ADVERTISEMENT

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയിയായ അഖിൽ മാരാർ വീട്ടിലേക്ക് വിളിച്ച് സന്തോഷം പ്രകടിപ്പിക്കുന്നൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഭാര്യയ്ക്കു വിഡിയോ കോൾ ചെയ്തായിരുന്നു മനോഹരനിമിഷത്തിലെ സന്തോഷം പരസ്പരം പങ്കിട്ടത്. അഖിലിന്റെ വീടും ആഘോഷവേദിയായി മാറി. സുഹൃത്തുക്കൾ അമ്മയ്ക്കും ബന്ധുക്കൾക്കും ലഡ്ഡു വിതരണം ചെയ്തു.  പിന്തുണച്ച നാട്ടുകാരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനായി ഫിനാലെ കാണാൻ ക്രമീകരിച്ച മറ്റൊരു വേദിയിലാണ് അമ്മയും മറ്റു ബന്ധുക്കളും ഫിനാലെ കണ്ടത്.  അഖിലിന്റെ അമ്മയ്ക്ക് തൊഴിലുറപ്പ് ജോലിയാണ്. അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മിയും മക്കളും അഖിലിന്റെ വിജയത്തിൽ സന്തോഷവും നന്ദിയും പങ്കുവച്ചു.  

 

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് വിജയിയായി അഖിൽ മാരാരുടെ കൈ മോഹൻലാൽ പിടിച്ചുയർത്തിയപ്പോൾ അഖിലിന്റെ അമ്മയും മുത്തശ്ശിയും മറ്റു ബന്ധുക്കളും ആനന്ദക്കണ്ണീർ പൊഴിച്ചു.  അഖിലിനെ അകമഴിഞ്ഞു പിന്തുണച്ച നാട്ടുകാരോടൊപ്പം സന്തോഷം പങ്കുവയ്ക്കാൻ വേണ്ടിയാണ് നാട്ടുകാർ ക്രമീകരിച്ച സ്ഥലത്തെത്തി ഗ്രാൻഡ് ഫിനാലെ കണ്ടതെന്ന് അമ്മ പറഞ്ഞു.  ‘‘എനിക്ക് വാക്കുകളില്ല, സന്തോഷത്തിന് അതിരില്ല, മകനെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്’’ എന്നാണു അമ്മ പ്രതികരിച്ചത്.  ഇനി ഈ നാട് അഖിൽ മാരാരുടെ നാടായി അറിയപ്പെടുമല്ലേ എന്നൊരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതെ എന്ന് അമ്മ പറഞ്ഞു. അഖിൽ മാരാരുടെ മുത്തശ്ശിയും സന്തോഷം പങ്കുവച്ചു.  

 

ജോജു ജോർജുമായിട്ടാണ് സിനിമയിൽ അഖിലിന് ഏറ്റവും വലിയ സൗഹൃദം എന്ന് അഖിലിന്റെ അമ്മ പറയുന്നു.  ‘‘ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ ജോജു ജോർജ് വളരെയധികം സഹായിച്ചിട്ടുണ്ട്.  സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ഷോയിൽ പങ്കെടുത്തത്.  ഷോയിൽ ആദ്യത്തെ ആഴ്ച ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് അവന്റെ ഗെയിം കണ്ടുകണ്ടു അവനെ ഇഷ്ടപ്പെട്ടു.  പണം ലക്ഷ്യമാക്കി പോയതല്ല ഏതു പരിപാടിയിൽ പങ്കെടുത്തലും വിജയിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. അവൻ മാങ്ങാ കച്ചവടം ചെയ്തിട്ടുണ്ട്, ജ്യൂസ് കട നടത്തിയിരുന്നു. ഞാൻ തൊഴിലുറപ്പിന് പോകുന്ന ആളാണ്, എന്നെ തൊഴിലുറപ്പിനു കൊണ്ട് വിടാറുണ്ട് അവൻ.  ഞാൻ ഇനിയും തൊഴിലുറപ്പ് ജോലി വിടില്ല.  അവനു ഒരു ജ്യേഷ്ഠനെപ്പോലെ ആണ് ഷിജു. അവന് ഷോയില്‍ ദേഷ്യം കുറക്കാൻ കാരണമായത് ഷിജു ആണ്.  ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്ന് ഷിജുവിന് സത്യം ചെയ്തു കൊടുത്തിരുന്നു.’’ അഖിലിന്റെ അമ്മ പറയുന്നു.  

 

അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മിയും കുട്ടികളും ലക്ഷ്മിയുടെ വീട്ടിലിരുന്നാല് ഗ്രാൻഡ് ഫിനാലെ കണ്ടത്.  നിരവധി ബന്ധുക്കളും സുഹൃത്തുക്കളുമായി വീട് നിറയെ ആളുകളായിരുന്നു.  വിജയ പ്രഖ്യാപനം വന്നപ്പോൾ ലക്ഷ്മിയും മക്കളും കൂവി വിളിച്ച് വിജയാഹ്ളാദം പങ്കുവച്ചു

 

‘‘പിന്തുണച്ച എല്ലാവർക്കും നന്ദി.  എല്ലാവരോടും നന്ദി അറിയിക്കാൻ അണ്ണൻ പറഞ്ഞിട്ടുണ്ട്.  വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.  എനിക്ക് തോന്നുന്നത് എന്നേക്കാൾ സന്തോഷം നിങ്ങൾക്ക് തന്നെ ആയിരിക്കും എന്നാണ്.’’ ലക്ഷ്മി പറഞ്ഞു.    

 

ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, അവനെ ഇത്രയും പിന്തുണച്ച എല്ലാ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ലക്ഷ്മിയുടെ അച്ഛനും ‘‘വളരെയധികം സന്തോഷമുണ്ട്, പറയാൻ വാക്കുകൾ കിട്ടുന്നില്ല, വോട്ട് ചെയ്തു വിജയിപ്പിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നു’’ എന്ന് ലക്ഷ്മിയുടെ അമ്മയും പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com