ADVERTISEMENT

അന്തരിച്ച ചലച്ചിത്രതാരം ഹരീഷ് പേങ്ങൻ ആശുപത്രിയിലായിരിക്കെ ചികിത്സാ സഹായമായി വിവിധ ആളുകളിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച തുകയുടെ കണക്കു വെളിപ്പെടുത്തി കുടുംബം. ഹരീഷിന്റെ ചികിത്സക്കായി പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും അതിന്റെ വിനിയോഗവും വ്യക്തമായി ഹരീഷിന്റെ കുടുംബം പ്രസിദ്ധീകരിക്കുമെന്ന് ഹരീഷിന്റെ സുഹൃത്തായ മനോജ് കെ. വർഗീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ആ ഉറപ്പ് പാലിച്ചുകൊണ്ടാണ് ഹരീഷിന്റെ കുടുംബം എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വിശദമായ കണക്കുകൾ പുറത്തുവിട്ടത്. ഹരീഷനായി കരൾ ദാനം ചെയ്യാൻ തയാറായ അദ്ദേഹത്തിന്റെ ഇരട്ട സഹോദരി ശ്രീജ എം. നായർ, ഹരീഷിന്റെ സഹോദരിയായ സിന്ധു ചന്ദ്രൻ, ഹരീഷിന്റെ സഹോദരി ഭർത്താവ് ചന്ദ്രശേഖരൻ നായർ, ഹരീഷിന്റെ നാട്ടുകാരനും സുഹൃത്തുമായ മനോജ് കെ. വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പത്രസമ്മേളനത്തിൽ പ്രസിദ്ധീകരിച്ച, ഹരീഷിന്റെ ചികിത്സാസഹായമായി ലഭിച്ചതും ചെലവായതുമായ തുകയുടെ സംക്ഷിപ്ത കണക്കുകൾ താഴെ ചേർക്കുന്നു:

 

ഹരീഷിന്റെ ചികിത്സാ സഹായത്തിനായി ഹരീഷിന്റെ ചലചിത്ര-ചലച്ചിത്രേതര സുഹൃത്തുക്കൾ വിവിധ സാമൂഹ്യ ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ +91 79824 97909 എന്ന നമ്പറിൽ G Pay-ലൂടെ ലഭിച്ച തുക:

 

Rs. 9,74,470/-

 

ഹരീഷിന്റെ ചികിത്സാ സഹായത്തിനായി ഹരീഷിന്റെ ചലചിത്ര-ചലച്ചിത്രേതര സുഹൃത്തുക്കൾ വിവിധ സാമൂഹ്യ, ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലള്ള അക്കൗണ്ടിലേക്ക് (SB A/c No: 338202120002191) ട്രാൻസ്ഫർ ചെയ്ത് ലഭിച്ച തുക (Excluding GPay) :

Rs. 4,90,606/-

 

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹരീഷിന്റെ സഹോദരി സിന്ധു എന്നിവർ ചേർന്ന് ഹരീഷിന്റെ ചികിത്സാ സഹായനിധിക്കായി ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് (A/c No: 15790100099893) ലഭിച്ച തുക :

 

Rs. 3,41,120/- (ഈ തുക ഹരീഷിന്റെ ചികിത്സക്കായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല).

 

പണമായി ഹരീഷിന്റെ വീട്ടിൽ വിവിധ സുഹൃത്തുക്കളും സംഘടനകളും നേരിട്ട് നൽകിയ തുക :

 

Rs. 17,000/- (ഈ തുക ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് (A/c No: 15790100099893) ഹരീഷിന്റെ സഹോദരിയായ സിന്ധു നിക്ഷേപിച്ചിട്ടുണ്ട്. ഈ തുകയും ഹരീഷിന്റെ ചികിത്സക്കായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല).

