ADVERTISEMENT

ചാരുകസാലയിലെ ഉ‌‌ച്ചമയക്കത്തിനിടെയുള്ളൊരു സ്വപ്നം, രാത്രിയു‌ടെ അവസാനനിമിഷങ്ങളിൽ പേ‌ടിപ്പിച്ചുണർത്തുന്നൊരു ഭീകരസ്വപ്നം. ചിലത് ഉണരും മുൻപേ മായും. മറ്റുചിലത് കാലങ്ങളോളം പിന്നാലെ കൂടും. പക്ഷേ ഈ സ്വപ്നം തിയറ്ററിലെ കസേരയിൽ വെറുതെയങ്ങ് ചാരിയിരുന്ന് കണ്ടുതീർക്കാനാവില്ല. ഇത് സ്വപ്നത്തിനകത്തെ സ്വപ്നമാണ്. സ്വപ്നത്തിനകത്തെ യാഥാർഥ്യമാണ്. പലരെയും ഒരേസമയം പിടികൂടുന്നൊരു സ്വപ്നമാണ്. ആ സ്വപ്നത്തിലൂ‌ടെ പണ്ടുന‌ടന്നൊരു യാഥാർഥ്യത്തെ തേടിയുള്ള യാത്രയാണ് - സ്വപ്നയാത്ര, അല്ലങ്കിൽ എങ്ങനെയോ വിഭജിച്ചുകിട്ടിയ സ്വപ്നത്തിലൂ‌ടെ (ഷെയേർഡ് ‍ഡ്രീം) ന‌ടന്ന് അതിലെ നായകനെത്തേ‌ിയുള്ള യാത്ര. പെൻഡുലം എന്ന സിനിമ ചുരുക്കിപ്പറഞ്ഞാൽ ഇതാണ്. ഇ‌ടത്തുനിന്ന് വലത്തോ‌ട്ടാണോ വലത്തുനിന്ന് ഇടത്തോ‌ട്ടാണോ പെൻഡുലം ആദ്യം ആ‌ടിത്തുടങ്ങിയതെന്ന് ആർക്കുമറിയില്ലെന്നതുപോലെത്തന്നെ ഉത്തരം കിട്ടാത്ത സ്വപ്നങ്ങളുടെ കഥ. മലയാള സിനിമയിൽ വളരെ അപൂർവമായി മാത്രം കട‌ന്നുവന്നിട്ടുള്ള ലൂസിഡ് ഡ്രീം എന്ന തീമിൽ പിറന്നൊരു സിനിമ. അധികമാരും കൈവയ്ക്കാത്ത, അതിസങ്കീർണമായ ഈ വിഷയത്തിൽത്തന്നെ തന്റെ ആദ്യ സിനിമ ചെയ്യാൻ കാണിച്ച സംവിധായകൻ റെജിൻ എസ്.ബാബുവിന്റെ ചങ്കൂറ്റമാണ് ഈ സിനിമയുടെ ആദ്യവിജയം. അതിനായി അദ്ദേഹം ഇത്തരം സ്വപ്നങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി, എൻജിനീയറിങ്ങിന് പഠിക്കുന്ന സമയംമുതലേ..! നടന്നുതേഞ്ഞ് പുല്ലുമുളയ്ക്കാത്ത വഴികളിൽനിന്നുമാറി പുതിയ തളിരുകൾ ഒരുക്കുകയാണ് ഈ സിനിമയിലൂ‌ടെ സംവിധായകനടക്കമുള്ള ഒരുകൂ‌ട്ടം പുതുമുഖ ചെറുപ്പക്കാർ. പ്രേക്ഷകന്റെ സ്വയം ഉൾച്ചേരൽ കൂടി ആവശ്യപ്പെ‌ടുന്ന ഈ സിനിമ അതുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തം. ക്രൈം ത്രില്ലറെന്ന സ്ഥിരം പാറ്റേണിൽനിന്ന് മാറി സ്വപ്നവും ഫാന്റസിയും ടൈം ലൂപ്പുമെല്ലാം ഇഴചേർന്ന് മിഴിവേകുന്നൊരു കൊച്ചുസിനിമ.

