ADVERTISEMENT

ജൂണിൽ വമ്പൻ സിനിമകളാണ് ഒടിടി റിലീസിനെത്തുന്നത്. ഇതിൽ ആദ്യമെത്തിയത് ജൂഡ് ആന്തണിയുടെ മെഗാ ഹിറ്റ് ‘2018’, കാമറൂണിന്റെ ‘അവതാർ 2’ എന്നീ ചിത്രങ്ങളാണ്. ‘2018’ സോണി ലിവ്വിലൂടെയും ‘അവതാർ 2’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും ജൂൺ 7ന് റിലീസ് ചെയ്തു. ഇന്ദ്രൻസിന്റെ ഹൊറർ ത്രില്ലർ വാമനൻ, ആക്‌ഷൻ എന്റർടെയ്നർ എക്സ്ട്രാക്‌ഷൻ 2, പിച്ചൈക്കാരൻ 2, , ആയിഷ എന്നീ സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്ന മറ്റ് ചിത്രങ്ങൾ.

 

വാമനൻ: ജൂൺ 16: മനോരമ മാക്സ്

 

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിക്ക് അടുത്തുള്ള  ഒരു വലിയ വീട്ടിൽ നിന്നും രാത്രികാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നു. ആരും കടന്നു ചെല്ലാൻ ഭയക്കുന്ന, മുൻപ് ഒരുപാട് ദുർമരണങ്ങൾ  നടന്നിട്ടുള്ള ആ വീട്ടിലേക്ക്, ആ നിലവിളിയുടെ രഹസ്യം കണ്ടെത്താൻ വാമനൻ എന്ന സാധാരണക്കാരന് കടന്നു ചെല്ലുന്നതും തുടർന്ന് നടക്കുന്ന ഭീതി നിറഞ്ഞ സംഭവങ്ങളുമാണ് വാമനൻ എന്ന ഹൊറർ ത്രില്ലർ സിനിമയുടെ ഇതിവൃത്തം. മനോരമമാക്‌സിൽ ഇപ്പോൾ സ്ട്രീം ചെയുന്ന വാമനന്റെ തിരക്കഥയും സംവിധാനവും എ.ബി. അനിലാണ്. ഇന്ദ്രൻസ്, ബൈജു, സീമ ജി. നായർ എന്നവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ചാൾസ് എന്റർപ്രൈസസ്: ജൂൺ 16: ആമസോൺ പ്രൈം

 

ഉർവശിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ഫീല്‍ഗുഡ് ചിത്രം. സുഭാഷിന്റേത് തന്നെയാണ് തിരക്കഥയും. തമിഴ് താരം കലൈയരസന്‍, ഗുരു സോമസുന്ദരം, മണികണ്ഠന്‍ ആചാരി, ഭാനു, മൃദുല, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹണം. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമാണം.

 

എക്സ്ട്രാക‌്ഷൻ 2: ജൂൺ 16: നെറ്റ്ഫ്ലിക്സ്

 

സ്റ്റണ്ട് കൊറിയോഗ്രാഫർ ആയിരുന്ന സാം ഹാർഗ്രേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം. 2020ൽ പുറത്തിറങ്ങിയ എക്സ്ട്രാക്‌ഷന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രത്തിൽ ക്രിസ് ഹെംസ്‌വർത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഗോൾഷിഫ്റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയൽ ബെർൺഹാർഡ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

പിച്ചൈക്കാരൻ 2: ജൂൺ 17: ഹോട്ട്സ്റ്റാർ

 

വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും എഡിറ്റിങ് നിര്‍വഹിക്കുന്നത് വിജയ് തന്നെയാണ്. കാവ്യാ താപ്പര്‍, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോൺ വിജയ്, ദേവ് ഗില്‍, യോഗി ബാബു തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2016 ൽ റിലീസ് ചെയ്ത പിച്ചൈക്കാരൻ സിനിമയുടെ തുടർച്ചയാണ് ഇത്.

 

2018: ജൂൺ 7: സോണി ലിവ്വ്

 

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം. ബോക്സ്ഓഫിസിൽ 150 കോടിയിലേറെ കലക്ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. നരേൻ, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

അവതാർ 2: ജൂൺ 7: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

 

2022 ഡിസംബറിലാണ് അവതാർ: ദ് വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫിസില്‍ ഏകദേശം 2.32 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കലക്‌ഷൻ നേടിയ ചിത്രമാണ് ഇത്. 

 

റിലീസിനെത്തി ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദ് വേ ഓഫ് വാട്ടർ. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാണ്ടോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. 

 

ആയിഷ: ജൂൺ 9: ആമസോൺ പ്രൈം

 

മഞ്ജു വാരിയര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തു. മലയാളത്തിന് പുറമെ ഇംഗ്ലിഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ നിര്‍മിക്കപ്പെട്ട ഒന്നാണ്. 

 

കസ്റ്റഡി: ജൂൺ 9: ആമസോൺ പ്രൈം

 

വെങ്കട് പ്രഭുവും നാഗ ചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കസ്റ്റഡി. കൃതി ഷെട്ടിയാണ് നായിക. തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

 

ബ്ലഡി ഡാഡി: ജൂൺ 9: ജിയോ സിനിമ

 

ഷാഹിദ് കപൂർ നായകനായെത്തുന്ന ആക്‌ഷൻ ത്രില്ലർ. ജിയോ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം നേരിട്ട് ഒടിടി റിലീസിനെത്തും. അലി അബ്ബാസ് സഫർ ആണ് സംവിധാനം. ഡയാന പെന്റി, റോണിത് റോയ്, സഞ്ജയ് കപൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.2011 ൽ റിലീസ് ചെയ്ത ഫ്രഞ്ച് ചിത്രം നൂയി ബ്ലോഞ്ചിന്റെ റീമേക്ക് ആണ് ഈ സിനിമ. ജിയോ സിനിമ അക്കൗണ്ട് ഉള്ളവർക്ക് സൗജന്യമായി ചിത്രം കാണാം.

 

ദ് കേരള സ്റ്റോറി: ജൂൺ 23: നെറ്റ്ഫ്ലിക്സ്

 

ഇന്ത്യയൊട്ടാകെ വിവാദമായി മാറിയ ചിത്രം. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ ആദാ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവർ അഭിനയിക്കുന്നു.

 

English Summary: June 2023 Week 2 OTT movies, web series India releases: From 2018, Avatar: The Way of Water to Bloody Daddy, Never Have I Ever Season 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com