 

ലഭിച്ച മൊത്തം ചികിത്സാ സഹായം :

 

Rs. 18,23,196/-

 

ആശുപത്രിയിൽ ഹരീഷിന്റെ ചികിത്സയ്ക്കായി വന്ന മൊത്തം ബിൽ തുക :

 

Rs. 16,60,406/-

 

ഹരീഷിന് ഉണ്ടായിരുന്ന മെഡിക്കൽ ഇൻഷുറൻസ് :

 

Rs. 5,00,000/-

 

ഇൻഷുറൻസ് തുക കുറച്ച് ആശുപത്രിയിൽ അടക്കേണ്ടിവന്ന തുക : Rs. 11,60,406/-

 

ഹരീഷിന്റെ ചികിത്സക്കായി കുടുംബം സ്വന്തം നിലയ്ക്ക് ആശുപത്രിയിൽ നേരിട്ടടച്ച തുക :

 

Rs. 2,00,140/-

 

ചികിത്സാസഹായനിധിയിൽ നിന്ന് ഹരീഷിന്റെ ആശുപത്രി ചെലവിലേക്ക് ഉപയോഗിച്ച തുക :

 

Rs. 9,60,266/-(ഈ തുക ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് GPay-യായും, ഫണ്ട് ട്രാൻസ്ഫറായും ലഭിച്ച തുകയിൽ നിന്നാണ് ഉപയോഗിച്ചിട്ടുള്ളത്).

 

ചികിത്സാസഹായമായി ലഭിച്ച തുകയിൽ, ആശുപത്രി ചെലവിലേക്ക് ഉപയോഗിച്ച തുക കിഴിച്ച് ബാക്കി ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലെ അക്കൗണ്ടിൽ (SB A/c 

No: 338202120002191) ശേഷിക്കുന്നത്:

Rs. 5,04,810/-

 

പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച തുക ഹരീഷിന്റെ ആശുപത്രി ചെലവിലേക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ തയാറെടുപ്പിന്റെ ഭാഗമായി ഡോണറുടെ (ഹരീഷിന്റെ സഹോദരി ശ്രീജയുടെ) ടെസ്റ്റുകൾക്ക് വേണ്ടിവന്ന തുക ഹരീഷിന്റെ കുടുംബം തന്നെ ആശുപത്രിയിൽ സ്വന്തം നിലയ്ക്ക് അടച്ചു. ആശുപത്രിയിലെ ബൈസ്റ്റാന്റർ റൂം വാടക, യാത്ര ചിലവുകൾ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആവശ്യമായിരുന്ന ലീഗൽ ഡോക്യുമെന്റേഷൻ, ഹരീഷിന്റെ മരണാനന്തരം ആശുപത്രിയിൽ നിന്ന് ബോഡി ഷിഫ്റ്റ് ചെയ്തത് മുതൽ മരണാനന്തര ചടങ്ങുകൾക്കും, മറ്റും വേണ്ടിവന്ന തുക ചികിത്സാസഹായനിധിയിൽ നിന്ന് ഉപയോഗിച്ചിട്ടില്ല. മേൽപ്പറഞ്ഞ ചിലവുകളും ഹരീഷിന്റെ കുടുംബം സ്വന്തം നിലയ്ക്കാണ് ചെലവാക്കിയത്.

 

ചികിത്സ ചിലവിനായി ഉപയോഗിച്ചത് കിഴിച്ച് ശേഷിക്കുന്ന ഫണ്ടിന്റെ വിനിയോഗം.

 

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രാദേശികമായി വിളിച്ചു ചേർത്ത വിവിധ റസിഡൻസ് അസോസിയേഷൻ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ, ക്ലബ്ബുകൾ എന്നിവരുടെ സംയുക്തയോഗത്തിൽ രൂപീകൃതമായ കമ്മറ്റിയുടെ തീരുമാനപ്രകാരം, ചികിത്സാ സഹായനിധി സമാഹരണത്തിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹരീഷിന്റെ സഹോദരി സിന്ധു എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിലേക്ക് (A/c No: 15790100099893) ലഭിച്ച തുകയായ 3,41,120 രൂപയും, പണമായി ലഭിച്ച 17,000 രൂപയും ചേർത്ത് 3,58,120 രൂപ, ഹരീഷിനെപ്പോലെ ഗുരുതരരോഗം പിടിപെട്ട ഏതെങ്കിലും അർഹമായ നിർധന രോഗികളെ കണ്ടെത്തി അവർക്ക് ചികിത്സ സഹായം നൽകുന്നതിനോ, സമാനമായ മറ്റേതെങ്കിലും ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കായോ വിനയോഗപ്പെടുത്തുന്നതിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുവാൻ ഹരീഷിന്റെ കുടുംബം താൽപര്യം പ്രകടിപ്പിച്ച് കത്ത് നൽകി. 

