ADVERTISEMENT

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നുവെന്ന് ടെലിവിഷൻ ഷോ സംവിധായകനായ അനൂപ്. അപകടത്തിൽ ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായതിനെ തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ വിശ്രമമാണ് വേണ്ടതെന്നും ബിനുവിന്റെ സ്നേഹാന്വേഷണങ്ങൾക്കായി ആശുപത്രിയിൽ വിഡിയോ എടുക്കാൻ വരുന്നവർ സംയമനം പാലിക്കണമെന്നും അനൂപ് പറയുന്നു.  

 

‘‘ഞാനിപ്പോൾ എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയെ കണ്ടു. ബിനു ചേട്ടന് മുഖത്ത് പൊട്ടലുണ്ടായതിനെ തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയ ഉണ്ടായിരുന്നു.  ചേട്ടൻ ഇപ്പോൾ പരിപൂർണ വിശ്രമത്തിലാണ്. അപകടാവസ്ഥ എല്ലാം മറികടന്നു.  ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് ഒരുപാടുപേർ ചോദിക്കുന്നുണ്ട്. ബിനു തന്നെ പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെയാരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പത്തുമിനിറ്റോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്.  

 

ഐസിയുവിന് അടുത്തുള്ള ഒരു മുറിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ അടുത്ത റൂമിലേക്ക് മാറ്റും. അദ്ദേഹം ഇപ്പോൾ ഓക്കേ ആണ് അദ്ദേഹത്തിന് അത്യാവശ്യമായിട്ടുള്ളത് വിശ്രമമാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി എല്ലാവരുടെയും പ്രാർഥന വേണം.ആശുപത്രിയുടെ പുറത്ത് വന്ന് ഒരുപാടുപേർ വിഡിയോ എടുക്കാൻ ശ്രമിക്കുന്നുണ്ട്.  പക്ഷേ നിങ്ങൾ വന്നു അദ്ദേഹത്തെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. പുള്ളിക്ക് ഫോൺ ഒന്നും ഉപയോഗിക്കാൻ പറ്റില്ല.  വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിഥിക്കുക.  നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം അതാണ്.  അവരുടെ കുടുംബത്തെ ബാധിക്കുന്ന അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.  ബിനു എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.’’ അനൂപ് പറയുന്നു.   

 

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിയൊപ്പം ഉല്ലാസ് അരൂരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com