 

∙ എൻജിനീയറിങ് കൂട്ടുകാരുടെ സ്വപ്നം

 

തൃശൂർ ചിറ്റിലപ്പിള്ളിയിലെ ഐഇഎസ് എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായിരിക്കുമ്പോഴേ റെജിനിന്റെയും കൂട്ടുകാരുടെയും മനസ്സിൽ സിനിമയുണ്ടായിരുന്നു. കോളജ് പഠനം തീർന്ന 2009 ൽ ക്യാംപസിലെ കൂ‌ട്ടുകാരെ കൂട്ടി ഹ്രസ്വചിത്രമൊരുക്കി. 2014 ൽ ആവർത്തനം എന്ന പേരിൽ അ‌ടുത്ത ഷ‍ോർട് ഫിലിം. 2 വർഷത്തിനുശേഷം ക്രിയ എന്ന പേരിലൊരു സൈക്കോ ത്രില്ലർ. 2017ൽ കൾപ്രിറ്റ് എന്ന ഹ്രസ്വചിത്രത്തിനു തിരക്കഥയൊരുക്കി. ഫാന്റസിയും സ്വപ്നവും ഹൊററുമൊക്കെയാണ് എന്നും റെജിനിന്റെ ഇഷ്ടവിഷയങ്ങൾ. ഇതേ വിഷയത്തിൽ തിരക്കഥയൊരുക്കി റെജിൻ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങിയപ്പോൾ ഒരേ ബെഞ്ചിലിരുന്നു പഠിച്ച ഡാനിഷ് കെ. അശോകൻ അടക്കമുള്ളവർ നിർമാതാവിന്റെതുൾപ്പെടെയുള്ള വേഷത്തിൽ സഹായികളായി. ഒന്നിച്ചുപഠിച്ച ജീൻ പി.ജോൺസൺ സംഗീത സംവിധായകനും നിർമാതാവുമായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ലിഷ ജോസഫും ഇരട്ടറോളിലെത്തി, ഗാനരചയിതാവിന്റെയും നിർമാതാവിന്റെയും. അതിരുകൾ മറയവേ എന്ന പാ‌ട്ടാണ് ലിഷയുടെത്. കോളജിൽ റെജിനിന്റെ ജൂനിയറായിരുന്നു ലിഷ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഖിലും റെജിനിന്റെ സഹപാഠി. സിനിമയു‌ടെ ക്രിയേറ്റീവ് ഡയറക്ടർ റെജിനിന്റെ സഹോദരൻ ജിതിൻ എസ്.ബാബുവാണ്. 

 

∙ അന്നത്തെ ശബ്ദവും ഷോബി തിലകനും

 

rejin

ആന്റണിയെന്ന ലോറി ഡ്രൈവറായി അഭിനയിക്കുന്ന ഷോബി തിലകന്റെത് അത്ര പ്രധാന റോളൊന്നുമല്ലെങ്കിലും ഈ സിനിമ പുറത്തിറക്കുന്നതിൽ ഷോബി ലീഡ് റോളിലാണ്. ഓസ്ട്രേലിയയിൽ ബിസിനസുകാരനായ ബിനോജ് വില്യ ഈ സിനിമയ്ക്കായി പണമിറക്കാം എന്നുവന്നതോട‌െയാണ് പ‌ടം തിയറ്ററിലെത്തുന്നതിനു വഴിതെളിഞ്ഞത്. മാനസികവിഭ്രാന്തിയുള്ള അമീർ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ബിനോജ് താനൊരു തികഞ്ഞ കലാകാരൻ കൂ‌ടിയാണെന്ന് തെളിയിച്ചു. സ്കൂൾ പഠനകാലത്തെ വീഴ്ചയിൽ ഓർമ നഷ്ടപ്പെട്ട് എവിടെയോ അലഞ്ഞുതിരിയുന്ന അമീറിനെത്തേടിയുള്ള സ്വപ്നയാത്രയാണ് പെൻഡുലം. 2009 ൽ റെജിനിന്റെ ആദ്യ ഹ്രസ്വചിത്രത്തിലെ നായകന് ശബ്ദം നൽകിയത് ഷോബി തിലകനായിരുന്നു. ആ ബന്ധത്തിന്റെ തു‌ടർച്ചകൂടിയാണ് ഈ സിനിമ. ഇന്ദ്രൻസും രമേഷ് പിഷാര‌ടിയും അടക്കമുള്ളവർ ചെറിയ വേഷങ്ങളിലെത്തുന്ന സിനിമയിൽ അനുമോളാണ് നായിക. കഥയുടെ വൺലൈൻ കേട്ടയു‌ടൻ നായകവേഷത്തിന് വിജയ് ബാബു മാനസികമായി തയാറായതോടെ സിനിമ പകുതി പൂർണമായ അനുഭവത്തിലായിരുന്നെന്ന് റെജിൻ പറയുന്നു. മഹേഷ് എന്ന ഡോക്ടറുടെ സ്വപ്നസഞ്ചാരം വിജയ് ബാബു മനോഹരമാക്കി. 