 

അർഹമായ കൈകളിലേക്ക്, നിഷ്പക്ഷമായും സുതാര്യമായും സ്വജനപക്ഷഭേതമില്ലാതെ ഈ തുക വിനിയോഗപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനായി തുക വിനയോഗിക്കുന്നതിന് മുമ്പായി വിവരങ്ങൾ ഹരീഷിന്റെ അമ്മയായ ശാരദാമ്മയെ അറിയിക്കേണ്ടതും അവരുടെ അറിവോടെ ആയിരിക്കണം പ്രസ്തുത തുക ചിലവഴിക്കേണ്ടത് എന്ന അഭ്യർത്ഥനയോടെയാണ് മേൽപ്പറഞ്ഞ പണത്തിന്റെ വിനിയോഗത്തിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി ഹരിഷിന്റെ കുടുംബം കത്ത് നൽകിയിട്ടുള്ളത്.

 

പ്രാദേശികമായി വിവിധ റസിഡൻസ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും നിക്ഷേപിച്ച പണമാണ് മേൽപ്പറഞ്ഞ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുള്ളതെന്നതിനാലും, ആ തുക ഒന്നും തന്നെ ഹരീഷിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ട ആവശ്യം വരാതിരുന്നതിനാലും, മേൽപ്പറഞ്ഞ രീതിയിൽ സമയബന്ധിതമായി അർഹതപ്പെട്ടവരെ കണ്ടെത്തി സഹായം നൽകുവാൻ പ്രായോഗികതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, ഫെഡറൽ ബാങ്കിൽ പണം നിക്ഷേപിച്ച എല്ലാവർക്കും അവരുടെതായ നിലയ്ക്ക് ഉചിതമായ രീതിയിൽ ആ പണം വിനിയോഗിക്കാനാകും വിധം ബാങ്കിൽ നിന്ന് തിരിച്ച് നിക്ഷേപകർക്ക് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി ആവശ്യമായത് ചെയ്യണമെന്നും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഹരീഷിന്റെ കുടുംബാംഗങ്ങൾ ഒപ്പിട്ട് കൈമാറിയ കത്തിൽ അറിയിച്ചിട്ടുണ്ട്.

 

ഹരീഷ് പേങ്ങൻ ഫൗണ്ടേഷൻ

 

അപ്രതീക്ഷിതമായി ഹരീഷിന്റെ കുടുംബത്തിന് അവന്റെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കേണ്ടിവന്ന സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ഭാവിയിൽ ഇത്തരം സാഹചര്യം നേരിടുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന വലിയ ലക്ഷ്യത്തോടെ ഹരീഷിന്റെ ഓർമ്മയ്ക്കായി ഹരീഷിന്റെ മാതാവായ ശാരദാമ്മ ചീഫ് പേറ്റ്രണായും, ഹരീഷിന്റെ ഭാര്യ ബിന്ദു കെ. പിള്ള പേറ്റ്രണായും "ഹരീഷ് പേങ്ങൻ ഫൗണ്ടേഷൻ" എന്ന ഒരു റജിസ്റ്റേഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുവാൻ ഹരീഷിന്റെ സുഹൃത്തുക്കളും കുടുംബവും ചേർന്നാലോചിച്ച് തീരുമാനമെടുത്തിട്ടുണ്ട്. പത്ര-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ ദേശഭേദമന്യേ ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലെ അക്കൗണ്ടിൽ (SB A/c No: 338202120002191) ചികിത്സാസഹായമായി ലഭിച്ച തുകയിൽ  ശേഷിക്കുന്ന 5,04,810 രൂപ ഹരീഷ് പേങ്ങൻ ഫൗണ്ടേഷനിലൂടെ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിർധന രോഗികളുടെ ചികിത്സാ സഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഫൗണ്ടേഷനെ ഏൽപ്പിക്കുവാൻ ഹരീഷിന്റെ കുടുംബം തീരുമാനമെടുത്തു. ആ തുക ഹരീഷിന്റെ സഹോദരി ശ്രീജ, ഫൗണ്ടേഷന്റെ ചീഫ് പേറ്റ്രണായ ശാരദാമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക്, അവരുടെ സമ്മതപ്രകാരം ട്രാൻസ്ഫർ ചെയ്ത വിവരവും പൊതുജന സമക്ഷം അറിയിക്കുന്നതിനായി കുടുംബം ഫണ്ട് ട്രാൻസ്ഫർ ചെയ്ത രേഖ പത്രസമ്മേളനത്തിൽ പ്രസിദ്ധീകരിച്ചു

 

