ADVERTISEMENT

തൊണ്ണൂറു വയസ്സിനും മുകളിലുള്ള മനുഷ്യരെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. അതിൽ കൂടുതൽ പേരോടും തോന്നിയിട്ടുള്ളത് സ്നേഹവും അവരുടെ അവശതകൾ കണ്ടിട്ടുള്ള സഹതാപവുമായിരുന്നു. എന്നാൽ ഒരാൾ, അയാളുടെ തൊണ്ണൂറ്റിയാറാം വയസ്സിൽ ഒരൊറ്റ കണ്ടുമുട്ടലിൽ എന്നെ അയാളുടെ ആരാധകനാക്കി മാറ്റിയിട്ടുണ്ട്. ഈ ജന്മം മുഴുവൻ ഓർക്കാനുള്ള ഒരു ദിവസം, തന്റെ സാന്നിധ്യത്തിന്റെ സൗന്ദര്യം കൊണ്ട് മാത്രം സമ്മാനിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി സർ.

 

മനോരമയിലെ സീനിയർ ലേഖകനാണ് നടൻ മോഹൻലാലും നമ്പൂതിരി സാറും തമ്മിലുള്ള ഒരു കൂടിക്കാഴ്ച പകർത്താൻ എന്നെ വിളിക്കുന്നത്. ആദ്യം കേട്ടപ്പോൾ ഒന്ന് പകച്ചെങ്കിലും ഏറെ വേണ്ടപ്പെട്ട അദ്ദേഹത്തോട് നോ പറയാനുള്ള മടി കാരണം ഞാനത് സമ്മതിച്ചു. നമ്പൂതിരി സാർ തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ ലാൽ സാറിന് വേണ്ടി വരച്ച ഒരു ഛായാചിത്രം കൈ മാറുന്ന നിമിഷം ഒന്ന് ഷൂട്ട് ചെയ്ത് തരണം എന്നതാണാവശ്യം. പകപ്പ് മാറാതെ നിന്ന എന്നോട്, ‘‘ചരിത്രം സൃഷ്ടിച്ചിട്ടുള്ള രണ്ട് പേരാണ് ഒന്നിച്ച് കാണുന്നത്. നീയിത് ചെയ്യണം’’ എന്ന് പറഞ്ഞ് ധൈര്യം തന്നത് നമ്പൂതിരി എന്ന അസാമാന്യ കലാകാരന്റെ ഓരോ സൃഷ്ടിയും ഉള്ളിൽ തൊട്ടറിഞ്ഞിട്ടുള്ള തലമുറയിൽ നിന്നുള്ളയാളും മോഹൻലാലിന്റെ ഉറ്റ സുഹൃത്തുമായ അച്ഛനാണ്.

 

akhil-sathyan

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന എന്റെ സിനിമയുടെ ക്യാമറ ചെയ്ത ശരൺ വേലായുധനും ഞാനും രണ്ട് ചെറിയ ക്യാമറകളും ഭയം ഒളിപ്പിച്ചു വച്ച ആത്മവിശ്വാസവും മാത്രം കൈമുതലായി ആ ദിവസം അന്തിക്കാട് നിന്നും പുറപ്പെട്ടു. എന്തെടുക്കണം എന്നൊരു പിടുത്തവുമില്ല. ഞാൻ ലാൽസാറിന്റെ കാറിൽ കയറി അദ്ദേഹത്തിന്റെ ചില സ്വാഭാവിക സംഭാഷണങ്ങൾ ഷൂട്ട് ചെയ്തു. ശരൺ ക്യാമറയുമായി നമ്പൂതിരി സാറിന്റെ വീട്ടിലും കാത്തു നിന്നു. പല പ്ലാനുകളുമിട്ടിരുന്നു. ഒന്നും വേണ്ടി വരില്ല എന്നറിയാതെ.

