ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതിമാരുടെ അൻപതാം വിവാഹവാർഷികമാണിന്ന്. വിവാഹവും വിവാഹമോചനവും വിവാഹേതര പ്രണയങ്ങളുമൊക്കെ തുടർക്കഥയാകുന്ന ബോളിവുഡിലാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും ദാമ്പത്യത്തിന്റെ മനോഹരമായ അൻപതാണ്ട് തികയ്ക്കുന്നത്. 1973 ജൂൺ മൂന്നിനായിരുന്നു ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച് തങ്ങളുടെ പ്രണയാർദ്രമായ രസതന്ത്രം കൊണ്ട് പ്രേക്ഷകരെ പാട്ടിലാക്കിയതിനു ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബാദുരിയും വിവാഹബന്ധത്തിലൂടെ ഒന്നായത്.
1970 ന്റെ തുടക്കത്തിലാണ് അമിതാഭും ജയയും ആദ്യമായി പരസ്പരം കാണുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് കെ. അബ്ബാസിനും മറ്റ് ഒരു കൂട്ടം അഭിനേതാക്കൾക്കുമൊപ്പം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അമിതാഭ് എത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നുതന്നെ അമിതാഭിന്റെ സവിശേഷമായ വ്യക്തിത്വം ജയയുടെ മനസ്സിൽ ഇടംപിടിച്ചു. അമിതാഭ് അന്ന് അഭിനയത്തിലേക്ക് പിച്ചവച്ചു തുടങ്ങിയ സമയമായിരുന്നു. പക്ഷേ ജയാ ബാദുരി അപ്പോഴേക്കും ഒരു ലേഡി സ്റ്റാർ ആയി മാറിയിരുന്നു.
ഒരു മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ജയ എന്ന അഞ്ചടി പൊക്കമുള്ള താരത്തിൽ ആറടി രണ്ടിഞ്ചുകാരന്റെ കണ്ണ് ആകസ്മികമായാണ് ഉടക്കിയത്. കവർ പേജിൽ ജയയുടെ പടം കണ്ട അമിതാഭിന്റെ മനം അവളുടെ സുന്ദരമായ കണ്ണുകളിൽ ഉടക്കി. അവളെ കണ്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മനസ്സിലെവിടെയോ പ്രണയ മണി മുഴങ്ങിക്കഴിഞ്ഞിരുന്നു. കാലങ്ങൾക്ക് ശേഷം ഹൃഷികേശ് മുഖർജിയാണ് ഗുഡ്ഡി എന്ന സിനിമയിലൂടെ ഈ താരജോഡിയെ ആദ്യമായി ഒന്നിപ്പിച്ചത്. ഇതിനോടകം, നല്ല നടനെന്നു ഖ്യാതി നേടിയ അമിതാഭ് ജയയോടൊപ്പം സ്ക്രീൻ പങ്കുവയ്ക്കുന്നതിൽ ഏറെ ത്രില്ലിലായിരുന്നു.
‘‘ഗുഡ്ഡിയുടെ സെറ്റിൽ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരിവംശ് റായ് ബച്ചന്റെ മകനാണിതെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഏറെ താൽപര്യം തോന്നി. അദ്ദേഹത്തിന് ഒരുപാട് പ്രത്യേകതകളുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ ചിരിച്ചെങ്കിലും അദ്ദേഹം എന്നിൽ മതിപ്പുളവാക്കിയിരുന്നു. അമിതാഭ് ഒരു സാധാരണ സ്റ്റീരിയോടൈപ്പ് ഹീറോ അല്ലെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായി വളരുമെന്ന തോന്നൽ ഞാൻ മറച്ചുവച്ചില്ല. അധികം താമസിയാതെ തന്നെ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി.’’ അമിതാഭിനെ പരിചയപ്പെട്ടതിനെപ്പറ്റി ജയ പറഞ്ഞതിങ്ങനെയാണ്.

