ADVERTISEMENT

കാലിഫോർണിയയിലെ സിലിക്കോൺ വാലിയിലായിരുന്നു ‘ഹെഡ് മാസ്റ്റർ’ സിനിമയുടെ അമേരിക്കയിലെ ആദ്യത്തെ പ്രദർശനം. കാരൂർ നീലകണ്‌ഠപിള്ള യുടെ പൊതിച്ചോറ് എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ്  ‘ഹെഡ് മാസ്റ്റർ’.  ഇതിനകം നിരവധി പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ ഈ സിനിമയുടെ പ്രിമിയർ ഷോ ജൂൺ നാലിന് സാൻഫ്രാൻസികോയിൽ നിറഞ്ഞ സദസ്സിൽ നടന്നു. സാൻഫ്രാൻസിസ്കോയിലെ കലാ - സാഹിത്യ സംഘടനയായ സർഗവേദി യാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. 2022 ലെ കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രം സ്വന്തമാക്കിയിരുന്നു. തമ്പി ആന്റണിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം അടക്കം ഏഴ് അവാർഡുകൾ ഈ സിനിമ കരസ്ഥമാക്കി.

 

സർഗവേദി പ്രവർത്തകരായ വിനോദ് മേനോൻ, രാജി മേനോൻ, ജോൺ കൊടിയൻ,  ടോം ആന്റണി  എന്നിവർ പ്രിമിയർ ഷോയ്ക്ക് നേതൃത്വം നൽകി. പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ നിരവധി പേർ വൈകാരികമായി തന്നെ സിനിമയെ നെഞ്ചിലേറ്റി അഭിപ്രായങ്ങൾ പങ്കുവെച്ചു.

headmaster-movie3

 

ശ്രീലാൽ ദേവരാജ്,  പ്രേമ പി. തെക്കേക്ക്  എന്നിവർ ചേർന്ന് നിർമിച്ച് രാജീവ് നാഥ്‌ സംവിധാനം നിർവഹിച്ച ഈ ചിത്രം ഒരു കാലഘട്ടത്തിൽ കേരളത്തിൽ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാൻ വിധിക്കപ്പെട്ട സ്‌കൂൾ ഹെഡ് മാസ്റ്ററുടെ അഥവാ ഒന്നാം സാറിന്റെ  കഥ പറയുന്നു. മാസത്തിൽ കിട്ടുന്ന പന്ത്രണ്ട് രൂപ ശമ്പളം കൊണ്ട് കുടുംബം പുലർത്താൻ കഴിയാതെ വിധിയുടെ മുന്നിൽ ഈ അധ്യാപകൻ മുട്ട് മടക്കുന്നു. സ്വന്തം അച്ഛനും അമ്മയും ദാരിദ്ര്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ച കണ്ട് വിങ്ങിപൊട്ടുകയാണ് മകൻ .

headmaster-movie02

 

പിന്നീട് കാലത്തോട് പൊരുതി  അതിജീവിച്ച് ഒരു സാമൂഹ്യ പ്രവർത്തകനായി മാറുന്നു. സ്വന്തം പിതാവ് കടന്നു പോയ അത്യന്തം ദുഃഖകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്താനാവാതെ വാർത്താ മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു ഈ  മകൻ. അപ്പോഴും തന്റെ പിതാവിന് ഒരു പൊതി ‘ചോറ്’ നൽകുവാൻ വെമ്പുകയാണ് മനസ്സ് . നെഞ്ചിൽ അണയാത്ത അഗ്നിയായി ‘വിശപ്പ്’ ആളി പടരുന്നു. ഒരു നേരത്തെ അന്നത്തിന് വിശക്കുന്നവർ ഉണ്ടാകരുത് ഈ നാട്ടിൽ എന്ന ആഗ്രഹമുമായി മകൻ മുന്നോട്ടു പോകുന്നു.

 

കാണികളുടെ കണ്ണ് നനയിപ്പിച്ച് അവരുടെ ഉൾക്കണ്ണു തുറപ്പിയ്ക്കുന്ന അനവധി സന്ദർഭങ്ങൾ ഈ ചിത്രത്തിൽ ഉടനീളമുണ്ട് . ഏകദേശം അറുപത് വർഷത്തിനപ്പുറത്തെ ഒരു കഥയെ  ചലച്ചിത്രമാക്കി മാറ്റുമ്പോൾ ഈ കാലഘട്ടവുമായി അതിനെ ചേർത്തുവെയ്ക്കുക എന്ന ശ്രമകരമായ ജോലി തിരക്കഥ ഒരുക്കിയ കെ.ബി. വേണുവും രാജീവ് നാഥും വിജയകരമായി തന്നെ പൂർത്തിയാക്കി. കാരൂരിന്റെ  ഹൃദയ സ്പർശിയായ കഥ യും അന്നത്തെ സാമൂഹ്യ പശ്ചാത്തലവും തന്നെ യാണ് ഈ സിനിമയുടെ കരുത്ത്

 

തമ്പി ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആന്റണി മകനായും. ജഗദീഷ്, മഞ്ജു പിള്ള,സഞ്ജു ശിവറാം,  മധുപാൽ, ശങ്കർ രാമകൃഷ്ണൻ, പ്രേം കുമാർ, മാസ്റ്റർ ആകാശ് രാജ്, സേതു ലക്ഷ്മി, ദേവി നായർ തുടങ്ങിയവരും വിവിധ വേഷങ്ങളിൽ എത്തുന്നു. ഏവരും മികച്ച പ്രകടനം കാഴ്ചവച്ചു. സംവിധാനം: രാജീവ് നാഥ്‌. തിരക്കഥ: കെ.ബി. വേണു. ഛായാഗ്രഹണം: പ്രവീൺ പണിക്കർ. സംഗീതം: കാവാലം ശ്രീകുമാർ. പശ്ചാത്തലം: റോണി റാഫേൽ. ഗായകർ: നിത്യാ മാമൻ, ജയചന്ദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com