ADVERTISEMENT

സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പ് വീണ്ടും തന്നെ കുത്തിനോവിക്കരുതെന്ന കുറിപ്പുമായി, അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ട് രേണു തങ്ങളുടെ പഴയ റീൽസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ സുധി മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു വീണ്ടും റീൽസ് ചെയ്തു തുടങ്ങി എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത് എന്ന് രേണു പറയുന്നു. ഈ റീൽസ് എല്ലാം സുധി ഉള്ളപ്പോൾ എടുത്തതാണെന്നും ഇതൊക്കെ ഇപ്പോൾ എടുത്തതാണെന്ന തരത്തിലുള്ള വാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും രേണുവിന്റെ കുറിപ്പിൽ പറയുന്നു.

‘‘വീണ്ടും വാർത്തകൾ കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ചെയ്യുകയാണ്’’. രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

renu-sudh

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ദുഃഖത്തിൽ നിന്ന് ഇതുവരെയും കുടുംബവും സുഹൃത്തുക്കളും മുക്തി നേടിയിട്ടില്ല. ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരുക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com