ADVERTISEMENT

21ന് ഓപ്പൻഹൈമർ സിനിമ വരികയാണ്. ലോകം മുഴുവൻ ഉറ്റു നോക്കിയിരിക്കുന്ന സിനിമ. ക്രിസ്റ്റഫർ നോളന്റെ പുതിയ സൃഷ്ടി. ജപ്പാനിലേക്ക് സിനിമയുംകൊണ്ട് വരണ്ട എന്ന് നിരോധനാജ്ഞ വന്നുകഴിഞ്ഞു. ഒരുപക്ഷേ, ലോക സിനിമയിൽ ഇന്നും ഇനിവരും നാളുകളിലും ചർച്ചയാവാനിരിക്കുന്ന ഏറ്റവും വലിയ സിനിമയായി ഈ ചിത്രം മാറുകയാണ്.

 

∙ ‘ദിവി സൂര്യ സഹസ്രസ്യ...’ ഓപ്പൻഹൈമർ വരുന്നു

 

ആറ്റംബോബിന്റെ പിതാവ്. ഒരു ബോംബുകൊണ്ട് ലോകത്തിന്റെ തലവര മാറ്റിവരച്ച മനുഷ്യനാണ് ഓപ്പൻഹൈമർ. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആ ആറ്റംബോബുകളുടെ സൃഷ്ടാവായ ഓപ്പൻഹൈമറിന്റെ കഥയാണ് നോളൻ ഇത്തവണ പറയുന്നത്. 2005ൽ പുറത്തിറങ്ങിയ ‘അമേരിക്കൻ പ്രൊമിത്യൂസ്:ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ.റോബട്ട് ഓപ്പൻഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേയ് ബേർഡും മാർടിൻ.ജെ.ഷെർവിനുമെഴുതിയ പുസ്തകത്തിന് 2006ൽ പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു. വെള്ളിത്തിരയ്ക്കുവേണ്ടി ഓപ്പൻഹൈമറുടെ ജീവിതം തിരക്കഥയാക്കി മാറ്റിയെഴുതിയിരിക്കുന്നത് നോളൻ തന്നെയാണ്.

Oppenheimer-nolan-set

 

nolan-set

∙ ആ ജീവിതം ശരിയോ തെറ്റോ?

nolan-set

 

മാൻഹട്ടൻ പ്രൊജക്റ്റിന്റെ തലവനും കോഓർഡിനേറ്ററുമായിരുന്നു ഓപ്പൻ ഹൈമർ. ശാസ്ത്രവും യുദ്ധോപകരണങ്ങളും തമ്മിൽ സന്ധിച്ചത് ആറ്റംബോബിന്റെ കണ്ടുപിടിത്തത്തോടെയാണെന്നാണ് ലോകം വിശ്വസിക്കുന്നത്. ആറ്റംബോബിന്റെ നിർമിതിയിലേക്കു നയിച്ച ശാസ്ത്രജ്ഞനെന്ന നിലയിൽ ഓപ്പൻഹൈമർ പിൽക്കാലത്ത് നേരിടേണ്ടിവന്നത് വലിയ ആശങ്കകളെയാണ്. ജപ്പാനിലെ പല തലമുറകളെ പല തരത്തിൽ കുരുതി കൊടുത്ത ഹിരോഷിമ–നാഗസാക്കി സംഭവങ്ങൾ‍ ഇന്നും ഞെട്ടലോടെ മാത്രമാണ് ലോകം കാണുന്നത്.

 

