക്ക് ചെയ്യാൻ പോയി. അതോടൊപ്പം സിനിമ ചെയ്യാനുള്ള ശ്രമങ്ങളും നടത്തികൊണ്ടിരുന്നു . കഴിഞ്ഞ 10 വർഷമായി സിനിമയ്ക്കു പുറകിലാണ്. പല സ്ക്രിപ്റ്റുകൾ തയാറാക്കി. അതിൽ ഒന്നാണിത്.

 

സാന്ദ്ര എന്ന നിർമാതാവിലേക്ക്

 

murphy-binu

ചെന്നൈയിൽ പഠിക്കുന്ന സമയത്ത് സാന്ദ്ര കോളജിൽ എന്റെ ബാച്ച്മേറ്റ് ആയിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ സുഹൃത്തുക്കൾ ആകുന്നത്. കോളജ് ഒക്കെ കഴിഞ്ഞ് പിന്നീട് സിനിമ ചെയ്യണം എന്നായപ്പോൾ എന്റെ മനസ്സിൽ വരുന്ന കഥകൾക്ക് ഒരു രൂപമായി കഴിയുമ്പോൾ ഞാൻ അത് സാന്ദ്രയുമായി ഡിസ്കസ് ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ട ഒരു സിനിമ ഞങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ  വെറുതെ ഈ കഥ പറഞ്ഞു. സാന്ദ്രയ്ക്കും ഭർത്താവ് വിൽസൺ ചേട്ടനും ഈ കഥ വളരെയധികം ഇഷ്ടപ്പെട്ടു. അങ്ങനെ ആദ്യം പ്ലാൻ ചെയ്ത  ചിത്രം മാറ്റി ഞങ്ങൾ ത്രില്ലർ സിനിമ ആദ്യം ചെയ്യാം എന്ന് ഉറപ്പിക്കുകയായിരുന്നു. 

 

പിന്നെ ഞാനൊരു പുതുമുഖ സംവിധായകനാണ്. വലിയ നായക നടന്റെ ഒരു കഥയല്ല ഈ സിനിമ. ഒരുപാട് റിസ്ക് ഉണ്ട്. എന്നിരുന്നാലും കൂടെ നിന്നയാളാണ് സാന്ദ്ര. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യം തന്നെയാണ്. പിന്നെ ഇത്തരത്തിൽ ഒരു ത്രില്ലർ സ്വഭാവമുള്ള നല്ല ഇടിയും അടിയും ഒക്കെ കൂടി കലർന്ന ഒരു സോഫ്റ്റ്‌ സെന്റിമെൻസും ഇല്ലാത്ത ഒരു സിനിമ നിർമിക്കാൻ  സാന്ദ്ര മുന്നോട്ടുവന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്.  

 

ത്രില്ലർ സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് വരുമ്പോൾ?

 

ത്രില്ലർ സിനിമകൾ തിരഞ്ഞെടുത്തു കാണുന്ന ഒരാളാണ് ഞാൻ. അത്തരം ചിത്രങ്ങളിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിക്കുന്നത് കാണുമ്പോൾ അതിൽ വളരെയധികം എക്സൈറ്റ്ഡ് ആവുന്ന ഒരു പ്രേക്ഷകൻ കൂടിയാണ് ഞാൻ. അപ്പോൾ നമ്മൾ അനുഭവിക്കുന്ന ആ ഒരു സുഖം എന്റെ സിനിമയിലും ഉണ്ടാവണം എന്നാണ് തുടക്കം മുതലേ ചിന്തിച്ചത്.

 

'താനാരോ' എന്ന പാട്ട് ഹിറ്റ് ആണല്ലോ?

