ADVERTISEMENT

കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പഴയകാല താരങ്ങളെ തന്റെ സിനിമയിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹം കൊണ്ടാണ് കനകലതയെ ‘പൂക്കാല’ത്തിലേക്ക് എത്തിച്ചതെന്ന് ഗണേഷ് രാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘അടുത്ത സിനിമ ചെയ്യുമ്പോൾ കൂടുതൽ മുതിർന്ന താരങ്ങളോടൊപ്പം വർക്ക് ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് അരുൺ കുര്യന്റെ കഥാപാത്രത്തിന്റെ അമ്മയുടെ റോളിലേക്ക് കനകലത ചേച്ചിയെ വിളിക്കുന്നത്. ചേച്ചിക്ക് സിനിമ ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. ചേച്ചി വളരെ സന്തോഷത്തോടെയാണ് ആ കഥാപാത്രം സ്വീകരിച്ചത്. ഒരുപാട് അഭിനയ പരിചയമുള്ള ചേച്ചിയോടൊപ്പം വർക്ക് ചെയ്യാൻ നല്ല രസമായിരുന്നു. ആ കഥാപാത്രത്തിന് ചേച്ചി അനുയോജ്യയായിരുന്നു, വളരെ നർമരസത്തോടെ ചേച്ചി ആ വേഷം കൈകാര്യം ചെയ്തു.’’ ഗണേഷ് രാജ് പറയുന്നു.

ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. ‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളിൽ എത്തുന്നത്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ കനകലത 22 ാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചു. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. ഇപ്പോൾ അവിവാഹിതയായ ചേച്ചിക്കൊപ്പം തിരുവനന്തപുരത്താണ് താമസം.

2018 ൽ ‘പഞ്ചവർണതത്ത’, 2019 ൽ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കനകലത അഭിനയിച്ച മെയിൻസ്ട്രീം സിനിമകൾ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ‘ത്രീ ഡെയ്സ്’ ആണ് കനകലതയുടെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ.
അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാകാമെന്നാണ് കനകലതയുടെ പ്രതീക്ഷ.

രണ്ടു വർഷം മുമ്പ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ കനകലത പറഞ്ഞത്: ‘‘ചില്ല് സിനിമ റിലീസ് ആയ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരൻ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്.

നിരവധി വാടകവീടുകളിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വർഷം മുൻപ് മലയിൻകീഴിൽ 3.5 സെന്റ് സ്ഥലം വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും. കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആർട്ടിസ്റ്റുകൾക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാൻ പണിയില്ലാതെ വീട്ടിലിരുന്നത്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com