ADVERTISEMENT

പണ്ട്, വളരെ പണ്ട് അടുക്കളയിൽനിന്നു സ്ത്രീയെ അരങ്ങത്തേക്കു കൊണ്ടു വന്നപ്പോൾ കേരളീയ ജീവിതത്തിൽ ആദ്യമുണ്ടായ ഞെട്ടലിനെ തുടർന്നു വന്ന വിപ്ലവകരവും പുരോഗമനപരവുമായ പരിവർത്തനങ്ങളെ അഭിമാനത്തോടെ ഓർമിച്ച് താലോലിക്കുന്നവർ ഏറേയാണ്. ശേഷം സ്ത്രീകളുടെ ജീവിതത്തിലും നിലപാടുകളിലും പ്രവൃത്തികളിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ കാലം ഏറെ താണ്ടിയെങ്കിലും, കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സ്ത്രീയും അവരുടെ ജീവിതവും ഏറെ മെച്ചപ്പെട്ടുവെന്ന വിശ്വാസത്തിൽ മുന്നോട്ടു പോയെങ്കിലും അവരാരും മനസ്സു തുറന്ന് സംസാരിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണ്.

 

അതിനു കാരണക്കാരി നീരജയാണ്. അടുക്കളയിൽനിന്നു സ്ത്രീയെ അരങ്ങത്തേക്കു കൊണ്ടു വരാൻ പുരുഷന് കഴിയുമെങ്കിലും പെണ്ണിന്റെ മനസ്സിലെ വികാര വിചാരങ്ങൾ അറിയണമെങ്കിൽ അവർ തന്നെ തുറന്നു സംസാരിക്കണം. അതിനോടു മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നത് മറ്റൊരു വിഷയം.

 

കാലം മാറി, കഥയും. ഇപ്പോഴിതാ നീരജ മനസ്സും തുറന്നു. നിലവിലുള്ള സദാചാര നിയമങ്ങളെ മറികടന്ന് നീരജ തന്റെ ആവശ്യം അറിയിക്കുന്നു. ആദ്യകാല ഞെട്ടൽ വീണ്ടുമുണ്ടായി. ഇപ്പോ നടക്കുന്നതു കൊണ്ട് ചരിത്രമാവാൻ ഇനിയും സമയം വേണ്ടി വരും. പക്ഷേ നീരജയുടെ തുറന്ന പറച്ചിലിന്റെ ശരിതെറ്റുകളിൽ കുടുങ്ങി ഉത്തരം തേടുകയാണ് കണ്ടവരും കേട്ടവരും.

 

തിരക്കഥാകൃത്തായ രാജേഷ് കെ.രാമൻ ആദ്യമായി സംവിധാനം ചെയ്ത ‘നീരജ’ എന്ന ചിത്രത്തിലാണ് സ്ത്രീമനസ്സുകളുടെ അകത്തളങ്ങളിൽ പ്രകാശം പകർന്ന് അവരുടെ വികാര വിചാരങ്ങൾ പങ്കുവയ്ക്കുന്നത്. ആരും കൈവച്ചിട്ടില്ലാത്ത പ്രമേയം വളരെ പക്വതയോടെ ലളിതമായും വ്യക്തമായും മനോഹരമായും അവതരിപ്പിച്ചതിൽ സംവിധായകൻ രാജേഷ് കെ.രാമന് അഭിനന്ദനങ്ങൾ. ‘‘ആണ് പറഞ്ഞാൽ മാന്യമാവുകയും പെണ്ണ് പറഞ്ഞാൽ മോശമാവുകയും ചെയ്യുന്ന മനുഷ്യന്റെ ശാരീരിക ആവശ്യങ്ങളെ കുറിച്ചാണ് നീരജ സംസാരിക്കുന്നത്’’– രാജേഷ് കെ.രാമൻ പറഞ്ഞു.

