നാട്ടിലെ സ്വീകരണച്ചടങ്ങുകൾക്കിടെ പുതിയ സിനിമ പ്രഖ്യാപിച്ച് അഖിൽ മാരാർ
Mail This Article
പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകനും ബിഗ് ബോസ് സീസൺ ഫൈവ് വിജയിയുമായ അഖിൽ മാരാർ. കോട്ടാത്തല എന്ന സ്ഥലത്ത് നടന്ന ചില രസകരമായ സംഭവങ്ങൾ ഉൾക്കൊള്ളുന്ന കഥയാണ്. ‘ഓമന’ എന്നാണ് സിനിമയുടെ പേര്. ബിഗ് ബോസിലെ സഹ മത്സരാർഥിയായിരുന്ന ഷിജുവും അഖിലും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ജോജു ജോർജ് അഭിനയിക്കുന്ന അടുത്ത സിനിമയിൽ ഒരു ഭാഗമാകാൻ സാധ്യതയുണ്ടെന്നും ഇപ്പോൾ എല്ലാവരും തരുന്ന പിന്തുണ തുടർന്നും ഉണ്ടാകണമെന്നും അഖിൽ പറഞ്ഞു. സ്വന്തം നാടായ കൊട്ടാരക്കരയിൽ നടന്ന സ്വീകരണച്ചടങ്ങിലാണ് അഖിൽ അടുത്തതായി ചെയ്യാൻ പോകുന്ന സിനിമയുടെ പേര് വെളിപ്പെടുത്തിയത്. ജോജു ജോര്‍ജിന്റെ ആഡംബര വണ്ടിയിലാണ് അഖിൽ സ്വന്തം നാട്ടിലേക്കെത്തിയത്.
‘‘ഞാൻ ഉടൻ തന്നെ ഒരു പടം സംവിധാനം ചെയ്യാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിന്റെ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ്. ആ പ്രോജക്ടിന്റെ പേര് 'ഓമന' എന്നാണ്. കോട്ടാത്തലയുമായി ബന്ധപ്പെട്ടു നടന്ന രസകരമായ അനുഭവങ്ങൾ അതിൽ ഉണ്ടാകും. ഭയങ്കര രസകരമായ ഒരു കഥയാണ്. വലിയൊരു പ്രോജക്റ്റ് ആണ്. ഞാനും ഷിജുവും ചേർന്നായിരിക്കും അതിന്റെ സ്ക്രിപ്റ്റ് ചെയ്യുന്നത്. അതോടൊപ്പം തന്നെ അടുത്ത മാസം ഷൂട്ട് തുടങ്ങുന്ന ജോജു ചേട്ടന്റെ ഒരു പടമുണ്ട്. ചിലപ്പോൾ അതിലും ഭാഗമായേക്കും.
ഷിജു ചേട്ടൻ ആത്മാർഥമായ സ്നേഹമുള്ള മനുഷ്യനാണ്. അദ്ദേഹം നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഞാനും ഷിജു ചേട്ടനും ഒരുമിച്ചാണ് ഇന്ന് ജോജു ചേട്ടന്റെ വീട്ടിൽ പോയത്. നല്ല നല്ല വിശേഷങ്ങളൊക്കെ വരുന്നുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ ഒരു നായകനായിട്ട് കാണാൻ കഴിയും. ചേട്ടനെ മലയാളത്തിലെ ഒന്നുരണ്ടു വലിയ സംവിധായകർ വിളിച്ചിട്ടുണ്ട് അതിന്റെ സന്തോഷം ഞാൻ പങ്കുവച്ചെന്നേ ഉള്ളൂ. എനിക്കും തിരക്കുകൾ ഒരുപാടുണ്ട്, കുറെ പരിപാടികൾ വന്നിട്ടുണ്ട്. ഞാൻ കുറച്ചു അഹങ്കാരമൊക്കെ കാണിച്ചു നടന്നതാണ് ഇനി അതൊക്കെ മാറ്റി വയ്ക്കും. മാമ്പഴമുള്ള മാവ് കുനിഞ്ഞു നിൽക്കും എന്നല്ലേ പറയുന്നത്. കേരളം ഒരു വലിയ ബിഗ് ബോസ് ആണെന്നാണ് ഞാൻ കരുതുന്നത്. അകത്തു നടന്ന ഷോ കഴിഞ്ഞു ഇനി പുറത്തു നടക്കുന്ന എല്ലാ കാര്യങ്ങളിലും എന്നാൽ കഴിയുന്ന ഇടപെടലുകൾ ഉണ്ടാകും.’’–അഖിൽ മാരാർ പറഞ്ഞു.