ADVERTISEMENT

സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റെ അടുത്ത സിനിമ നെറ്റ്ഫ്ലിക്സിനു വേണ്ടി? മുംബൈയിലെ നെറ്റ്ഫ്ലിക്സ് ആസ്ഥാനത്തുനിന്നുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇത്തരമൊരു സംശയവുമായി ആരാധകരെത്തുന്നത്. നെറ്റ്ഫ്ലിക്സിന്റെ സ്വന്തം പ്രോജക്ടിനായി കമ്പനി മലയാളി സംവിധായകരെ സമീപിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിൽ സിനിമയും വെബ് സീരിസും ഉൾപ്പെടും.

പ്രോജക്ടിന്റെ വലുപ്പവും പ്രമേയത്തിന്റെ സാധ്യതകളും ഇവരിൽ നിന്നറിഞ്ഞ േശഷം കരാർ ഒപ്പിടുകയാണ് നെറ്റ്ഫ്ലിക്സ് ചെയ്യുന്നത്. അതിൽ നറുക്ക് വീണത് അനിൽ രാധാകൃഷ്ണ മേനോനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്കു വേണ്ടിയാണോ അതോ സീരിസിനു വേണ്ടിയാണോ ഇവർ കൈകോർക്കുന്നതെന്ന വിവരവും ലഭ്യമല്ല. രണ്ടായാലും ഇതൊരു വമ്പൻ പ്രോജക്ടായിരിക്കുമെന്നും ഇന്ത്യയിലെ മിക്ക പ്രമുഖ താരങ്ങളും ഈ പ്രോജക്ടിന്റെ ഭാഗമാകുമെന്നും കേൾക്കുന്നു. വരും ദിവസങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

ഫഹദ് ഫാസിൽ നായകനായ ‘നോർത്ത് 24 കാതം’ എന്ന ഹിറ്റ്ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് അനിൽ. സിനിമയുടെ ടൈറ്റിലുകളിലൂടെയും അദ്ദേഹം പ്രേക്ഷകപ്രീതി നേടി. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, സപ്തമശ്രീ തസ്കരാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അനിൽ രാധാകൃഷ്ണൻ മേനോൻ ഒടുവിൽ ചെയ്ത ചിത്രം ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് ആയിരുന്നു. 2018 ലാണ് ദിവാൻജിമൂല റിലീസ് ചെയ്തത്.

അദ്ദേഹം സംവിധാനരംഗത്തുനിന്ന് ഇടവേളയെടുത്തിട്ട് ഇപ്പോൾ അഞ്ചു വർഷമാകുന്നു. അനിലിന്റെ അടുത്ത സിനിമയ്ക്കായി മലയാളി പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് നെറ്റ്ഫ്ലിക്സുമായി കൈകോർക്കുന്നെന്ന വാർത്ത വരുന്നത്.

English Summary: Anil Radhakrishnan collaborate with Netflix, reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com