‘അച്ഛനെന്നും കൂടെ വേണം’; കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ
Mail This Article
കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ രാഹുൽ. ചിത്രത്തിനൊപ്പം ‘നൗ ആൻഡ് ഫോർഎവർ’ (ഇപ്പോഴും ഇപ്പോഴും) എന്നും ടാറ്റുവിൽ കാണാം. എന്നന്നേക്കുമായി വിടപറഞ്ഞ അച്ഛൻ എന്നും കൂടെ വേണം എന്ന തോന്നലാണ് അച്ഛന്റെ മുഖം കയ്യിൽ ടാറ്റുവായി കൂടെ കൂട്ടാൻ കാരണം. കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് രാഹുൽ പച്ചകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടായിരുന്ന മകൻ. രാഹുലിനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തിരുന്നത്. രാഹുലിന് അഞ്ച് വയസ്സൊക്കെ ആയപ്പോൾ കർട്ടൻ പിടിക്കാൻ തുടങ്ങിയതാണ്. രേണു എന്ന പെൺകുട്ടി ജീവിതത്തിലേക്ക് വന്നപ്പോൾ തന്റെ മകനെയും സ്വന്തം കുഞ്ഞിനെപ്പോലെയാണ് സ്നേഹിക്കുന്നതെന്ന് സുധി പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിൽ ഒന്നര വയസ്സുള്ള ഒരു മകൻ കൂടി ഉണ്ട് സുധിക്ക്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുധിയുടെ വേർപാടിൽ നിന്നും കര കയറാൻ സുധിയുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമായിട്ടില്ല. എല്ലാ പിന്തുണയുമായി സുധിയുടെ സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ട്.
ജൂൺ അഞ്ചാം തീയതിയാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.