നൂറ് ശത്മാനം സുതാര്യമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഹരീഷ് പേങ്ങൻ ഫൗണ്ടേഷനെക്കുറിച്ചും, ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും, ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റിന്റെ ഡീറ്റെയിൽസിനെ കുറിച്ചും വൈകാതെ പത്രസമ്മേളനത്തിലൂടെ ഫൗണ്ടേഷൻ ഭാരവാഹികൾ തന്നെ പൊതു സമൂഹത്തെ അറിയിക്കുന്നതായിരിക്കും എന്നും കുടുംബം അറിയിച്ചു. അടിയന്തരഘട്ടത്തിൽ ചലച്ചിത്ര മേഖലയിൽനിന്ന് ആരും ഹരീഷിനെ സഹായിച്ചില്ല, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ഹരീഷ് മരണപ്പെട്ടു എന്ന നിലയ്ക്കുള്ള ചില പ്രചരണത്തിനും ഹരീഷിന്റെ കുടുംബം പത്രസമ്മേളന വേളയിൽ വിശദീകരണം നൽകി.

 

പണമില്ലാത്തതിന്റെ പേരിൽ ഹരീഷിന് ഒരു ഘട്ടത്തിലും ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നിട്ടില്ല. ലഭ്യമാക്കാൻ കഴിയുന്ന ഏറ്റവും മികച്ച ചികിത്സ ഹരീഷിന് അമൃത ആശുപത്രിയിൽ നിന്ന് ലഭിച്ചു എന്ന് തന്നെയാണ് കുടുംബത്തിന്റെ പൂർണ വിശ്വാസം. ഹരീഷിന്റെ സുഹൃത്തും നാട്ടുകാരനുമായ ഡോ: അഖിലേഷ് കെ (പൾമനോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ) ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തിൽ ഒരു പ്രധാനിയായിരുന്നു. സ്വന്തം കുടുംബാംഗത്തിലെ ഒരംഗത്തെപോലെയാണ് ഡോ: അഖിലേഷ് ഹരീഷിനോടൊപ്പം നിന്നിരുന്നതും, ഓരോ ഘട്ടത്തിലും വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നതും. അദ്ദേഹതോടൊപ്പം ഡോ: എസ്. സുധീന്ദ്രൻ, ഡോ: ഷൈൻ സദാശിവൻ തുടങ്ങി നിരവധി  വിദഗ്ധഡോക്ടർമാരുടെ ഒരു സംഘം ഹരീഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി അപ്രതീക്ഷിതമായി ഹരീഷിന് വന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം ശസ്ത്രക്രിയ നീണ്ടുപോയി, അഥവാ നടത്താനായില്ല എന്നതാണ് വാസ്തവം.

 

പൊതുസമൂഹത്തോടൊപ്പം ചലച്ചിത്ര മേഖലയിലുള്ള പല പ്രമുഖരും ഹരീഷിന്റെ ചികിത്സയ്ക്കായി ധനസഹായം ചെയ്തിരുന്നു. കൂടാതെ, നിരവധിപേർ  സാമ്പത്തികസഹായം നേരിട്ട് വാഗ്ദാനം ചെയ്തിരുന്നു. ശസ്ത്രക്രിയ തീയതി നിശ്ചയിച്ചു കഴിയുമ്പോൾ അറിയിക്കാനായിരുന്നു അവർ പറഞ്ഞിരുന്നത്. ഹരീഷിന്റെ സഹോദരിയുടെ പേരിൽ മേയ്ക്കാട് സഹകരണ ബാങ്കിൽ നിന്നും ഒരു ലോണും ഹരീഷ് മരണപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് സാങ്ഷൻ ചെയ്തു കിട്ടിയിരുന്നു.

 

ഹരീഷിന്റെ മരണാനന്തരം പല പ്രമുഖ നടി നടന്മാരടക്കം ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്കാരിക മേഖലയിലെയും പല പ്രമുഖരും നേരിട്ട് വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. നേരിട്ട് എത്താൻ പറ്റാത്ത പലരും ഫോണിലൂടെ വിളിച്ച് അവരുടെ അനുശോചനവും രേഖപ്പെടുത്തിയിരുന്നു എന്നും കുടുംബം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ ഹരീഷനായി നിസ്വാർത്ഥമായി കൂടെ നിന്ന എല്ലാവരോടും ഹരീഷിന്റെ കുടുംബത്തിന്റെ നന്ദിയും കടപ്പാടും പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com