nolan-3

1945 ജൂലൈ 16ന് ആറ്റംബോബിന്റെ പരീക്ഷണസ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ് കണ്ടശേഷം അദ്ദേഹം ആ അനുഭവത്തെ വിവരിച്ചത് ഭഗവത് ഗീതയിലെ ‘ദിവി സൂര്യസഹസ്രസ്യ ’ എന്നു തുടങ്ങുന്ന ചില വരികൾ ഉദ്ധരിച്ചാണ്... ആയിരം സൂര്യൻമാർ ഒരുമിച്ചു കത്തുന്നതുപോലെയായിരുന്നുവത്രേ ആ അനുഭവം. ലോകത്തെ നശിപ്പിക്കാൻ കരുത്തുള്ള മരണമായി താൻ മാറുന്നുവെന്ന തിരിച്ചറിവായിരുന്നു ഓപ്പൻഹൈമറിനുണ്ടായത്. അമേരിക്കക്ക് ഓപ്പൻഹൈമർ നായകനായി മാറിയെങ്കിൽ യുദ്ധവെറിക്കെതിരെ പോരാടുന്ന മറ്റെല്ലാ രാജ്യങ്ങളും ആ നായകനെ പ്രതിനായകനായാണ് കണ്ടത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഓപ്പൻഹൈമറിനുശേഷമാണ് യുദ്ധമേഖലയിൽ ആണവശക്തി ചർച്ചകളിൽ പ്രധാനസംഗതിയായി മാറിയത്.

 

ഓപ്പൻഹൈമറിന്റെ ജീവിതം സിനിമയായി മാറുമ്പോൾ, ആ ജീവിതം നോളനെപ്പോലൊരു മികച്ച സാങ്കേതിക വിദഗ്ധൻ സിനിമയാക്കി മാറ്റുമ്പോൾ ലോകം ചർച്ച ചെയ്യുന്ന കാര്യവുമിതാണ്. പഴയകാലത്തെ വില്ലന്റെ പുതിയകാലത്ത് നായകനാക്കി മാറ്റുമോ? ഓപ്പന്ഹൈമറെന്ന വ്യക്തിയെയാണോ വെള്ളിത്തിരയിൽ കാണാൻ കഴിയുക?

 

Oppenheimer-nolan-print

∙ നോളൻ ഒരുക്കുന്ന ഏറ്റുമുട്ടുൽ സാങ്കേതികവിദ്യയും കലയും തമ്മിലോ?

 

Oppenheimer-nolan

ക്രിസ്റ്റഫർ നോളനാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവുംമികച്ച സംവിധായകനെന്ന് വിശ്വസിക്കുന്നവരാണ് കോടിക്കണക്കിന് സിനിമാപ്രേമികൾ. നോളന്റെ ഓപ്പൻഹൈമറിന് സാങ്കേതികപരമായി അനേകം പ്രത്യേകതകളുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചാൽ മാത്രമേ മികച്ച സിനിമയുണ്ടാവൂ എന്ന തെറ്റിദ്ധാരണ ലോകമെങ്ങുമുള്ള സിനിമാസാങ്കേതികവിദഗ്ധർക്കുണ്ട്. ഒരു മൊബൈൽ ഫോൺ കൊണ്ടുപോലും സിനിമയെടുക്കാവുന്ന കാലമാണ്. എന്നാൽ കോടികൾ ചെലവഴിച്ച് സിജിഐയും ഗ്രാഫിക്സും കുത്തിനിറച്ചാലേ മികച്ച സിനിമയുണ്ടാവൂ എന്ന് സാങ്കേതികവിദഗ്ധർ തന്നെ  ഇങ്ങു മലയാളസിനിമയിൽ പോലും പറ‍ഞ്ഞുപരത്തുന്നുണ്ട്. ഇതിനിടയിലാണ് ക്രിസ്റ്റഫർ നോളൻ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഓപ്പൻഹൈമർ സിനിമയിൽ സിജിഐ ഉപയോഗിച്ചിട്ടേയില്ലത്രേ !

 

നോളൻ പറഞ്ഞതു ശരിയാണെങ്കിൽ അതെത്രമാത്രം അവിശ്വസനീയമായ കാര്യമാണെന്ന് തീയറ്ററുകളിൽ ബിഗ് സ്ക്രീനിൽ ഈ ചിത്രത്തിന്റെ ട്രെയിലറുകൾ കണ്ടവർക്കറിയാം. 

 

∙ 11 മൈൽ ദൂരം 262 കിലോ ഭാരം !

