‘ജയിലർ’ പാക്കപ്പ്; കേക്ക് മുറിച്ച് ആഘോഷവുമായി രജനികാന്ത്

Mail This Article
രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം ജയിലര്‍ പാക്കപ്പ് ആയി. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷന്‍ കോമഡി എന്റർടെയ്നറാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമായ ഈ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത് 2022 ഫെബ്രുവരിയില്‍ ആയിരുന്നു. ജയിലര്‍ എന്ന ടൈറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത് ജൂണിലും. ചിത്രീകരണം പൂര്‍ത്തിയായതിന്‍റെ സന്തോഷം രജനിയും ടീമും കേക്ക് മുറിച്ച് പങ്കിടുന്നതിന്റെ ചിത്രങ്ങൾ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്.


പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലാണ് എത്തുക.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം പരാജയമായിരുന്നു. 'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.
English Summary: Rajinikanth, Tamannaah cut massive cake as they wrap up Jailer shoot