അമിതാഭ് ബച്ചനോട് പ്രണയം ആദ്യം വെളിപ്പെടുത്തിയത് ജയയായിരുന്നു. ‘ഏക് നസറി’ന്റെ സെറ്റ് അവരുടെ പ്രണയത്തിന് മധുരതരമായ വഴിത്തിരിവായി. ആ സെറ്റിൽ വച്ച് അമിതാഭ് എന്ന ക്ഷുഭിത യൗവനം ജയാ ബാദുരി എന്ന ബംഗാളി സുന്ദരിയുമായി പ്രണയത്തിലായി. ജയയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന രാജേഷ് ഖന്നയ്ക്ക് പക്ഷേ ഇരുവരുടെയും പ്രണയം കല്ലുകടിയായിരുന്നു. ബച്ചനുമായി ഒന്നിക്കുന്നതു ശരിയല്ലെന്ന് രാജേഷ് പലതവണ ജയയ്ക്ക് മുന്നറിയിപ്പ് നൽകി. രാജേഷ് ഖന്നയും ജയയും ഒന്നിച്ചഭിനയിക്കുന്ന ബവാർച്ചിയുടെ സെറ്റിലെ സ്ഥിരം സന്ദർശകനായ ബച്ചനെ രാജേഷ് അവഗണിച്ചു. പക്ഷേ അമിതാഭുമായുള്ള ഗാഢപ്രണയത്തിൽനിന്ന് ജയയെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും കഴിഞ്ഞില്ല.
1973 ഒക്ടോബറിൽ ജയയും ബച്ചനും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും ഏറെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. 73 ൽ റിലീസ് ചെയ്ത സഞ്ജീർ എന്ന ചിത്രം ഹിറ്റായാൽ നായികാനായകന്മാർ ഒരുമിച്ച് ലണ്ടനിലേക്കു പോകാമെന്ന് സുഹൃത്തുക്കളുമായി ധാരണയായിരുന്നു. പക്ഷേ ഗോസിപ്പ് കോളങ്ങളിൽ മകനോടൊപ്പം നിറഞ്ഞു നിന്നിരുന്ന പെൺകുട്ടിയുമായി ലണ്ടനിൽ പോകാൻ അമിതാഭിന്റെ മാതാപിതാക്കൾ സമ്മതം മൂളിയില്ല. വിവാഹ ശേഷം മാത്രമേ ഒരുമിച്ച് യാത്രചെയ്യാൻ പാടുള്ളൂ എന്ന മാതാപിതാക്കളുടെ ശാഠ്യത്തിന് അമിതാഭിന് വഴങ്ങേണ്ടി വന്നു. അങ്ങനെ അമിതാഭ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തു. അമിതാഭ് ജയയോട് വിവാഹാഭ്യർഥന നടത്തുകയും അവളുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാവരുടെയും സമ്മതത്തോടെ 1973 ജൂൺ 3 ന് വിവാഹിതരായ ദമ്പതികൾ അന്നുതന്നെ ലണ്ടനിലേക്ക് പുറപ്പെട്ടു. വളരെ കുറച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങായിരുന്നു അത്.

കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ജയ സിനിമ ഉപേക്ഷിച്ച് ബച്ചന്റെ കുടുംബിനിയായി ഒതുങ്ങിക്കൂടാൻ തീരുമാനിച്ചത്. തന്റെ വിവാഹജീവിതത്തിന്റെ വിജയത്തെക്കുറിച്ച് ഒരിക്കൽ അമിതാഭ് പറഞ്ഞത് ഇങ്ങനെയാണ്.: ‘‘എല്ലാ ദാമ്പത്യവും ഒരു വെല്ലുവിളിയാണ്, എന്റേതും വ്യത്യസ്തമായിരുന്നില്ല. ജയ സിനിമയ്ക്കല്ല, വീടിനാണു മുൻഗണന നൽകിയത്. അഭിനയിക്കാൻ ഒരു തടസ്സവും അവൾക്ക് ഉണ്ടായിരുന്നില്ല, സിനിമയിൽനിന്നു വിട്ടുനിന്ന് കുടുംബം നോക്കി നടത്തുക എന്നുള്ളത് അവളുടെ തീരുമാനമായിരുന്നു. എനിക്ക് അവളെപ്പറ്റി വളരെ പ്രശംസനീയമായി തോന്നിയ കാര്യമതാണ്.’’
വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് രേഖയുമായുള്ള അമിതാഭ് ബച്ചന്റെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സീനത്ത് അമനും പർവീൺ ബാബിയും അടക്കമുള്ള ചില നടിമാരുമായി ബിഗ് ബിക്കു ബന്ധമുണ്ടെന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും രേഖയുമായുള്ള ബന്ധം മാത്രമാണ് കോളിളക്കം സൃഷ്ടിച്ചത്. ഇത് ജയയുടെയും അമിതാഭിന്റെയും ദാമ്പത്യ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും ബച്ചൻ ദമ്പതികൾ പൊതുസമൂഹത്തിൽ തങ്ങളുടെ പരസ്പര ബഹുമാനം ഉയർത്തിപ്പിടിച്ചിരുന്നു, ഒരിക്കലും അവർ മോശമായ നിലയിലേക്ക് കാര്യങ്ങൾ വലിച്ചിഴച്ചില്ല.
പക്ഷേ എഴുപതുകളുടെ അവസാനത്തോടെ രേഖയുമായുള്ള ബച്ചന്റെ ബന്ധം സിനിമാ മാഗസിനുകളുടെ കവർസ്റ്റോറിയായി മാറി. 1981 ൽ യാഷ് ചോപ്രയുടെ സിൽസില എന്ന സിനിമ അമിതാഭ്, ജയ, രേഖ എന്നിവരുടെ യഥാർഥ ജീവിതത്തെ ബിഗ് സ്‌ക്രീനിലേക്ക് എത്തിച്ചു. ഋഷി കപൂറിന്റെയും നീതു സിങ്ങിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ സിന്ദൂരവും മംഗല്യസൂത്രവും ധരിച്ചെത്തിയ രേഖ ഏവരെയും ഞെട്ടിച്ചു. ഇതോടെ ഈ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കത്തിപ്പടർന്നു. ഈ സംഭവത്തിനു ശേഷം ജയ ബച്ചൻ രേഖയെ ഡിന്നറിനു വീട്ടിലേക്ക് ക്ഷണിക്കുകയും എന്തു സംഭവിച്ചാലും ഭർത്താവിനെ വിട്ടുതരില്ലെന്ന് തുറന്നു പറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇനി ഒരിക്കലും ഒരുമിച്ച് അഭിനയിക്കരുതെന്ന് ബച്ചനേയും ജയ വിലക്കിയെന്നു പറയപ്പെടുന്നു. ‘സിൽസില’യാണ് അമിതാഭും രേഖയും ഒരുമിച്ചഭിനയിച്ച അവസാന സിനിമ. രേഖയോടുള്ള പ്രണയത്തേക്കാളുപരി ജയയുമായുള്ള ദാമ്പത്യത്തിനു വിള്ളൽ വരാതെ കാത്തു സൂക്ഷിക്കാനാണ് ബച്ചൻ ശ്രമിച്ചത്. അമിതാഭ് ബച്ചൻ രേഖയുമായുള്ള പ്രണയബന്ധം നിഷേധിക്കുകയും തന്റെ ജീവിതത്തിൽ ഒരു സ്ത്രീ മാത്രമേയുള്ളൂവെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
ഇന്നിപ്പോൾ, വിവാഹജീവിതത്തിന്റെ അൻപതാണ്ട് പൂർത്തിയാക്കുകയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ താരദമ്പതികൾ. തിരയിളക്കങ്ങളും വേലിയേറ്റങ്ങളും ഒരുമിച്ച് നീന്തിക്കടന്ന്, പ്രണയത്താൽ ആരാധകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു അവർ.
