ADVERTISEMENT

ബിഗ് ബോസ് വിജയത്തിന്റെ സന്തോഷം സുഹൃത്ത് ജോജു ജോര്‍ജമായി പങ്കുവച്ച് അഖിൽ മാരാർ. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി അഖില്‍ മാരാർ ആദ്യം പോയത് ജോജുവിന്‍റെ വീട്ടിലേക്കാണ്. പുതിയ സിനിമയുടെ കാര്യം സംസാരിക്കാന്‍ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അതുകൊണ്ടാണ് പെട്ടന്നുള്ള ഈ കൂടിക്കാഴ്ചയെന്നും അഖിൽ മാരാർ പറഞ്ഞു. അഖില്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഒരു താത്വിക അവലോകന’ത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജോജു ആയിരുന്നു.

 

ജോജു ജോർജ് തനിക്ക് ഗുരു തുല്യനാണെന്നും ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അഖിൽ മാധ്യമങ്ങളോടു പറഞ്ഞു. അഖിൽ നല്ലൊരു വ്യക്തിയാണ് മറ്റുള്ളവരോടുള്ള അഖിലിന്റെ പെരുമാറ്റമാണ് അഖിലിനോട് തന്നെ അടുപ്പിച്ചതെന്നു ജോജു ജോർജ് പറഞ്ഞു. സാഗർ, ജുനൈസ് എന്നിവരെ കണ്ടു സംസാരിച്ചിരുന്നെന്നും തന്റെ അടുത്ത പടത്തിൽ സാഗറും ജുനൈസും അഖിലും ഉണ്ടെന്നും ജോജു ജോർജ് പറഞ്ഞു.

 

‘‘അഖിൽ മാരാർ അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനാണ്. അതറിയാവുന്നതുകൊണ്ടാണ് ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായത്. അവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. ഞാൻ ആദ്യമായിട്ടാണ് ബിഗ് ബോസ് കാണുന്നത്, അത് അഖിൽ പോയതുകൊണ്ടാണ് കണ്ടത്.  അഖിലിന്റെ കളിയും വിജയവും ഒക്കെ എനിക്ക് ഒരുപാടു ഇഷ്ടമായി. ഇവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യൻ എന്ന നിലയിൽ അവൻ അടിപൊളി ആണ്. അവന്റ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് കണ്ടാൽ അറിയാം. അതിനു കിട്ടിയ റിസൾട്ടാണ് ഈ വിജയം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് ബിഗ് ബോസിൽ അഖിൽ, ഷിജു അടക്കമുള്ളവർ ഒരുപാട് രസിപ്പിച്ചിട്ടുണ്ടെന്നാണ്.  ഇവന്റെ ഡയലോഗ് ഒക്കെ പിള്ളേര് മാസ്സ് ആയി പറയുന്നുണ്ട്.  അതൊക്കെ ഭയങ്കര കഴിവല്ലേ.  

 

ഇതൊരു കരിയർ ആയി അഖിൽ മാറ്റണം എന്നാണ് എന്റെ അഭിപ്രായം. ഞങ്ങൾ കുറെ നാളുകളായി പല പ്രോജക്ടുകൾ ചർച്ച ചെയ്യുന്നുണ്ട്. അഖിൽ ഒരു നല്ല നടൻ ആണ്, അഭിനയിക്കാൻ കഴിയുന്ന കലാകാരനാണ്. ഞാൻ സാഗറിനെയും ജുനൈസിനെയും കണ്ടിരുന്നു. അവരും അഖിലും എന്റെ അടുത്തൊരു സിനിമയിലുണ്ട്. ഇവൻ ബിഗ് ബോസിൽ ഓരോരുത്തരെ എടുത്തിട്ട് ഇടിക്കുന്ന കാണുമ്പോ എനിക്ക് പേടി ആകും, ദൈവമേ ഇവൻ ആളെ കൊന്നിട്ടാണോ വരാൻ പോകുന്നത് എന്ന് ചിന്തിക്കും. അവൻ വെറുതെ പറയാറില്ല ഇടിക്കുമെന്നു പറഞ്ഞാൽ ഇടിക്കും. അതാണ് ഞങ്ങൾ തമ്മിലുള്ള ഒരു കണക്‌ഷൻ. 

 

ജോഷി സാറിന്റെ ‘ആന്റണി’ ആണ് അടുത്ത പടം.  സിനിമക്ക് വേണ്ടി ഞാൻ 15 കിലോ കുറച്ചു. ജോഷി സർ പറഞ്ഞു ഇല്ലെങ്കിൽ അഭിനയിപ്പിക്കില്ല എന്ന് പിന്നെ വേറെ വഴിയിലാത്തതുകൊണ്ട് കുറച്ചാണ്.’’ –ജോജു പറയുന്നു.

 

‘‘ഞാൻ എപ്പോഴും ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് ജോജു ജോർജ്.  ഞാൻ കണ്ടതൊന്നുമല്ല സിനിമ എന്ന് മനസ്സിലാക്കി തന്ന ആളാണ് ജോജു ചേട്ടൻ.  നിങ്ങൾ ചിന്തിക്കുന്നതിനു അപ്പുറത്താണ് ഈ മനുഷ്യന്റെ ഉള്ളിലെ സിനിമ.  സിനിമയെക്കുറിച്ചുള്ള കാര്യങ്ങളിൽ അപാര അറിവാണ്. നീ നന്നായി പഠിച്ച് സിനിമ ചെയ്യണം എന്ന് എന്നോട് പറയാറുണ്ട്. അന്നും ഇന്നും ഞാൻ എന്ന മനുഷ്യനെയാണ് ഈ നല്ല മനുഷ്യൻ സ്നേഹിക്കുന്നത്. പുള്ളിയുടെ ഒരു റിഫ്ലക്‌ഷൻ ആണ് ഞാൻ എന്ന് എന്നോട് ജോജു ചേട്ടൻ പറയാറുണ്ട്.  അദ്ദേഹത്തിന്റെ ഒരു പഴയകാലം പോലെയാണ് ഞാൻ എന്നാണ് പറയാറുള്ളത്.’’ അഖിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com