എന്റെ വിവാഹം തിരുപ്പതിയിൽവച്ച്: ആരാധകരോട് പ്രഭാസ്
Mail This Article
‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന ‘ആദിപുരുഷ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ് ഇപ്പോൾ. 43കാരനായ താരം അവിവാഹിതനായി തുടരുന്നതിലുള്ള ചെറിയ സങ്കടം ആരാധകരിലുണ്ട്. ഇപ്പോഴിതാ ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്‍റെ വിവാഹക്കാര്യത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
തന്‍റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കും എന്നാണ് പ്രഭാസ് പ്രഖ്യാപിച്ചത്. പ്രിയതാരത്തിന്‍റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ വേദിയില്‍ കൃതി സനോണിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്. വിവാഹവേദി വെളിപ്പെടുത്തിയെങ്കിലും ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന കാര്യം പ്രഭാസ് പറഞ്ഞതുമില്ല. ‘വിവാഹം എപ്പോൾ’ എന്ന് വേദിയിൽ വച്ച് ഉയർന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രഭാസ് ഇങ്ങനെ പ്രതികരിച്ചത്.
ആദിപുരുഷിന്‍റെ പ്രഖ്യാപനം മുതല്‍ക്കെ പ്രഭാസും കൃതി സനോണും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. എന്നാല്‍ കേള്‍ക്കുന്നതിലൊന്നും സത്യമില്ലെന്നാണ് കൃതി സനോണിന്‍റെ പ്രതികരണം. ഈ വേദിയില്‍ പ്രഭാസിനെ കുറിച്ച് കൃതി വാതോരാതെ സംസാരിക്കുകയും ചെയ്തു. പ്രഭാസ് ആരോടും അധികം സംസാരിക്കുന്ന ആളല്ല എന്നാണ് താന്‍ കേട്ടിരുന്നത് എന്നാല്‍, അത് വാസ്തവമല്ല. അദ്ദേഹം ഒരുപാട് സംസാരിക്കുന്നയാളാണ്. പ്രഭാസ് ഏറെ സ്നേഹത്തോടെയും കരുതലോടയുമാണ് തന്നോട് പെരുമാറിയത്. അദ്ദേഹത്തിന്‍റെ മാന്യത അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പ്രതിഫലിക്കാറുണ്ട്. ശ്രീരാമന്‍റെ വേഷം ചെയ്യാന്‍ ഇതിലും യോഗ്യനായ ആളെ തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു.
എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്‍റെതായ ബുദ്ധിമുട്ടുകളും ചലഞ്ചുകളുമുണ്ട്. പക്ഷെ ഇതുപോലെ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നത് അങ്ങേയറ്റം അഭിമാനകരമാണെന്ന് പ്രഭാസ് പറഞ്ഞു. ഇതിഹാസപരമായ ഈ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ആവേശഭരിതനാണെന്നും പ്രഭാസ് പറഞ്ഞു. സംവിധായകന്‍ ഓം റൗട്ട് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് അതുപോലെയാണ്, ഇന്ത്യയിലെ യുവാക്കള്‍ ഈ ചിത്രത്തെ വിജയിപ്പിക്കുമെന്ന് തനിക്കുറപ്പാണെന്നും താരം പറയുകയുണ്ടായി.
വർഷത്തിൽ രണ്ടു ചിത്രങ്ങളെങ്കിലും ചെയ്യണമെന്ന തീരുമാനത്തെ കുറിച്ചും പ്രഭാസ് ട്രെയിലർ ലോഞ്ചിനിടയിൽ സംസാരിച്ചു. ‘‘അധികം സംസാരിക്കാതെ ചെയ്യുന്ന പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളാണ് എന്റെ കരുത്ത്, അതുകൊണ്ടു തന്നെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ ഞാൻ കൂടുതൽ ചിത്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്, ഓരോ വർഷവും രണ്ടിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും. സംസാരം കുറച്ച് സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എളുപ്പമായി തോന്നുന്നത് ഈ രീതിയാണ്.’’ ആരാധകരോട് പ്രഭാസ് പറഞ്ഞതിങ്ങനെ. താൻ അഭിനയിക്കുന്ന ചിത്രങ്ങൾ റിലീസിനെത്താൻ വൈകിയാൽ അതു തന്റെ പ്രശ്നമല്ലെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
ആദിപുരുഷിൽ രാഘവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന ത്രിഡി ചിത്രമാണ് ആദിപുരുഷ്. ജൂൺ 16ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary: Prabhas at Adipurush final trailer launch: I will get married in Tirupati