 

ഓപ്പൻഹൈമർ സിനിമ തിയറ്ററുകളിൽപോയിരുന്ന് കാണേണ്ട സിനിമയാണെന്ന് ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ അടിവരയിട്ടു പറയുന്നുണ്ട്. അത്രയേറെ ശ്രദ്ധയോടെയാണ് ചിത്രം തുയറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ ഔദ്യോഗിക വൈബ്സൈറ്റായ ഓപ്പൻഹൈമർമൂവി.കോമിൽ ഈ ചിത്രത്തിന്റെ ഏതൊക്കെ തരത്തിലുള്ള ഫോർമാറ്റുകളാണ് റിലീസിനൊരുങ്ങുന്നത് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഡിജിറ്റൽ സിനിമയേക്കാൾ മികച്ച ദൃശ്യാനുഭവം തരുന്ന ഐമാക്സ് 70 എംഎം, 35 എംഎം ഫിലിം പ്രിന്റുകൾ തയാറായിക്കഴിഞ്ഞു. ഇത് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. നിലവിൽ നമ്മുടെ നാട്ടിൽ കൊട്ടിഘോഷിക്കപ്പെടുന്ന 4കെ സിനിമകളുടെ പത്തിരട്ടിയെങ്കിലും വ്യക്തതയും വലിപ്പവമുള്ള ഫോർമാറ്റാണ് ഐമാക്സ് 70 എംഎം ഫിലിം റീലുകളിലുള്ളത്. 

 

ഐമാക്സ് 70 എംഎം, 70 എംഎം ഫിലിം, 35 എംഎം ഫിലിം, സാധാരണ ഐമാക്സ് ഫോർമാറ്റ്, ഡോൾബി സിനിമ, 4കെ ഡിജിറ്റൽ സിനിമ എന്നീ ഫോർമാറ്റുകളിലാണ് നിലവിൽ ഓപ്പൻഹൈമർ തീയറ്ററുകളുലെത്തുന്നത്. ഇതിൽ ഏറ്റവും വലിപ്പമേറിയ ഫോർമാറ്റ് ഐമാക്സ് 70 എംഎം ആണ്. 

 

ഐമാക്സ് 70 എംഎം ഫോർമാറ്റിൽ ഓപ്പൻഹൈമർ സിനിമ ലോകത്തെ 30 തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്. യുഎസ്സിൽ 19 തിയറ്ററുകൾ, കാനഡയിൽ 6 തീയറ്ററുകൾ, യുകെയിൽ 3 തീയറ്ററുകൾ, ഓസ്ട്രേലിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഓരോ തിയറ്ററുകൾ എന്നിങ്ങനെയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 

 

മൂന്നു മണിക്കൂർ 11 സെക്കൻഡാണ് ചിത്രത്തിന്റെ ദൈർഘ്യം. ഓപ്പൻഹൈമർ സിനിമയുടെ ഐമാക്സ് 70 എംഎം ഫിലിം റോളിന്റെ ആകെ നീളം 11 മൈലാണെന്ന് ഔദ്യോഗിക ട്വീറ്റുകളിൽ പറയുന്നു. 262 കിലോയാണ് ഫിലിംറോളുകളുടെ ആകെ ഭാരമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സിനിമ തീയറ്ററിൽ കാണുമ്പോൾ ഒരു ആറ്റംബോബ് നേരെ മുന്നിൽ പൊട്ടിത്തെറിക്കുന്നത് കണ്ണുകൾ‍കൊണ്ട് നേരിട്ടുകാണുന്നതുപോലെ തിയറ്ററിൽ അനുഭവിച്ചറിയാം എന്ന് നോളൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

∙ കാത്തിരുന്നു കാണാം

 

ഏറെ പ്രതീക്ഷകളും വാദപ്രതിവാദങ്ങളുമായാണ് നോളന്റെ ഓപ്പൻഹൈമർ വരുന്നത്. ചിത്രം കാണികളുടെ മനസ്സിൽ ആറ്റംബോബ് പൊട്ടിക്കുമോ അതോ തിയറ്ററുകളിൽ ആറ്റംബോബുപോലെ പൊട്ടിത്തകരുമോ എന്ന്  21ന് തിയറ്ററുകളിൽ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com