 

മദ്യപിക്കുന്നതിനിടയിൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തു പാടാൻ കഴിയുന്ന ഒരു പാട്ടാണ് 'താനാരോ'. അതെങ്ങനെ പബ്ലിക്കായി പാടാം എന്നതിനെപ്പറ്റി ചിന്തിച്ച് പ്ലാൻ ചെയ്ത് തയാറാക്കിയ ഒരു പാട്ടാണത്. അതുകൊണ്ട് തന്നെ എഴുപത് മുതലുള്ളവർക്ക് ഈ പാട്ട് കണക്ട് ആവും എന്നായിരുന്നു എന്റെ ഒരു കണക്കുകൂട്ടൽ. ആ പാട്ട് ഏറ്റെടുത്തത് കണ്ടപ്പോൾ സത്യത്തിൽ സന്തോഷമുണ്ട്. കൈലാസിന്റെ സംഗീതം അതിൽ എടുത്തു പറയേണ്ട  ഒന്നാണ്.

 

ട്രെയിലറും ശ്രദ്ധ നേടി?

 

ട്രെയിലർ അത്യാവശ്യം ആളുകൾ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതിത്ര ഹിറ്റാവും എന്ന് കരുതിയിരുന്നില്ല. തിയറ്ററിൽ പ്രദർശിപ്പിച്ച ട്രെയിലർ കണ്ടിട്ട് ഒരുപാട് പേർ വിളിച്ചിരുന്നു. ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി വളരെ ഫീലോട്‌ കൂടി തിയറ്ററിൽ കാണാൻ കഴിഞ്ഞു എന്ന് പലരും പറഞ്ഞു. അതിലും ഒരുപാട് സന്തോഷമുണ്ട്. ഡോൺ മാക്സ് ആണ് ട്രെയിലർ എഡിറ്റ്‌ ചെയ്തിരിക്കുന്നത്.

 

ട്രെയിലറിൽ ഒരു റൂമിനുള്ളിലെ സീക്വൻസുകൾ ശ്രദ്ധിച്ചിരുന്നു. അതേപ്പറ്റി?

 

ഒരു റൂമിൽ ഉള്ള ക്ലോസ്ഡ് സീനുകൾ എടുക്കുമ്പോൾ സത്യത്തിൽ അത് കുറച്ച് ചാലഞ്ചിങ് ആണ്. കാരണം അതിൽ ഉൾപ്പെടുന്ന ഓരോ ആക്ടേഴ്സിനേയും അത്രയും ലൈവായി നിർത്തണം. ആ സീനിന്റെ പവർ ഒട്ടും താഴെ പോകാതെ തന്നെ നിലനിർത്തുകയും വേണം. അത് അല്‍പം ശ്രമകരമായ കാര്യമാണ്. ആ സീനുകൾക്ക് ചെയ്യുന്നതിന് മുൻപേ തന്നെ അതിനുവേണ്ടിയുള്ള പഠനങ്ങൾ ഞാൻ നടത്തിയിരുന്നു. അതുപോലെ അതിനു വേണ്ടിയുള്ള തയാറെടുപ്പുകളും കൃത്യമായി നടത്തിയിട്ടാണ് ലൊക്കേഷനിലേക്ക് പോയത്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് സത്യത്തിൽ ഈ റൗണ്ട് ടേബിൾ ചാലഞ്ചിങ് ആയി തോന്നിയില്ല എന്നതാണ് സത്യം. മാത്രമല്ല അതൊരു മികച്ച എക്സ്പീരിയൻസും ആയിരുന്നു.

 

സിനിമയിലെ ലഹരി ഉപയോഗം. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

 

'നല്ല നിലാവുള്ള രാത്രി' ഒരു ആക്‌ഷൻ സിനിമയാണ്. സിനിമയിൽ ഒരിക്കലും ലഹരി ഉപയോഗിച്ച് ആക്‌ഷൻ രംഗങ്ങൾ ഒന്നും ചെയ്യാൻ പറ്റുകയില്ല. ആളെ കറക്കിയിട്ട് അടിക്കുന്ന രംഗങ്ങളൊക്കെ ഈ സിനിമയിലുണ്ട്. മാത്രമല്ല ഈ ചിത്രത്തിൽ കൂടുതലും നൈറ്റ് ഷൂട്ടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി നാലുമണിയോടുകൂടിയാണ് താരങ്ങളെല്ലാം റൂമിൽ പോയിരുന്നത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി അടുത്ത സീനുകൾ ഷൂട്ട് ചെയ്യേണ്ടതായും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ലഹരിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളും സെറ്റിൽ ഉണ്ടായിരുന്നില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

 

താരങ്ങൾ പൊതുവെ അഭിമുഖങ്ങളിൽ സഹകരിക്കുന്നില്ല എന്നൊരു അഭിപ്രായം കേട്ടിരുന്നു. അതേപറ്റി?