 

ചില അപൂർവ സന്ദർഭങ്ങളിൽ നമ്മൾ വന്നു പെട്ടാൽ ആകെ ചെയ്യേണ്ടത് ഒഴുക്കിനൊത്ത് നീങ്ങുക എന്നത് മാത്രമാണ്. അത് മാത്രമേ ചെയ്തുള്ളൂ. അത്യപൂർവ സിദ്ധിയുള്ള രണ്ട് കലാകാരന്മാർ എല്ലാം മറന്ന് സ്നേഹം മാത്രമുള്ള അവരുടെ ലോകത്തേക്ക് പോകുന്നു. അതിനിടയിൽ തേജസ്സുറ്റ ഒരു ഗന്ധർവന്റെ  മനോഹര ചിത്രം കൈ മാറുന്നു. പിന്നെയും കുറേ നേരം കുട്ടികളെ പോലെ എല്ലാം മറന്ന് കൈകൾ കോർത്ത് ചിരിക്കുന്നു. അൽപ നേരത്തെ സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം കെട്ടിപിടിച്ച് വിട പറയുന്നു. ഇതെല്ലാം ഫോക്കസും ഫ്രെയിമും നോക്കാതെ ഞങ്ങൾ ഒപ്പിയെടുക്കുന്നു.

 

ലാൽ സർ ഇറങ്ങിയതിന് ശേഷം ഞാൻ നമ്പൂതിരി സാറിനടുത്തത് വന്നിരുന്ന് എങ്ങനെയാണ് ഈ ‘നമ്പൂതിരി’ എന്ന പേര് വന്നതെന്ന് അദ്ദേഹത്തിനോട് ചോദിച്ചു. കുസൃതിയോടെ ചിരിച്ച് കൊണ്ട് അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി. പ്രായം തോറ്റു പോകുന്ന ഓർമ്മയും തെളിച്ചവും അതിലുപരി സ്നേഹത്തോടെയുള്ള കരുതലും ഞങ്ങൾ കണ്ടു. പണ്ടു മുതലേ എനിക്കും ഇരട്ട സഹോദരൻ അനൂപിനും നമ്പൂതിരി ചിത്രങ്ങൾ നിറഞ്ഞ രണ്ടാമൂഴവും വികെഎൻ കൃതികളും പരിചയെപ്പടുത്തുയ അച്ഛനോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. അനായാസമായി അത്ഭുതങ്ങൾ നിറഞ്ഞു കവിയുന്ന ആ വിരലുകളിൽ യാത്ര പറയുമ്പോൾ ഞാൻ തൊട്ടു. തൊട്ടടുത്ത നിമിഷം ഉള്ളിൽ നിന്നും വന്ന സ്നേഹവും സന്തോഷവും കൊണ്ട് ആ കാൽവിരലുകളിലും. ഞങ്ങൾ എല്ലാവരുടേയും മനസ്സ് നിറച്ച ‘ഗന്ധർവൻ’ എന്ന് തന്നെ പേരിട്ട ഒരു കൊച്ചു ചിത്രം ഒരാഴ്ചക്കകം ഞാൻ എഡിറ്റ് ചെയ്തെടുത്തു.

 

‘‘വൃത്തിയുള്ള പാത്രത്തിലേ ഈശ്വരൻ ഭിക്ഷ തരൂ’’ എന്ന് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ലോഹിതദാസ് അച്ഛനോട് പറഞ്ഞിട്ടുണ്ട്. കലർപ്പില്ലാത്ത, ശുദ്ധമായ ഒരു മനസ്സാണ് കലാകാരന് ഏറ്റവും വേണ്ടതെന്ന് ലോഹിയങ്കിൾ വിശ്വസിച്ചിരുന്നു. ആ ശുദ്ധിയായിരിക്കാം കാലം കടന്നെത്തുന്ന കലാ സൃഷ്ടികളുണ്ടാക്കാൻ നമ്പൂതിരിയെന്ന കലർപ്പില്ലാത്ത കലാകാരനെ സഹായിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com