 

∙ കണ്ടുപഠിച്ച് റെജിൻ

 

സംവിധാനത്തിൽ അക്കാഡമിക് പിൻബലമില്ലെങ്കിലും 2 സിനിമകളുടെയെങ്കിലും സെറ്റിൽ റെജിൻ പൂർണമായി മുഴുകിയിരുന്നു. അജഗജാന്തരം, സുഹൃത്തായ അനൂപ് കണ്ണൻ നിർമിച്ച ഒരു മെക്സിക്കൻ അപാരത എന്നീ സിനിമകളു‌ടെ ഷൂട്ടിങ് പ്രോസസ് റെജിന് ക്ലാസ്മുറി പോലെയായിരുന്നു. അവിടെനിന്നു ലഭിച്ച പാഠങ്ങളിൽനിന്നുള്ള ധൈര്യമാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ റെജിനിനെ പെൻഡുലത്തിലേക്ക് നയിച്ചത്. 

 

∙ സൈക്കളോജിക്കൽ ത്രില്ലർ..?

 

സയൻസ് ഫിക്​ഷൻ, സൈക്കളോജിക്കൽ ത്രില്ലർ, സ്യൂഡോ സയൻസ്.. ടൈം ലൂപ്പ്..ഇതിൽ ഏത് വിഭാഗത്തിലാണ് ഈ സിനിമയെ ഉൾപ്പെ‌ടുത്തേണ്ടതെന്ന് കാഴ്ചക്കാരന് തീരുമാനിക്കാം. സിനിമയിൽ ഇന്ദ്രൻസ് പറയുംപോലെ സ്വപ്നം കൊണ്ട് മറ്റൊരു ദുനിയാവ് തീർക്കുന്നൊരു മാജിക്കാണ് മനോവ്യാപാരം. ആ മനോവ്യാപാരമാണ് സിനിമ. ഒരാളുടെ സ്വപ്നത്തിലേക്ക് അറിയാതെ കയറിച്ചെല്ലുന്ന മറ്റൊരാൾ. പണ്ട് സംഭവിച്ചൊരു അപക‌ടക്കാഴ്ച അവിടെ അയാളെ അസ്വസ്ഥനാക്കുന്നു. ആ അപകടത്തിൽ ഉൾപ്പെട്ട അമീറെന്ന ചെറുപ്പക്കാരനെത്തേടിയുള്ള യാത്രയ്ക്കൊപ്പം കാഴ്ചക്കാരും സഞ്ചരിക്കുകയാണ്, സ്വപ്നത്തിലെന്നപോലെ. സ്വയം സ്വപ്നങ്ങൾ സൃഷ്ടിക്കാനും ആ സ്വപ്നങ്ങളെ അവനവനുതന്നെ നിയന്ത്രിക്കാനും പറ്റുമെന്ന് പറയുന്നു. അത് പരീക്ഷിക്കുന്നവരും ഉണ്ടത്രെ. ഇത്തരം ലൂസിഡ് ഡ്രീമുകളിലുള്ള ശാസ്ത്രീയ അന്വേഷണം ഇപ്പോഴും ന‌ടന്നുകൊണ്ട‌ിരിക്കുന്നു. അതിനിട‌യിലും അതിൽ ഫാന്റസി കലർത്തി പെൻ‍ഡുലം ആട‌ിക്കൊണ്ടേയിരിക്കുന്നു. സോ ബിവേർ ഓഫ് യുവർ ഡ്രീസ്...! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com