 

ഞങ്ങളുടെ സിനിമയിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും നല്ല രീതിയിൽ തന്നെ സഹകരിച്ചു. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ചില കാര്യങ്ങളിൽ എനിക്ക് എക്സ്പീരിയൻസ് കുറവായിരുന്നു. പ്രമോഷൻ എങ്ങനെയൊക്കെ നടത്തണമെന്ന  കാര്യങ്ങളിലൊക്കെ ഈ സിനിമയിലെ അഭിനേതാക്കൾ അവരുടെ അഭിപ്രായങ്ങൾ എന്നോട് പങ്കുവച്ചിരുന്നു. സിനിമയ്ക്ക് ഗുണം കിട്ടുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു . 

 

അണിയറപ്രവർത്തകരോടൊപ്പം?

 

ആദ്യം ഞാൻ സ്ക്രിപ്റ്റ് തയാറാക്കി. ശേഷം എന്റെ സുഹൃത്തായ പ്രഫുൽ സുരേഷും ഞാനും ചേർന്നാണ് തിരക്കഥയും സംഭാഷണവും പൂർത്തിയാക്കിയത്. ബാക്കി ടെക്‌നിഷ്യൻസിനെക്കുറിച്ച് പറയുകയാണെങ്കിൽ സിനിമാറ്റോഗ്രാഫറായ അജയ് ഡേവിഡ് കാച്ചപ്പള്ളി ഈ സിനിമയ്ക്കായി ഏറ്റവും നന്നായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എഡിറ്റർ ശ്യാം ശശിധരൻ ഏറ്റവും നല്ല രീതിയിൽ സിനിമ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. സൗണ്ട് ഡിസൈൻ ചെയ്ത വിഷ്ണു ഗോവിന്ദ് ശബ്ദത്തിന്റെ ഒരു പുതിയ ലോകം ഇതിൽ സൃഷ്ടിച്ചിട്ടുണ്ട്. കൈലാസാണ് ഈ സിനിമക്ക് ബിജിഎം ചെയ്തിരിക്കുന്നത് അതും നന്നായി വന്നിട്ടുണ്ട്. കൂടാതെ കലാ സംവിധാനം ചെയ്ത ത്യാഗു തവനൂർ.  അങ്ങനെ  നല്ല സപ്പോർട്ടിങ് ആയിട്ടുള്ള ടെക്നീഷ്യൻസാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം എന്താണെങ്കിലും അത് പറഞ്ഞാൽ ചെയ്തു തന്നിരുന്ന ടെക്നീഷ്യൻസ് ഈ സിനിമയുടെ വലിയ കരുത്തായാണ് ഞാൻ കാണുന്നത്.

 

പ്രേക്ഷകരോട്?

 

ഇത് അത്യാഗ്രഹത്തിന്റെയും ഈഗോയുടെയും വഞ്ചനയുടെയും ചതിയുടെയും ഒക്കെ ഒരു കഥയാണ്. ഇത് വരെ മലയാളത്തിൽ കാണിച്ചിട്ടില്ലാത്ത ചിലതൊക്കെ ഈ സിനിമയിലുണ്ട്. അത് കൊണ്ട്  തന്നെ പറയുകയാണ് ചെറിയ സ്ക്രീനിൽ ഹെഡ്‌ഫോണുപയോഗിച്ച്‌ കാണേണ്ട സിനിമയല്ല 'നല്ല നിലാവുള്ള രാത്രി'. പൂർണമായും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു സിനിമയാണിത്. അത് ട്രെയിലർ കണ്ടപ്പോൾ മനസ്സിലായിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും തിയറ്ററിൽ പോയി തന്നെ നല്ല നിലാവുള്ള രാത്രി എക്സ്പീരിയൻസ് ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com