ADVERTISEMENT

ഫാദേഴ്സ് ഡേയിൽ അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി മേനകയും മകൾ കീർത്തി സുരേഷും. ‘ഒരു മൊട്ട് വിരിഞ്ഞപ്പോൾ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് അച്ഛനോടൊപ്പമെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മേനക അച്ഛന് ആശംസകൾ പങ്കുവച്ചത്. ആ ചിത്രം എടുത്ത് അധികം താമസിക്കുന്നതിന് മുൻപ് തനിക്ക് അച്ഛനെ നഷ്ടപ്പെട്ടുവെന്നും മേനക പറയുന്നു.  ഭക്ഷണപ്രിയനായ അച്ഛനെ എപ്പോഴും ഓർക്കാറുണ്ടെന്നും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ വേണ്ടി അച്ഛനെ ഒരിക്കൽക്കൂടി തിരിച്ചുകിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടെന്നും മേനക കുറിച്ചു.    

 

‘ഫാദേഴ്സ് ഡേ ആശംസകൾ അപ്പാ.  എന്റെ ഒരു സഹപ്രവർത്തകനിൽ നിന്നാണ് എനിക്ക് ഈ ചിത്രം ലഭിച്ചത്. എനിക്ക് ഏറെ വിലപ്പെട്ട ഒന്ന്. ‘ഒരു മൊട്ട് വിരിഞ്ഞപ്പോൾ’ എന്ന സിനിമയുടെ സെറ്റിൽ വച്ച് 1982 ജനുവരിയിൽ എടുത്ത ചിത്രമാണിത്. അതേ വർഷം സെപ്റ്റംബർ 19ന് രാത്രി 7.30 ന് എനിക്ക് എന്റെ അപ്പയെ നഷ്ടപ്പെട്ടു. അന്ന് എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹോദരന്മാർക്ക് യഥാക്രമം 16, 10, 8 വയസ്സായിരുന്നു.  ഞാൻ സിനിമയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ‘ഞാൻ നിന്നോടൊപ്പമുണ്ട്’, പക്ഷേ അത് പറഞ്ഞ് 3 വർഷത്തിനുള്ളിൽ അപ്പ  ഞങ്ങളെ എല്ലാവരെയും വിട്ടുപോയി. 

 

അപ്പയ്ക്ക് ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു. തികച്ചും ഒരു ഭക്ഷണപ്രിയൻ. ഞാൻ പുതിയ വിഭവങ്ങൾ തയാറാക്കുമ്പോൾ ഇപ്പോഴും അപ്പയെ ഓർക്കും. അദ്ദേഹത്തിന് എല്ലാത്തരം ഭക്ഷണങ്ങളും ഉണ്ടാക്കികൊടുക്കാനും അത് ആസ്വദിക്കുന്നത് കാണാനും ഒരു മണിക്കൂറെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.  നമ്മുടെ ജീവിതത്തിൽ ഒരു റിവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.’’ മേനക കുറിച്ചു.

 

മേനകയുയും സുരേഷ്കുമാറിന്റെയും മകളും നടിയുമായ കീർത്തി സുരേഷും ഫാദേഴ്സ് ഡേ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. അച്ഛന്‍ തന്നെ മടിയിൽ വച്ച് ആദ്യമായി ചോറ് നല്‍കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കീർത്തി ആശംസകൾ നേർന്നത് .

 

‘‘ഇതുപോലെ ഒന്നുകൂടി അച്ഛന്റെ മടിയിലിരുന്ന് ഈ ചിത്രങ്ങൾ പുനഃസൃഷ്‌ടിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ എന്നെ ചുമക്കുന്നതിനെക്കുറിച്ച് എന്റെ അച്ഛന്‍ ആലോചിക്കുക പോലുമില്ല എന്ന് തോന്നുന്നു. ഫാദേഴ്സ് ഡേ ആശംസകൾ അച്ഛാ.’’ കീർത്തി സുരേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.

 

English Summary: Menaka Suresh has penned a heartfelt birthday note for her dad on the occasion of Father's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com