 

പ്രണയിച്ച് വിവാഹം കഴിച്ച് മൂന്നു വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച നീരജ എന്ന യുവതി വിധവയാകുന്നു. ഭർത്താവിന്റെ മധുര സ്മരണയിൽ ജീവിക്കുന്ന നീരജയുടെ മാനസിക, ശാരീരിക വികാരങ്ങളും നാട്ടുനടപ്പ് രീതികളും തമ്മിൽ സംഘർഷമുണ്ടാക്കുന്നു. ഒടുവിൽ എല്ലാം മറികടന്ന് ഇണ ചേരാനുള്ള തന്റെ ആഗ്രഹം തുറന്നു പറയുന്നതോടെ ചുറ്റുപാടും അന്ധാളിപ്പ് പടരുകയാണ്. ഇവിടെ നീരജ വീണ്ടും ഒറ്റപ്പെടുകയാണ്, അവഹേളിക്കപ്പെടുകയാണ്. തുടർന്ന് നീരജയുടെ ജീവിതത്തിലുണ്ടാകുന്ന, സമൂഹത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ‘നീരജ’ എന്ന പുത്തൻ സ്ത്രീപക്ഷ ചിത്രം.

 

നീരജയുടെ ആന്തരികഭാവങ്ങളെ വളരെ തന്മയത്വത്തോടെ പകർത്തി തന്റെ കഥാപാത്രത്തെ പരിപൂർണതയിൽ എത്തിച്ചിട്ടുണ്ട് ശ്രുതി രാമചന്ദ്രൻ എന്ന മികച്ച അഭിനേത്രി. ‘‘എനിക്ക് അറിയാവുന്ന ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് നീരജയുടേത്. സ്ത്രീകൾക്ക് വൈകാരികവും ശാരീരികവുമായ ആവശ്യങ്ങളുണ്ട്. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് സിനിമയിലുള്ളത്. ഇത്തരം കാര്യങ്ങളിൽ നാണക്കേടില്ലാതെ സംസാരിക്കാൻ പറ്റുന്നില്ല. അതിനു കഴിയണം. അതാണ് നീരജ’’– ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

 

‘‘ആദ്യമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചപ്പോൾ നിലവിൽ പറയാത്ത എന്നാൽ തീർച്ചയായും പറയേണ്ടത് എന്ന് തോന്നിയ ഒരു വിഷയമാണിത്. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമായതിനാൽ ഒരുതരത്തിലും വൾഗർ ആവാതിരിക്കാൻ ഡയലോഗിലും വിഷ്വലിലും കൃത്യതയും പക്വതയും പാലിക്കണം. ആ ചാലഞ്ച് ആണ് ഈ ചിത്രത്തിന്റെ സൗന്ദര്യവും. ആഗ്രഹങ്ങളും പരാതികളും പുറത്തു പറയാതെ ഡിപ്രഷൻ അടിച്ച് രോഗികളായി തീർന്ന നമുക്ക് ചുറ്റുമുള്ള ഭൂരിപക്ഷം സ്ത്രീകളും പറയാൻ മടിച്ചത് ധൈര്യസമേതം പറയേണ്ടത് കടമയാണ് എന്നും തോന്നി. നല്ല സിനിമകളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ വിളികൾ വരുന്നുണ്ട്. എല്ലാം നല്ല അഭിപ്രായങ്ങൾ. കേൾക്കുമ്പോൾ ഒരുപാട് സന്തോഷം’’.–സംവിധായകൻ രാജേഷ് കെ രാമന്റെ വാക്കുകൾ.

 

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ, കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, അരുൺ, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സൂരജ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വഹിക്കുന്നു. കന്നഡ സിനിമയിലെ പ്രശസ്ത നിര്‍മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. എഡിറ്റര്‍ അയൂബ് ഖാന്‍, സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. 

 

വെറും പ്രമേയം കൊണ്ടും മാത്രമല്ല നീരജ മനോഹരമായത്.നീരജ എന്ന സിനിമക്ക് വേണ്ടി അതിന്റെ മുന്നിലും പിന്നിലും സഹകരിച്ച് എല്ലാവരുടെയും ക്രിയാത്മക സംഭാവനകൾ മികവുറ്റതാണ്. അതു കൊണ്ടു തന്നെ  എക്കാലവും ചർച്ച ചെയ്യേണ്ട സിനിമയായി ‘നീരജ’ മാറുമെന്നതിൽ സംശയമില്ല. മാനം കാക്കാൻ, മനം നൊന്ത് മൗനത്തിലായ നീരജമാരും ചുറ്റുമുളളവരും തിരിച്ചറിയട്ടെ  ഈ പുത്തൻ മാറ്റത്തെ.

English Summary: Neeraja movie analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com