ADVERTISEMENT

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആദ്യമായി പൊതുവേദിയില്‍. മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്റെ ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് ബിനു അടിമാലി എത്തിയത്. അപകടം നടന്ന ദിവസം ഏറ്റവും കൂടുതൽ ഊർജസ്വലനായി നടന്ന വ്യക്തി കൊല്ലം സുധി ആയിരുന്നു എന്ന് ബിനു അടിമാലി പറയുന്നു. യാത്ര തിരിച്ചപ്പോഴും പരിപാടി കഴിഞ്ഞു മടങ്ങിയപ്പോഴും മരണത്തിലേക്ക് എന്നപോലെ കാറിന്റെ മുൻ സീറ്റിലേക്ക് ഓടിക്കയറുകയായിരുന്നു കൊല്ലം സുധിയെന്നും  രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സുധി കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഉറങ്ങാൻ പോലും കഴിയാറില്ലെന്നും ബിനു അടിമാലി പറഞ്ഞു.

 

‘‘പത്തുപതിനഞ്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഒന്ന് ചിരിക്കുന്നത്. കാരണം ഞാൻ എത്തിയിരിക്കുന്നത് എന്റെ 'മാ' സംഘടനയുടെ പരിപാടിക്കാണ്.  ഇതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും, അവന്റെ ഓരോ കാര്യങ്ങൾ ഓർത്ത് ഉറങ്ങാൻ പറ്റില്ല.  ഇന്ന് എന്റെ കാലിലെ സ്റ്റിച്ച് വെട്ടുന്ന ദിവസമായിരുന്നു അങ്ങനെ ആശുപത്രിയിൽ വന്നതുകൊണ്ടാണ് എനിക്ക് ഇന്നിവിടെ എത്താൻ കഴിഞ്ഞത്. ഇവിടെ വന്നു എല്ലാവരെയും കണ്ടപ്പോൾ എന്തോ ഒരു പകുതി സമാധാനം ആയി.  നമ്മുടെ സംഘടനയിൽ എത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നമ്മൾ അസുഖമായി വീട്ടിൽ കിടക്കുമ്പോഴാണ് ഇതൊക്കെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത്. എന്റെ വീടിന്റെ പാലുകാച്ചിന് പോലും ഒരു ചലച്ചിത്രതാരങ്ങളും വന്നിട്ടില്ല, പക്ഷേ ഇപ്പോൾ സുഖമില്ലാതെ കിടന്നപ്പോൾ ഒട്ടുമിക്കവരും വന്നു, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ കിടക്കുമ്പോഴാണ് ആളുകളുടെ വില നമുക്ക് മനസിലാകുന്നത്. സുധി മരിച്ചപ്പോൾ ഒത്തുകൂടിയ ആളുകളും അയാളോടുള്ള സ്നേഹവും കാണുമ്പോഴാണ് മനസ്സ് നിറയുന്നത്. കൂട്ടുകാര്‍ വരുമ്പോൾ ഞാൻ മനസ്സ് തുറന്നു ചിരിക്കാറുണ്ട്.  

 

സുധിയെപ്പറ്റി പറയുകയാണെങ്കിൽ അന്ന് അദ്ദേഹത്തിന്റെ സമയം ആയിരുന്നിരിക്കും. കാരണം ഇവിടെനിന്ന് പോകുമ്പോൾ ഇവൻ വണ്ടിയുടെ മുന്നിൽ ഇരിക്കുകയാണ്.  ഊണ് കഴിക്കാൻ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുൻ സീറ്റിൽ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ തന്നെ ഇരിക്കുവാണ്. അത്രയും ഊർജസ്വലനായ ഒരു സുധിയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവം അതാണ്.  മിനിറ്റുകൾ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്.  ഒരു കലാകാരനായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോടും എന്റെ കാരണവന്മാരോടും നന്ദി പറയുന്നു.  എന്നെ വിളിച്ച് പ്രോത്സാഹിപ്പിച്ച് ധൈര്യം തന്ന ഈ കൂട്ടായ്മയിലെ എല്ലാവരോടും നന്ദി ഉണ്ട്.’’–  ബിനു അടിമാലി പറയുന്നു.  

 

ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്.  

 

ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു.  അപകടത്തിന് ശേഷം ഇതാദ്യമാണ് ബിനു അടിമാലി പൊതുവേദിയിൽ എത്തുന്നത്. കാലിലേറ്റ പരുക്കിന്റെ തുന്നൽ മാറ്റാൻ വന്നപ്പോഴാണ് ബിനു അടിമാലിക്ക് മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ'യുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത്. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന തനിക്ക് മാ എന്ന കൂട്ടായ്മ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ബിനു അടിമാലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com